വാഹന വില്‍പ്പനയിലെ ഇടിവ് റബ്ബര്‍ വിലയെ ബാധിക്കും

രാജ്യത്തെ വാഹന വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് റബ്ബര്‍ വില വീണ്ടും ഇടിയാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് ഉള്‍പ്പാദകര്‍. ടയര്‍ ഉള്‍പ്പടെ വാഹനത്തിന് ആവശ്യമായ നിരവധി ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് വ്യാപകമായി റബ്ബര്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ആകെ ഉപയോഗിക്കുന്ന റബ്ബറിന്റെ 75-80 ശതമാനവും ഓട്ടോമൊബീല്‍ വിപണിയിലാണ്.

ചൈന റബ്ബര്‍ ഇറക്കുമതി കുറച്ചതും റബ്ബര്‍ വിലയിടിവിന് കാരണമായെങ്കിലും അടുത്ത മാസത്തോടെ കൈയിലെ സ്‌റ്റോക്ക് തീര്‍ന്ന് ഇറക്കുമതി തുടങ്ങിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു റബ്ബര്‍ ഉല്‍പ്പാദകര്‍. അതോടെ വിലയിലും ഉയര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ റബ്ബറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള നിരാശപ്പെടുത്തുന്ന കണക്കുകള്‍ പ്രതീക്ഷകള്‍ തകിടം മറിക്കുമെന്ന ആശങ്കയിലാണ്.
ആര്‍എസ്എസ് 4 ഗ്രേഡ് റബ്ബറിന് 178.50 ല്‍ നിന്ന് 178 ലേക്ക് വില താഴ്ന്നു. ആര്‍എസ്എസ് 5 ന്റെ വില 177 രൂപയില്‍ നിന്ന് 176 ആയും കുറഞ്ഞിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ വിലയില്‍ കാര്യമായ ഇടിവുണ്ടായപ്പോഴും കോട്ടയം ലോക്കല്‍ മാര്‍ക്കറ്റില്‍ ഉയര്‍ന്ന വില ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. മഴയെ തുടര്‍ന്ന് ഉല്‍പ്പാദനം കുറഞ്ഞതിലൂടെ ഉണ്ടായ ലഭ്യതക്കുറവാണ് വില കൂടാന്‍ പ്രധാന കാരണമായത്. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ കേരളത്തിലും വില കുറയ്ക്കുമെന്നാണ് ആശങ്ക.
വാഹന വില്‍പ്പന 11 ശതമാനം കുറഞ്ഞു
ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡിലേഴ്‌സ് അസോസിയേഷന്റെ (FADA) കണക്കനുസരിച്ച് ഓഗസ്റ്റില്‍ ജൂലൈയേക്കാള്‍ 11 ശതമാനം കുറവ് വില്‍പ്പനയാണ് ഉണ്ടായത്. ജൂലൈയില്‍ രാജ്യത്ത് ആകെ 15.57 ലക്ഷം വാഹനങ്ങള്‍ വിറ്റു പോയപ്പോള്‍ ഓഗസ്റ്റില്‍ 13.85 ലക്ഷം വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനായുള്ളൂ.
യാത്രാ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും ട്രാക്റ്ററിന്റെയും വില്‍പ്പനയെയാണ് ഏറ്റവും മോശമായി ബാധിച്ചത്. 253363 യാത്രാ വാഹനങ്ങളാണ് ഓഗസ്റ്റില്‍ രാജ്യത്ത് വിറ്റുപോയത്. ജൂലൈയില്‍ ഇത് 261744 ആയിരുന്നു. മൂന്നു ശതമാനം കുറവ്.
ജൂലൈയില്‍ 1132611 ഇരുചക്ര വാഹനങ്ങള്‍ വിറ്റു പോയപ്പോള്‍ ഓഗസ്റ്റില്‍ 976051 എണ്ണം മാത്രമാണ് വിറ്റത്. 14 ശതമാനത്തിനെ കുറവ് ഇതിലുണ്ടായി.
ജൂലൈയില്‍ 82388 ട്രാക്ടര്‍ വിറ്റു പോയപ്പോള്‍ ഓഗസ്റ്റില്‍ 71737 എണ്ണമാണ് വില്‍ക്കാനായത്. 13 ശതമാനത്തിന്റെ കുറവ്. അതേസമയം മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 27904 ല്‍ നിന്ന് 30410 ലെത്തി. കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പന ജൂലൈയിലെ 52130 ല്‍ നിന്ന് രണ്ടു ശതമാനം വര്‍ധിച്ച് 53150 ലെത്തി.
റബ്ബര്‍ വില കൂടുമോ
വാഹന വില്‍പ്പന കുറയുന്നതിലൂടെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മേഖലകളിലൊന്ന് റബ്ബറാണ്. കാരണം അത്രയേറെയാണ് ഈ മേഖല ഉപയോഗിക്കുന്ന റബ്ബറിന്റെ അളവ്. ലോകത്തെ ആകെ റബ്ബറിന്റെ 50 ശതമാനത്തോളവും ഉപയോഗിക്കുന്നത് മോട്ടോര്‍ വാഹനങ്ങളുടെ ടയര്‍ ഉല്‍പ്പാദനത്തിനാണ്. 15 ശതമാനം സൈക്കിള്‍ ടയറുകളും ട്യൂബുകളും നിര്‍മിക്കാനും. പാദരക്ഷാ വിപണി 12 ശതമാനം റബ്ബര്‍ ഉപയോഗിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ടയര്‍ ഉല്‍പ്പാദകരായ ജപ്പാനിലെ ബ്രിഡ്ജ്‌സ്റ്റോണ്‍ കോര്‍പ്പറേഷന്‍ മാത്രം ഒരു വര്‍ഷം ഉപയോഗിക്കുന്നത് മൂന്നു ലക്ഷം ടണ്‍ റബ്ബറാണ്.
വാഹന നിര്‍മാണത്തില്‍ ടയറിന് പുറമേ ഹോസുകള്‍, പൈപ്പുകള്‍, ഗ്‌സ്‌ക്കറ്റുകള്‍, പാഡ്, സീലുകള്‍, ബുഷ്, മാറ്റ് തുടങ്ങി വിവിധ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ചൈനയടക്കമുള്ള രാജ്യങ്ങള്‍ ഇറക്കുമതി പുനരാരംഭിക്കുന്നതിനൊപ്പം ഓട്ടോമൊബീല്‍ വില്‍പ്പന കൂടി മെച്ചപ്പെട്ടാലേ റബ്ബര്‍ വിലയില്‍ വര്‍ധന ഉണ്ടാകൂ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it