Begin typing your search above and press return to search.
കോച്ചുകളുടെ എണ്ണം കൂട്ടും, വന്ദേ മെട്രോയും വന്ദേ സ്ലീപ്പറും വേഗത്തില്‍; പുതിയ ലക്ഷ്യവുമായി അശ്വനി വൈഷ്ണവ്
വന്ദേ ഭാരത് സ്ലീപ്പര്‍, വന്ദേ ഭാരത് മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് പകുതിയോടെ നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 2029 ഓടെ 250 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
ദീര്‍ഘ ദൂര യാത്രകള്‍ക്കാണ് വന്ദേ ഭാരത് സ്ലീപ്പര്‍ അവതരിപ്പിക്കുന്നത്. 16 കോച്ചുകളാണ് ഇതിലുണ്ടാവുക. 11 എ.സി ത്രീ ടയര്‍, നാല് എ.സി ടു ടയര്‍, ഒരു എ.സി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയായിരിക്കു കോച്ചുകള്‍. നിലവിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, തേജസ് എക്‌സ്പ്രസുകളിലേതിനേക്കാള്‍ മികച്ച സംവിധാനങ്ങളാണ് വന്ദേഭാരത് സ്ലീപ്പറില്‍ ഒരുക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാണ് പരീക്ഷണയോട്ടം നടത്തുക. എന്നാല്‍ സര്‍വീസ് നടത്തുന്നത് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലായിരിക്കും. അടുത്ത ആറ് മാസത്തേക്ക് പരീക്ഷണ ഓട്ടം തുടരും.
വന്ദേ മെട്രോയും റെഡി
വന്ദേ മെട്രോ എത്രയും വേഗം ഓടിക്കാനാണ് ശ്രമം. രണ്ട് വന്ദേ മെട്രോകളുടെ നിര്‍മാണം ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. 250 കിലോമീറ്റര്‍ ദൂരത്തിലുള്ള നഗരങ്ങളെ തമ്മില്‍ (ഇന്റര്‍സിറ്റി) ബന്ധിപ്പിച്ചുകൊണ്ടാകും വന്ദേ മെട്രോ സര്‍വീസ്. 12 കോച്ചുകളാകും ഇതിലുണ്ടാകുക. ആവശ്യമെങ്കില്‍ 16 കോച്ചുകള്‍ വരെ കൂട്ടിച്ചേര്‍ക്കാനാകും. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ രീതിയിലാകും സീറ്റുകള്‍. കൂട്ടിയിടി മൂലം യാത്രാക്കാര്‍ക്ക് പരിക്കുണ്ടാകുന്നത് ഒഴിവാക്കാനായി ഈ ട്രെയിനുകളില്‍ കവച് സംവിധാനം ഉണ്ടാകും. കൂടാതെ തീപിടിത്തം, പുക എന്നിവ കണ്ടെത്തുന്നതിനുള്ള സെന്‍സറുകളുമുണ്ട്. വീല്‍ചെയറില്‍ ഇരുന്ന് ഉപയോഗിക്കാവുന്ന ശൗചാലയവും കോച്ചുകളില്‍ ഉണ്ടായിരിക്കും.
യാത്രക്കാരുടെ എണ്ണം കൂടുന്നു
രണ്ടാം തവണയും റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ അശ്വനി വൈഷ്ണവ് ഈ വര്‍ഷം പ്രാധാന്യം കൊടുക്കുന്നത് വന്ദേ മെട്രോയ്ക്കും ട്രെയിന്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമാണ്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആദ്യ മീറ്റിംഗില്‍ റെയില്‍വേയുടെ എല്ലാ സോണുകളിലെയും ജനറല്‍മാനേജര്‍മാരുമായും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാരുമായും മന്ത്രി ഇതേ കുറിച്ച് സംസാരിച്ചതായാണ് വിവരം.
തിരക്ക് ഒഴിവാക്കാനും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുമായി കോച്ചുകള്‍ വര്‍ധിപ്പിക്കുന്നതിനാണ് റെയില്‍വേ മുന്‍ഗണന നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 2,500 സ്ലീപ്പര്‍ കോച്ചുകള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍വേയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടിയതാണ് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കാന്‍ കാരണം.
കഴിഞ്ഞ ഏപ്രിലില്‍ വെറും 21 ദിവസത്തിനുള്ളില്‍ 41.16 കോടിയിലധികം പേരാണ് റെയില്‍വേ വഴി യാത്ര ചെയ്തത്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയുമധികം പേര്‍ യാത്ര ചെയ്യുന്നത്. ഏപ്രില്‍ 20, 21 തീയതികളില്‍ മാത്രം 3.38 കോടി പേര്‍ യാത്ര ചെയ്തു. 2023ല്‍ സമാന കാലയളവില്‍ 37 കോടി പേരും കൊവിഡിനു തൊട്ടു മുമ്പുള്ള 2019ല്‍ 35 കോടി പേരുമാണ് യാത്ര ചെയ്തത്.
ക്ലോണ്‍ എക്‌സ്പ്രസുകള്‍
ജനറല്‍ ക്ലാസ് കോച്ചുകളുടെ എണ്ണവും കൂട്ടാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ കൂടുതല്‍ യാത്രക്കാരുള്ള റൂട്ടുകളില്‍ ക്ലോണ്‍ എക്‌സ്പ്രസുകള്‍ ആരംഭിക്കും. അതായത് ഏതെങ്കിലും പ്രത്യേക റൂട്ടുകളുടെ ടിക്കറ്റുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ അധിക ട്രെയിന്‍ ഓടിക്കുന്നതിനാണ് ക്ലോണ്‍ ട്രെയിന്‍ എന്നു പറയുന്നത്. വേനല്‍ക്കാലത്ത് ചില റൂട്ടുകളില്‍ ഇത്തരം ക്ലോണ്‍ ട്രെയിനുകള്‍ റെയില്‍വേ പരീക്ഷിച്ചിരുന്നു.
Next Story
Videos