ഫ്രാഞ്ചൈസിംഗ് മേഖലയുടെ ഭാവി ടെക്‌നോളജിയില്‍

ഫ്രാഞ്ചൈസിംഗ് മേഖലയുടെ ഭാവി ടെക്‌നോളജിയില്‍
Published on

കേരളത്തിലെ ഐ.റ്റി വിദ്യാഭ്യാസ രംഗത്താണ് ഫ്രാഞ്ചൈസ് ബിസിനസിന്റെ തുടക്കം. പിന്നീടത് നിരവധി മേഖലകളിലേക്ക് വ്യാപിക്കുകയുണ്ടായി.

ഓട്ടോമൊബീല്‍ രംഗത്തെ മാരുതി, ഹോണ്ട, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികള്‍ ഫ്രാഞ്ചൈസിംഗിലേക്ക് കടന്നതാണ് അടുത്തഘട്ടം. തുടര്‍ന്ന് ക്വിക്ക് സര്‍വീസ് റെസ്റ്റൊറന്റുകള്‍ ഈ രംഗത്തേക്കെത്തി. കേരള ബ്രാന്‍ഡായ ചിക്ക്കിംഗായിരുന്നു ഇതിലൊരു ആദ്യകാല മാതൃക സൃഷ്ടിച്ചത്.

കെ.എഫ്.സി, മക്‌ഡൊണാള്‍ഡ്‌സ്, സബ്‌വേ തുടങ്ങിയ നിരവധി ബ്രാന്‍ഡുകള്‍ അക്കാലത്ത് വിപണിയിലേക്കെത്തി. റെയ്മണ്ട്‌സ്, വില്‍സ്, ബേസിക്‌സ്, അര്‍ബന്‍ ടച്ച് തുടങ്ങിയ ക്ലോത്തിംഗ് ബ്രാന്‍ഡുകളാണ് അടുത്തഘട്ടത്തില്‍ ഫ്രാഞ്ചൈസ് ബിസിനസിലേക്കെത്തിയത്. തുടര്‍ന്ന് കിഡിസീ, യൂറോ കിഡ്‌സ് തുടങ്ങിയ പ്ലേ സ്‌കൂളുകളും ഈ രംഗത്തുണ്ടായി.

അസംഘടിത മേഖലകളിലേക്കും ഫ്രാഞ്ചൈസ് ബിസിനസ് വ്യാപിച്ചുവെന്നതാണ് പിന്നീടുണ്ടായ വലിയൊരു മാറ്റം. ഹെയര്‍ ആന്‍ഡ് ബ്യൂട്ടി കെയര്‍ ഇതിനൊരു ഉദാഹരണമാണ്. നാച്വറല്‍സ്, ഗ്രീന്‍ ട്രെന്‍ഡ്‌സ്, ബ്ലോസംകൊച്ചാര്‍ അരോമ മാജിക്, എന്റിച്ച് തുടങ്ങിയ നിരവധി ബ്രാന്‍ഡുകള്‍ ഈ രംഗത്ത് ശക്തമായി. ഒരു പ്രത്യേക കമ്യൂണിറ്റി മാത്രം ചെയ്തിരുന്ന ഈയൊരു തൊഴിലിനെ വലിയ തോതില്‍ പ്രൊഫഷണലൈസ് ചെയ്യാന്‍ ഇതിടയാക്കി.

തുടര്‍ന്ന് ലാസ, അങ്കിള്‍ ജോണ്‍, അമുല്‍ തുടങ്ങി ഐസ്‌ക്രീമുകളും ഫ്രാഞ്ചൈസ് രംഗത്തേക്കെത്തി. മാര്‍ജിന്‍ഫ്രീ റീറ്റെയ്ല്‍ ഷോപ്പുകളാണ് ഈ രംഗത്ത് വലിയൊരു തരംഗം സൃഷ്ടിച്ച മറ്റൊരു മുന്നേറ്റം. ഇപ്പോള്‍ മൊബീലുകള്‍, ടെയ്‌ലറിംഗ് തുടങ്ങിയ അനേകം മേഖലകളിലേക്ക് ഫ്രാഞ്ചൈസ് ബിസിനസ് വ്യാപിക്കുകയാണ്. ഹെല്‍ത്ത് കെയര്‍ രംഗത്ത് ആയുര്‍വേദിക് ക്ലിനിക്കുകളും വന്‍ പ്രചാരം നേടും.

ഇതൊക്കെ ഈ മേഖലയെക്കുറിച്ച് പുതിയൊരു അവബോധം ഉണ്ടാക്കുകയും അനേകം ആളുകള്‍ സംരംഭകരായി മാറുകയും വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ഏറ്റെടുക്കലുകളും ബി.ഒ.ടിയും വര്‍ധിക്കും

ഏറ്റെടുക്കലുകളുടെയും ലയനത്തിന്റെയും കാലഘട്ടമാണ് ഫ്രാഞ്ചൈസി ബിസിനസില്‍ ഇനി വരാനിരിക്കുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഫ്രാഞ്ചൈസ് ബിസിനസ് രംഗത്തെ വന്‍കിട കമ്പനികള്‍ ചെറുകിട സംരംഭങ്ങളെ ഏറ്റെടുക്കും.

ഉദാഹരണമായി സാങ്കേതികവിദ്യാ സംരംഭമായ കാഡ് സെന്റര്‍ ബ്യൂട്ടികെയര്‍ രംഗത്തെ ബ്രാന്‍ഡായ നാച്വറല്‍സിനെ നയിക്കുന്നതിനുള്ള സഹകരണത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. കൂടാതെ പരമ്പരാഗത റോയല്‍റ്റി മാതൃകയില്‍ നിന്നും ഫിക്‌സഡ് ആനുവല്‍ ഫ്രാഞ്ചൈസി ഫീസിലേക്ക് മാറുന്ന പ്രവണതയും ഈ രംഗത്തുണ്ടാകും.

പുതിയ വിപണികളില്‍ കമ്പനി തന്നെ ഒരു ഷോപ്പ് ആരംഭിച്ച് നടത്തിയ ശേഷം പിന്നീട് ഫ്രാഞ്ചൈസികള്‍ക്ക് കൈമാറുന്ന ബില്‍ഡ്, ഓപ്പറേറ്റ് & ട്രാന്‍സ്ഫര്‍ (ബി.ഒ.ടി) സംവിധാനവും നിലവില്‍ വരും. വിജയകരമായൊരു ബിസിനസ് എന്ന നിലയില്‍ സംരംഭകര്‍ക്കിത് വളരെയേറെ ഗുണകരമാണ്.

ഫ്രാഞ്ചൈസറും ഫ്രാഞ്ചൈസിയും സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിസിനസ് വളര്‍ത്തുന്ന രീതിയും വ്യാപകമാകും. കൂടാതെ സാങ്കേതിക സംരംഭങ്ങളും ഈ രംഗത്ത് കരുത്താര്‍ജിക്കും. പെട്ടെന്ന് കുളിച്ച് ഡ്രസ് മാറി പോകുന്നതിനുള്ളൊരു സംവിധാനം ഫ്രഷപ് എന്നൊരു കമ്പനി വിവിധ കേന്ദ്രങ്ങളില്‍ നടപ്പാക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. ഹോട്ടലുകളില്‍ ആവശ്യമില്ലാതെ ഒരു ദിവസത്തെ മുറി വാടക നല്‍കുന്നതിന് പകരം ഉപയോഗത്തിന് അനുസരിച്ച് മാത്രം പണം നല്‍കുന്ന സംവിധാനമാണിത്.

ടെക്‌നോളജി

കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവയും പ്രയോജനപ്പെടുത്തും. ബിഗ് ഡാറ്റ, അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയും ഫ്രാഞ്ചൈസി ബിസിനസില്‍ നിര്‍ണായകമാകും.

നെറ്റ്‌വര്‍ക്‌സ് സിസ്റ്റംസ്, കാഡ് സെന്റര്‍ എന്നീ സംരംഭങ്ങള്‍ ഫ്രാഞ്ചൈസി ഫ്രണ്ട്‌ലി

സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഈയൊരു സമീപനമായിരിക്കും ഭാവിയില്‍ നിലനില്‍ക്കുക. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം ചെലവിടാന്‍ വലിയ കമ്പനികള്‍ക്കേ സാധിക്കൂ. അതിനാല്‍ അവ ചെറുകിട കമ്പനികളെ ഏറ്റെടുത്തേക്കും.

വികസനത്തിന്റെ ഭാഗമായി കമ്പനികള്‍ക്ക് പല ലൊക്കേഷനില്‍ പോകുന്നതിനും ശാഖകള്‍ ആരംഭിക്കുന്നതിനുമൊക്കെ ഫ്രാഞ്ചൈസിംഗ് രീതിയാണ് അഭികാമ്യം. അതിനാല്‍ ഭാവിയില്‍ ഈ മേഖല വലിയൊരു കുതിപ്പിലേക്ക് നീങ്ങും. അതിനാല്‍ സംരംഭകര്‍ സാങ്കേതികവിദ്യയെക്കുറിച്ച് മനസിലാക്കുകയും കസ്റ്റമര്‍ ഡാറ്റ അനാലിസിസ് നടത്തുകയും അതിന് അനുസരണമായ മാറ്റങ്ങള്‍ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com