മാലിന്യത്തില്‍ നിന്നും ഗ്രീന്‍ ഹൈഡ്രജന്‍; പുതു സാധ്യതകളുമായി രാജ്യത്തെ ആദ്യ പ്ലാന്റ് ഉടന്‍

ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മാലിന്യത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകള്‍ തെളിയിക്കാന്‍ ഒരങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഗ്രീന്‍ ബില്യണ്‍സ് ലിമിറ്റഡ് (TGBL) പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി കൈകോര്‍ത്തു. ജൈവവസ്തുക്കള്‍, മുനിസിപ്പല്‍ ഖരമാലിന്യം എന്നിവയില്‍ നിന്നും ഗ്രീന്‍ ഹൈഡ്രജന്‍ (GREEN HYDROGEN) വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് ഈ പങ്കാളിത്തത്തിലൂടെ സ്ഥാപിക്കും.

പ്രതിദിനം പൂനെയിലെ 350 ടണ്‍ മുനിസിപ്പല്‍ മാലിന്യം 30 വര്‍ഷത്തേക്ക് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കമ്പനി ഉപയോഗിക്കുമെന്ന് ടിജിബിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു. മാലിന്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത റഫ്യൂസ് ഡെറിവേഡ് ഫ്യൂവല്‍ പിന്നീട് പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കും. അവശിഷ്ടങ്ങള്‍ ഒപ്റ്റിക്കല്‍ സെന്‍സര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനി വേര്‍തിരിക്കും.

രാജ്യത്ത് ശുദ്ധമായ ഹൈഡ്രജന്‍ ഉതാപാദിപ്പിക്കുന്നതിനുള്ള ബദലുകള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഗുണമേന്മയുള്ള നഗര ഖരമാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായ മാലിന്യ ശേഖരണവും നിര്‍മാര്‍ജന സംവിധാനവും ആവശ്യമാണ്. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ നടപ്പാക്കുന്നതിലേക്കുള്ള ചുവടുവയ്പ്പാണ് ഇതെന്ന് കമ്പനിയുടെ ചെയര്‍മാനും സ്ഥാപകനുമായ പ്രതീക് കനകിയ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (BECIL) ഇതിന്റെ പ്രോജക്ട് മാനേജ്‌മെന്റ് സഹായങ്ങള്‍ നല്‍കും.

ബയോമാസ്, ജലം, മുനിസിപ്പല്‍ ഖരമാലിന്യം എന്നിവയില്‍ നിന്ന് ശുദ്ധവും ഹരിതവുമായ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ് ഗ്രീന്‍ ബില്യണ്‍സ് കമ്പനി നിലവില്‍ നിക്ഷേപം നടത്തുന്നത്. പൂനെയില്‍ വരാനിരിക്കുന്ന പ്ലാന്റ് അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ വേരിയേറ്റ് പൂനെ വേസ്റ്റ് ടു എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് (VPWTEPL) കൈകാര്യം ചെയ്യും.

ഇത്തരത്തില്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയുടെ ഡീകാര്‍ബണൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും മാലിന്യ നിര്‍മാര്‍ജനത്തില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഭാവിയില്‍ സമാനമായ പ്ലാന്റുകള്‍ നടപ്പിലാക്കാനും സ്ഥാപിക്കാനും കമ്പനി ഇന്ത്യയിലെ മറ്റ് സംസ്ഥാന മുനിസിപ്പാലിറ്റികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Related Articles
Next Story
Videos
Share it