ഇന്ത്യയിലേക്ക് ടെസ്‌ല വരുന്നു ₹17,000 കോടിയുമായി; പ്ലാന്റ് ഗുജറാത്തിലോ തമിഴ്നാട്ടിലോ?

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഇനി വൈകില്ല. അടുത്ത വര്‍ഷം തന്നെ ഇലക്ട്രിക് കാര്‍ ഇറക്കുമതി ആരംഭിക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഫാക്ടറി സജ്ജമാക്കുമെന്നുമാണ് സൂചനകള്‍. ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സംഗമത്തിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജാറാത്തില്‍ ഫാക്ടറി തുറക്കാനാണ് കൂടുതല്‍ സാധ്യത. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയും പരിഗണനയിലുണ്ട്. ഇലക്ട്രിക് വാഹനനിര്‍മാണത്തിന് അനുയോജ്യമായ പരിതസ്ഥിതിയുള്ള സംസ്ഥാനങ്ങളെയാണ് ടെസ്‌ല പരിഗണിക്കുന്നത്.
ബാറ്ററിയും ഇന്ത്യയില്‍
200 കോടി ഡോളറാണ് (ഏകദേശം 17,000 കോടി) ഫാക്ടറിക്കായി പ്രാരംഭഘട്ടത്തില്‍ ടെസ്‌ല ഇന്ത്യയില്‍ നിക്ഷേപിക്കുക. ഇതുകൂടാതെ രാജ്യത്ത് നിന്ന് വാഹന അനുബന്ധസാമഗ്രികള്‍ വാങ്ങുന്നതിനായി 1,500 കോടി ഡോളറും (ഏകദേശം 1.25 ലക്ഷം കോടി) മുടക്കും. കഴിഞ്ഞ വര്‍ഷം ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8,300 കോടി രൂപ) ഓട്ടോപാര്‍ട്‌സാണ് ഇന്ത്യയില്‍ നിന്ന് ടെസ്‌ല വാങ്ങിയത്.
ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ തന്നെ ബാറ്ററി നിര്‍മാണം ആരംഭിക്കാനും ടെസ്‌ലയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചനകള്‍. ഇതേ കുറിച്ചൊന്നും അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ജൂണിലാണ് ടെസ്‌ലയുടെ ചിഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയത്. 2024ല്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനും പദ്ധതിയിടുന്നുണ്ട്.
നീണ്ട ചർച്ചകൾ
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി നിരക്കുകള്‍ മൂലം ടെസ്‌ല മാറിനിനില്‍ക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഭാവിയില്‍ ഇന്ത്യയില്‍ ഫാക്ടറി തുറക്കാമെന്ന് കരാര്‍ ഒപ്പു വയ്ക്കുന്ന വൈദ്യുത വാഹന കമ്പനികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഇറക്കുമതി നികുതിയില്‍ കുറവു വരുത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ഇത് ടെസ്‌ല ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നേട്ടമാകും. നിലവില്‍ ടെസ്‌ലയുടെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇരട്ടിയിലധികം വില നല്‍കേണ്ട അവസ്ഥയാണുള്ളത്‌. ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചാല്‍ 20,000 ഡോളറിന് (ഏകദേശം 16.6 ലക്ഷം രൂപ) ടെസ്‌ല കാറുകള്‍ ലഭ്യമാക്കാനായേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ യു.എസ് കൂടാത ചൈന, ജര്‍മനി എന്നിവിടങ്ങളിലാണ് ടെസ്‌ലയ്ക്ക് ഫാക്ടറിയുള്ളത്. അഞ്ച് ലക്ഷം കാര്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള ഫാക്ടറിയാണ് ടെസ്‌ല ഇന്ത്യയില്‍ തുറക്കാനുദ്ദേശിക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it