മാപ്പിനും വേണം പരസ്യത്തിന്റെ അത്രയും വലിപ്പം; പതഞ്ജലിയോട് സുപ്രീം കോടതി
മുന്‍കാലങ്ങളില്‍ പ്രസിദ്ധീകരിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ് മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തില്‍ നല്‍കിയ പരസ്യത്തിന്റെ വലിപ്പം പോരെന്ന് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പ് പറഞ്ഞുകൊണ്ടുള്ള അറിയിപ്പെന്നും സുപ്രീം കോടതി പറഞ്ഞു.
കൊവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവിനും മോഡേണ്‍ മെഡിസിനും എതിരെ പതഞ്ജലിയും അതിന്റെ സ്ഥാപകരും നടത്തിയ അപവാദ പ്രചാരണത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
ലക്ഷങ്ങള്‍ ചെലവ് വരും
മാപ്പ് പറഞ്ഞ് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ പതഞ്ജലിക്ക് സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനായി 67 പത്രങ്ങളില്‍ കമ്പനി പരസ്യവും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരസ്യത്തിന്റെ വലിപ്പത്തില്‍ കോടതി അതൃപ്തിയറിയിച്ചത്. ആദ്യം നല്‍കിയ പരസ്യത്തിന്റെ അത്രയും വലുപ്പത്തില്‍ മാപ്പ് നല്‍കിയാല്‍ കമ്പനിയ്ക്ക് ലക്ഷങ്ങള്‍ ചെലവ് വരുമെന്ന് പതഞ്ജലി ആയുര്‍വേദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു.
എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെങ്കില്‍ എന്തുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങള്‍ക്കും അത്രയും തുക ചെലവഴിച്ച് കൂടാ എന്ന് സുപ്രീം കോടതി ചേദിച്ചു. പതഞ്ജലി ആയുര്‍വേദിന്റെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും ആധുനിക വൈദ്യശാസ്ത്രത്തെ അവഹേളിക്കുന്നതുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടതി നേരത്തെ നടപടി എടുത്തിരുന്നു. സഹസ്ഥാപകന്‍ ബാബ രാംദേവിനേയും മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയേയും കോടതി ശാസിക്കുകയും ചെയ്തിരുന്നു.