'കിരീടം' സിനിമയിലൂടെ ഹിറ്റായ 'കിരീടം പാലം' ഇനി ടൂറിസ്റ്റുകളെ വരവേൽക്കും

മലയാളിയുടെ മനസ്സിൽ മൂന്ന് പതിറ്റാണ്ട് മുൻപ് കുടിയേറിയ കിരീടം സിനിമയിലെ 'കിരീടം പാലം' ഇനി ടൂറിസ്റ്റുകളെ വരവേൽക്കും. തിരുവനന്തപുരത്ത് വെള്ളായണിക്കായലിന് സമീപമാണ് കിരീടം പാലം സ്ഥിതി ചെയ്യുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം ഇന്നും സിനിമാ പ്രേമികളുടെ ആവേശമാണ്. സിനിമയിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളും ചിത്രീകരിച്ചത് ഈ പാലത്തിൽ വച്ചായിരുന്നു. തുടർന്നാണ് സിനിമയോടൊപ്പം ഈ പാലവും ഹിറ്റായത്.

മോഹൻലാൽ അവതരിപ്പിക്കുന്ന സേതുമാധവൻ എന്ന കഥാപാത്രം പിന്തിരിഞ്ഞു നടക്കുന്ന രംഗവും, സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും, അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും, ഈ പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്നുനിന്നു. തുടർന്ന് 'കിരീടം പാലം' എന്ന പേര് ലഭിച്ചതോടെ പാലം കാണാനും ഫോട്ടോ എടുക്കാനും ഒട്ടേറെ പേർ എത്താറുണ്ടായിരുന്നു.

'കിരീടം പാലം' എന്നും 'തിലകൻ പാലം' എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം സ്ഥിതി ചെയ്യുന്നത്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രതിനിധീകരിക്കുന്ന, നേമം നിയോജക മണ്ഡലത്തിൽ ആണ്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് കഴിഞ്ഞ ദിവസം ടൂറിസം ദിനത്തിൽ ഈ പാലവും, പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശങ്ങളും ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപനം വന്നത്.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധയിനം പക്ഷികളെ ഈ പ്രദേശത്ത് കണ്ടുവരുന്നുണ്ട്. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള വിശ്രമകേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് രൂപം നൽകാനാണ് ശ്രമം. സിനിമാ പ്രേമികളുടെയും പ്രകൃതി സ്നേഹികളുടെയും ഈ ഇഷ്ടകേന്ദ്രത്തെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചതിൽ അതിയായ സന്തോഷമുണ്ടന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Related Articles
Next Story
Videos
Share it