ലാഭവിഹിതം വാരിക്കോരി നല്‍കി കമ്പനികള്‍, വിതരണം ചെയ്തത് 3.3 ട്രില്യണ്‍ രൂപ

മികച്ച അറ്റാദായം രേഖപ്പെടുത്തിയ ഒഎന്‍ജിസിയാണ് ഉയര്‍ന്ന ലാഭവിഹിതമായ 13,209 കോടി രൂപ വിതരണം ചെയ്തത്

2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് റെക്കോര്‍ഡ് ലാഭവിഹിതം. 3.3 ട്രില്യണ്‍ രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ ലാഭവിഹിതമായി വിതരണം ചെയ്തത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ ലാഭവിഹിതം വിതരണം ചെയ്യാന്‍ പുനരാരംഭിച്ചതും മറ്റുള്ളവയോടൊപ്പം ഐടി കമ്പനികള്‍ മികച്ച ലാഭവിഹിതം വിതരണം ചെയ്തതുമാണ് ഡിവിഡന്റ് കുത്തനെ ഉയരാന്‍ കാരണം. 2021 സാമ്പത്തിക വര്‍ഷത്തില്‍ എന്‍എസ്ഇ 500ല്‍ നിന്നുള്ള മികച്ച 400 കമ്പനികള്‍ 2.6 ട്രില്യണായിരുന്നു ലാഭവിഹിതമായി നല്‍കിയിരുന്നത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തിയ ഒഎന്‍ജിസിയാണ് ഉയര്‍ന്ന ലാഭവിഹിതമായ 13,209 കോടി രൂപ വിതരണം ചെയ്തത്. 40,306 കോടി രൂപയാണ് ഒഎന്‍ജിസി രേഖപ്പെടുത്തിയ അറ്റാദായം. രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6,336.47 കോടി രൂപയാണ് ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് നല്‍കിയത്. ബാങ്കിന്റെ റെക്കോര്‍ഡ് ലാഭവിഹിതമാണിത്.
കൂടാതെ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 12,961 കോടി രൂപ ലാഭവിഹിതമായി നല്‍കി.
റീട്ടെയ്ല്‍ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കൊപ്പം സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളിലെ ലാഭവിഹിതത്തിന്റെ പ്രധാന ഗുണഭോക്താക്കളും സര്‍ക്കാരാണ്. ഈ കമ്പനികളിലെ വരുമാനത്തില്‍ 2022 സാമ്പത്തിക വര്‍ഷം 48 ശതമാനം വര്‍ധനവാണ് നേടിയത്. 59,000 കോടി രൂപ. അതേസമയം, സിപിഎസ്ഇകള്‍, ആര്‍ബിഐ, ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള കേന്ദ്രത്തിന്റെ മൊത്തം ലാഭവിഹിതം 2022 സാമ്പത്തിക വര്‍ഷത്തില്‍ 65 ശതമാനം വര്‍ധിച്ച് 1.6 ട്രില്യണ്‍ രൂപയുമായി.


Related Articles
Next Story
Videos
Share it