Begin typing your search above and press return to search.
കയറ്റുമതി ഓര്‍ഡര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അമളി പറ്റാം!
ഒരു സംഭവകഥ പറയാം.
എന്റെ ഓഫീസിന്റെ അയലത്തെ ഓഫീസിലെ രാജ്‌മോഹന്‍ ഒരു ദിവസം അതിരാവിലെ പതിവില്ലാതെ ഒരു ഫോണ്‍ വിളി. അത്യാവശ്യമായി അയാള്‍ക്കെന്നെ കാണണം. 10.30ന് എന്റെ ഓഫീസില്‍ വരാമെന്നേറ്റു. പറഞ്ഞ സമയത്ത്, സുസ്‌മേരവദനനായി, ഒരു രാജ്യം വെട്ടിപ്പിടിച്ച സന്തോഷത്തോടെ കൊടുങ്കാറ്റു പോലെ കയറിവന്നു. 'സാര്‍, രക്ഷപ്പെട്ടു, 500 ട്രാന്‍സ്‌ഫോര്‍മറുകളുടെ എക്‌സ്‌പോര്‍ട്ട് ഓര്‍ഡര്‍ കിട്ടി. ലെറ്റര്‍ ഓഫ് ക്രെഡിറ്റും തരും. ഒന്നു രണ്ട് നിബന്ധനകള്‍ ഉണ്ട്്. അത് ശരിയാക്കാവുന്നതേയുള്ളു. സാര്‍ (ഒരു ബാങ്കിന്റെ പേര് പറഞ്ഞ്) ബാങ്കിനോട് പറഞ്ഞു അഡ്വാന്‍സ് വാങ്ങിത്തരണം. അങ്ങനെ എന്തോ ഇല്ലേ, കയറ്റുമതി ഓര്‍ഡര്‍ 75- 90% ബാങ്ക് നല്‍കുമെന്നൊക്കെ. എനിക്കിതൊന്നും അറിയില്ല.' ഒറ്റ ശ്വാസത്തിലാണ് ഇത്രയും പറഞ്ഞത്.
ഗുജറാത്തിന്റെ സല്‍ക്കാര ശീലമാണ് വെള്ളം നല്‍കുക എന്നത്. പ്യൂണ്‍ അദ്ദേഹത്തിന് വെള്ളം നല്‍കി. അദ്ദേഹത്തിന് വന്ന ഇ മെയില്‍ ഞാന്‍ പരിശോധിച്ചു. ശരിയാണ് 500 ട്രാന്‍സ്‌ഫോര്‍മറുകള്‍. ഞാനും ഞെട്ടി. ഇലക്ട്രിക്കല്‍ സാധനങ്ങളുമായി ഇദ്ദേഹത്തിനുള്ള ഒരേ ഒരു ബന്ധം ഓഫിസിലെയും വീട്ടിലെയും ഫാനുകളും ലൈറ്റുകളുമാണ് എന്നാണ് ഞാന്‍ ധരിച്ചിട്ടുണ്ടായിരുന്നത്. വെറുതെ ചോദിച്ചു, 'എഞ്ചിനീയറാണോ, താങ്കള്‍'. ഉടനെ മറുപടി വന്നു. 'അല്ല, ബികോമാണ്'. അത്ഭുതം തോന്നിയില്ല, ഇവിടെ പലരും അങ്ങനെയുണ്ട്. ബീകോംകാര്‍ കെമിക്കല്‍ കമ്പനികളും എഞ്ചിനീയറിംഗ് കമ്പനികളുമൊക്കെ നടത്തുന്നുണ്ട്. പ്രൊഫഷനും ബിസിനസ്സും തമ്മില്‍ ബന്ധം വേണമെന്നില്ല. അല്‍പം മൂളയും സന്നദ്ധതയും ഉണ്ടെങ്കില്‍ ആര്‍ക്കും എന്ത് വ്യവസായവും തുടങ്ങാം.
ഞാന്‍ ചോദിച്ചു: 'എന്താണ് രാജ്‌മോഹന്‍ മനസ്സിലാക്കിയ നിബന്ധനകള്‍ ?'
'അത് നിസ്സാരമാണ്. അവര്‍ നല്‍കുന്ന മൊത്തം ഓര്‍ഡറിന്റെ 20% ക്യാഷ് ഗ്യാരന്റി കൊടുക്കണം. ഡെലിവറി വൈകിയാല്‍ ഗ്യാരന്റി തുകയില്‍ നിന്ന് ആനു പാതിക തോതില്‍ ഓര്‍ഡറിന്റെ ഒരു തുക കുറക്കും. പിന്നെ അവര്‍ ഒരു പരിശോധകനെ അയയ്ക്കും. അദ്ദേഹം വന്നു കണ്ട്, സര്‍ട്ടിഫിക്കറ്റ്് നല്‍കിയതിനു ശേഷമേ കയറ്റുമതി പാടുള്ളു. ആ സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ മറ്റു ഡോക്യുമെന്റുകള്‍ക്കൊപ്പം നല്‍കണം പണം ലഭിക്കാന്‍.'
രാജ്‌മോഹന്‍ സന്തോഷവാനാണ്, കാരണം ഡെലിവറി വൈകില്ല. പിന്നെ ഓര്‍ഡര്‍ തുക ഒരു ട്രാന്‍സ്‌ഫോര്‍മറിന്റെ സാധാരണവിലയുടെ മൂന്നിരട്ടിയാണ്. രണ്ട് കണ്‍സൈന്‍മെന്റ് എന്നുവെച്ചാല്‍, 400 എണ്ണം പോകുമ്പോള്‍ 500 ട്രാന്‍സ്‌ഫോര്‍മറുകളുടെ ഏകദേശ വില നമുക്ക് കിട്ടിക്കഴിയും. അതുകൊണ്ട് നഷ്ടം സംഭവിക്കാന്‍ പോകുന്നില്ല.
അദ്ദേഹത്തിന്റെ സന്തോഷം കെടുത്താന്‍ മനസ്സ് വരുന്നില്ല. പക്ഷെ ഒരു ചതിക്കുഴിയിലേക്കാണ് അദ്ദേഹം ഊര്‍ന്നിറങ്ങുന്നത്. അത് എങ്ങനെയെങ്കിലും തടയണം. രാജ്‌മോഹന്‍ അവരുടെ വെബ്‌സൈറ്റ് കാണിച്ച് തന്നു. ബാങ്കിന്റെ പേരും അഡ്രസും ഒക്കെ. ബാങ്ക് അക്കൗണ്ട്് നമ്പറും കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന് ഇതില്‍ ഒരു ചതിയും കാണാന്‍ കഴിയുന്നില്ല. കാരണം അനുഭവക്കുറവായിരിക്കും. ഒരു കയറ്റുമതിക്കാരാനാവാനുള്ള മോഹത്തില്‍ ചിലതൊന്നും ചികഞ്ഞു നോക്കാനുള്ള മാനസിക നിലയായിരിക്കില്ല അപ്പോള്‍. ചിലര്‍ പ്രേമത്തില്‍ അകപ്പെടുന്നത് പോലെ. ഔചിത്യമല്ലാത്തതുകൊണ്ട് അപ്പോള്‍ തന്നെ നിരുത്സാഹപ്പെടുത്തിയില്ല.
അതുകൊണ്ട് രണ്ട് ദിവസം കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് ഞാന്‍ അന്നത്തെ കൂടിക്കാഴ്ച അവസാനിപ്പിച്ചു. പക്ഷേ പിറ്റേദിവസം തന്നെ അദ്ദേഹം വീണ്ടും വന്നു. 'സാര്‍, ഞാന്‍ ഇന്നലെ തന്നെ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ മെക്കാനിക്കിനെ കണ്ടിരുന്നു. കുറേ സാങ്കേതിക വിവരങ്ങളും, ഒരു ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണത്തിന് വേണ്ട സാധങ്ങളുടെ ലിസ്റ്റും കിട്ടുന്ന സ്ഥലവും, എന്തെല്ലാം ഇറക്കുമതി ചെയ്യണം എന്നൊക്കെ മനസ്സിലാക്കി. ഇറക്കുമതിക്ക് പ്രയാസമില്ല, സാറുണ്ടല്ലോ സഹായിക്കാന്‍. പിന്നെ ബാങ്കിലേക്കുമൊന്നു പോകണം. സാര്‍ എസ് എല്‍ ബി സി മെമ്പറാണല്ലോ. അപ്പോ കാര്യങ്ങള്‍ എളുപ്പമാകും.' പ്രകാശവേഗത്തില്‍ പറക്കുന്ന കടിഞ്ഞാണില്ലാത്ത കുതിരയായി രാജ്‌മോഹന്‍. വേഗത കൂടും മുന്‍പ് എന്തെങ്കിലും ചെയ്തില്ലെങ്കില്‍, മൂക്കും കുത്തി വീഴുന്നതും ഞാന്‍ കാണേണ്ടിവരും.
പെട്ടെന്ന് തന്നെ ബാങ്ക് മാനേജരെ വിളിച്ച് കൂടിക്കാഴ്ചയ്ക്കുള്ള സമയം തീരുമാനിച്ചു. അക്കാര്യം രാജ്‌മോഹനെ വിളിച്ചറിയിച്ചു. താനുണ്ടാക്കിയ ഫയലുമായി കൃത്യസമയത്ത് എത്താമെന്നും അദ്ദേഹം ഏറ്റു. ഞങ്ങള്‍ സമയത്ത് തന്നെ ബാങ്കിലെത്തി. രാജ്യാന്തര - ദേശീയതല വിഷയങ്ങളും മുമ്പൊരു എല്‍ സി ചതിയില്‍ നിന്ന് എന്റെ ഇടപെടല്‍ മൂലം രക്ഷപ്പെട്ട കഥയുമൊക്കെ ചര്‍ച്ചയ്ക്കു വന്നു. അതുകേട്ടിരുന്ന രാജ്‌മോഹന് ഒരു സംശയം, ആ കഥയും തനിക്ക് ലഭിച്ച കരാറും തമ്മില്‍ എന്ത് ബന്ധം? എന്റെ കരാറില്‍ അപാകതയുണ്ടോ?
ജാഗ്രത വേണം 'നിങ്ങളുടെ എല്‍ സി തുറക്കാന്‍ പോകുന്നത് ഒരു വര്‍ഷത്തേക്കാണ് എന്ന് കരാറില്‍ എഴുതിയിരിക്കുന്നു. പിന്നെ കടുത്ത നിബന്ധന, മൊത്തം ഓര്‍ഡര്‍ വിലയുടെ 20% പെര്‍ഫോമന്‍സ് ഗ്യാരന്റി ക്യാഷ് ഡെപ്പോസിറ്റ് കൊടുക്കണം. ഡെലിവറി താമസിച്ചാല്‍ നഷ്ടപരിഹാരമായി തരാനുള്ള തുകയില്‍ കുറവ് വരുത്തും. 20% ക്യാഷ് അവരുടെ അക്കൗണ്ടില്‍ കിട്ടിയാല്‍ പിന്നെ അവരെ കാണുമോ, നമ്മള്‍ അവരെ അറിയില്ല. മറ്റൊന്ന്, 500 ട്രാന്‍സ്‌ഫോര്‍മര്‍ അവരെന്ത് ചെയ്യും? എന്താണവരുടെ ബിസിനസ്? അവരെപ്പറ്റി ഒരു ആകര്‍ഷക വെബ്‌സൈറ്റല്ലാതെ മറ്റൊന്നുമില്ല. എത്രയോ ട്രാന്‍സ്‌ഫോര്‍മര്‍ ഉല്‍പ്പാദകര്‍ ഇവിടെയുണ്ട്്, അവരുടെയൊക്കെ വെബ്‌സൈറ്റും കയറ്റുമതി വിവരങ്ങളും ഉള്ളപ്പോള്‍ ഇതിനെകുറിച്ച് ഒന്നും അറിയാത്ത നിങ്ങളെ എന്തിനവര്‍ സമീപിച്ചു. 500 എണ്ണം ഉണ്ടാക്കാനുള്ള സാമഗ്രികളും സമയദൈര്‍ഘ്യവും അറിയാത്ത നിങ്ങളെ ഇത്രയും ഭീമമായ ഒരു സംഖ്യ കാണിച്ച് അതിന്റെ 20% പെഫോമന്‍സിന്റെ പേരില്‍ ഡെപ്പോസിറ്റായി വാങ്ങിയാല്‍, അവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഇത്തരം പ്രലോഭനങ്ങളില്‍ പത്തില്‍ ഒരാളെങ്കിലും വീണുകിട്ടിയാല്‍, അവര്‍ക്കെന്താ ചേതം. '
ഞാന്‍ ഒന്നുകൂടി പറഞ്ഞു നിര്‍ത്തി, അറിയാന്‍ വയ്യാത്ത മേഖലകളിലേക്ക് ഇറങ്ങുമ്പോള്‍ സംഖ്യകള്‍ കണ്ട് മയങ്ങാതെ, അതില്‍ വീഴാതെ സ്വയം ചിന്തിക്കണം, ഒന്നുമറിയാത്ത ഒരാള്‍ക്ക്, ഒരു വിവരവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡര്‍, അറിയാത്ത സ്ഥലങ്ങളില്‍ നിന്ന് അപരിചിതര്‍ അയച്ചുവെന്നുവരാം. അടുത്ത ബാങ്കിലോ, ഇ സി ജി സി ഓഫീസിലോ അവരെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്. അപകടങ്ങള്‍ ഒഴിവാക്കാം. ഒന്നും പറ്റിയില്ലെങ്കില്‍ മറുപടി അയക്കാതിരിക്കുക.
(ലേഖകന്‍ കയറ്റുമതി മേഖലയിലെ സംരംഭകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന, നാല് ദശാബ്ദക്കാലമായി കയറ്റുമതി - ഇറക്കുമതി കണ്‍സള്‍ട്ടന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാബു എഴുമാവില്‍ (എക്സിം എക്സ്പെര്‍ട്ടൈസ്, അഹമ്മദാബാദ്) )
Next Story
Videos