ആന്ത്രോപിക് തുറന്നുവിട്ടത് സാസ് മേഖലയുടെ സംഹാരകനെയോ? എന്താണ് പുതിയ ലീഗല്‍ എ.ഐ ടൂള്‍, വലിയ ആശങ്കയ്ക്ക് പിന്നിലെന്ത്?

ഐടി മേഖല എന്തുകൊണ്ട് ഈ ടൂളിനെ ഭയപ്പെടുന്നു?
IT companies
Published on

ആന്ത്രോപിക് എന്ന എ.ഐ സ്റ്റാര്‍ട്ടപ്പ് കമ്പനി പുതിയൊരു സാങ്കേതിക വിദ്യ പുറത്തുവിട്ടതോടെ ആകെ ആശങ്കയുടെ നിഴലിലായിരിക്കുകാണ് ആഗോള ഐ.ടി മേഖല. എന്താണ് ഈ ടൂള്‍? ഇത് എങ്ങനെയാണ് ഐടി മേഖലയെ ബാധിക്കുന്നന്നത്‌?

നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന അതീവ നൂതനമായ ഒരു എ.ഐ മോഡലാണ് ആന്ത്രോപിക് അവതരിപ്പിച്ചത്. ഇത് വെറുമൊരു ചാറ്റ് ബോട്ട് മാത്രമല്ല, മറിച്ച് സങ്കീര്‍ണമായ നിയമ ജോലികള്‍ മനുഷ്യ സഹായമില്ലാതെ തന്നെ പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഒന്നാണ്.

നൂറുകണക്കിന് കരാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പരിശോധിക്കാനും, എന്‍ഡിഎ ( Non-Disclosure Agreement/NDA) പോലുള്ള രേഖകള്‍ തയ്യാറാക്കാനും ഇതിന് സാധിക്കും. ഓരോ കമ്പനിക്കും അവരുടെ പ്രത്യേക നിയമ മാനദണ്ഡങ്ങള്‍ അനുസരിച്ച് എ.ഐയെ മാറ്റിയെടുക്കാം.

ആയിരക്കണക്കിന് ഡോളര്‍ ചിലവഴിച്ച് സോഫ്റ്റ്‌വെയറുകള്‍ വഴിയോ അഭിഭാഷകര്‍ വഴിയോ ചെയ്തിരുന്ന കാര്യങ്ങള്‍ ഈ എഐ ടൂള്‍ സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ ചെയ്തുനല്‍കും.

ഐടി മേഖലയ്ക്ക് പണിയായത് എങ്ങനെ?

ഈ എ.ഐ ടൂളിന്റെ വരവിനെ 'Saaspocalypse' എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. സാസ്‌മേഖലയുടെ വിനാശകാരി എന്നതാണ് ഇതുവഴി അര്‍ത്ഥമാക്കുന്നത്. നിലവില്‍ നിയമസേവനങ്ങളും ഡാറ്റാ വിശകലനവും നല്‍കുന്ന പല പ്രമുഖ കമ്പനികളുടെയും സോഫ്റ്റ്‌വെയറുകള്‍ക്ക് ഇനി പ്രസക്തിയില്ലാതാകും. ഉപഭോക്താക്കള്‍ വലിയ തുക നല്‍കി സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിന് പകരം ആന്ത്രോപിക്കിന്റെ എഐ ഉപയോഗിക്കാന്‍ തുടങ്ങും.

മുമ്പ് ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ വലിയൊരു ടീമും മാസങ്ങളുടെ അധ്വാനവും വേണമായിരുന്നു. ഇന്ന് AI ഉപയോഗിച്ച് ആര്‍ക്കും കുറഞ്ഞ ചിലവില്‍ മികച്ച സോഫ്റ്റ്‌വെയറുകള്‍ ഉണ്ടാക്കാം. ഇത് വിപണിയില്‍ പഴയ കമ്പനികളുടെ കുത്തക തകര്‍ക്കുന്നു.

ഐടി കമ്പനികളുടെ പ്രധാന വരുമാന സ്രോതസ്സായ 'സീറ്റ് ബേസ്ഡ് പ്രൈസിംഗ്' (ഓരോ ജീവനക്കാരനും ലൈസന്‍സ് എടുക്കുന്ന രീതി) ഇല്ലാതാകും. എ.ഐ ഒറ്റയ്ക്ക് പലരുടെയും ജോലി ചെയ്യുന്നതോടെ കമ്പനികള്‍ സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകള്‍ വാങ്ങുന്നത് കുറയ്ക്കും.

ഇതിന്റെ പ്രത്യാഘാതമെന്നോണം വോള്‍ട്ടേഴ്‌സ് ക്ലൂവര്‍, റിലക്‌സ് തുടങ്ങിയ ആഗോള ഭീമന്മാരുടെ ഓഹരി വിലയില്‍ വന്‍ ഇടിവാണുണ്ടായത്. ഇത് ഇന്ത്യന്‍ ഐടി മേഖലയിലും വലിയ ഇടിവിന് കാരണമായിട്ടുണ്ട്.

എന്താണ് ഭാവി?

ഐടി കമ്പനികള്‍ തങ്ങളുടെ ബിസിനസ് രീതികള്‍ പൂര്‍ണമായും മാറ്റിമറിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എഐയെ വെറുമൊരു സഹായിയായി കാണാതെ, എ.ഐക്ക് ചുറ്റും തങ്ങളുടെ സേവനങ്ങള്‍ പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ പല കമ്പനികള്‍ക്കും ഇനി നിലനില്‍പ്പുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്തായാലും ആന്ത്രോപിക്കിന്റെ ഈ നീക്കം ഐ.ടി സേവന മേഖലയുടെ ലാഭക്ഷമതയെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാങ്കേതിക വിദ്യയിലെ ഈ വിപ്ലവം തൊഴില്‍ വിപണിയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

ചുരുക്കത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വന്നപ്പോള്‍ ടോര്‍ച്ച്, റേഡിയോ, ക്യാമറ തുടങ്ങിയവയുടെ വിപണി തകര്‍ന്നതുപോലെ, വികസിത AI ടൂളുകള്‍ വരുമ്പോള്‍ നിലവിലുള്ള സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്ക് സംഭവിക്കാനിടയുള്ള തകര്‍ച്ചയാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com