ഏറ്റവും മൂല്യമുള്ള ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡ്; തൊട്ടുപിന്നില്‍ യുണൈറ്റഡ്

ലോകത്തിലെ ഏറ്റവും മൂല്യമേറിയ 30 ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ഫോബ്‌സ് പട്ടികയില്‍ കിരീടം വച്ച രാജാവ് റയല്‍ മാഡ്രിഡ് തന്നെ. ഫോബ്‌സ് ലിസ്റ്റ് അനുസരിച്ച് റയല്‍ മാഡ്രിഡിന്റെ മൂല്യം 6.07 ബില്യണ്‍ ഡോളറാണ്(50,000 കോടിരൂപ), 6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്.

മാഡ്രിഡ് ടീം കഴിഞ്ഞ ഒമ്പത് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ അഞ്ചിലും എത്തി, അവയെല്ലാം വിജയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം ആണ് ക്ലബ്ബിന്റെ മൂല്യവര്‍ധനവ്.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള 30 ഫുട്‌ബോള്‍ ടീമുകളുടെ ഈ വര്‍ഷത്തെ ശരാശരി മൂല്യം 2.17 ബില്യണ്‍ ഡോളറാണ്. ഒരു വര്‍ഷം മുമ്പ്, മികച്ച 20 ടീമുകളുടെ ശരാശരി മൂല്യം 2.53 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം അത് 2.89 ബില്യണ്‍ ആയി വര്‍ധിച്ചു. 14 ശതമാനമാണ് വര്‍ധനവ്.

ബാഴ്സലോണ മൂന്നാമത്

5.51 ബില്യണ്‍ ഡോളര്‍ മൂല്യവുമായി മറ്റൊരു സ്പാനിഷ് ക്ലബായ ബാഴ്സലോണ ആണ് ഫോബ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. 5.29 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലിവര്‍പൂള്‍ നാലാമതും 4.99 ബില്യണ്‍ ഡോളറുമായി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തുമാണ്. 4.86 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബുണ്ടസ്ലീഗ വിജയികളായ ബയേണ്‍ മ്യൂണിച്ചാണ് ലിസ്റ്റില്‍ ആറാം സ്ഥാനത്ത്. 4.21 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫ്രഞ്ച് ക്ലബായ പിഎസ്ജിയാണ് ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത്.


Forbes List


റയല്‍ മാഡ്രിഡ് ഏറ്റവും മൂല്യമുള്ള ക്ലബ്ബാകുമ്പോള്‍ കായികരംഗത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ക്ലബ്ബായി എത്തുന്നത് പി.എസ്.ജിയാണ്. ലോകമെമ്പാടുമുള്ള എല്ലാ കായിക സംഘടനകളും പരിഗണിച്ചാല്‍ ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്സോടൊപ്പമാണ് പി.എസ്.ജി സ്ഥാനം പങ്കിടുക.

Related Articles
Next Story
Videos
Share it