2020 ല്‍ ബോളിവുഡ് സിനിമ റിലീസുകളില്‍ നിന്ന് കാശുണ്ടാക്കിയ താരങ്ങള്‍ ഇവരാണ്

കോവിഡില്‍ മുങ്ങിപ്പോയ സിനിമാ മേഖലയില്‍ ഓടിടി പ്ലാറ്റ് ഫോമുകളും മോഡലിംഗുമാണ് പല താരങ്ങളഉടെയും രക്ഷയ്ക്കായി എത്തിയത്. ആയുഷ്മാന്‍ ഖുറാനയും ആലിയ ഭട്ടുമൊക്കെ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കോടികള്‍ നേടിയത് സിനിമാ ലോകത്ത് വന്‍ വാര്‍ത്തയായിരുന്നു. ഇവര്‍ മാത്രമല്ല, പ്രതിസന്ധികള്‍ക്കിടയിലും മികച്ച വരുമാനം നേടി രണ്ട് സെലിബ്രിറ്റികള്‍ കൂടി ടോപ് ലിസ്റ്റില്‍ ഉണ്ട്. അജയ് ദേവ്ഗണും ടൈഗര്‍ ഷ്രോഫും. കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മാര്‍ച്ച് ആദ്യ വാരം വരെയാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ ന്യൂ ഇയര്‍ റിലീസുകളാണ് സാമ്പത്തിക പ്രശ്‌നത്തെ തല നാരിഴയ്ക്ക് മറി കടന്നത്.

അജയ് ദേവ്ഗണിന്റെ താനിജി 250 കോടിയില്‍ അധികം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് കളക്ട് ചെയ്തതായാണ് ബോളിവുഡ് ടൈംസ് അടക്കം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബാഗി 1,2 സിരീസ് സിനിമകളിലെ മൂന്നാമന്‍ ബാഗി 3 ആണ് ടൈഗര്‍ ഷ്രോഫിന് സഹായകമായത്. നൂറ് കോടി ക്ലബ്ബിലാണ് ബാഗി 3 ഇടം പിടിച്ചത്. അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ആംഗ്രേസി മീഡിയം 2020 മാര്‍ച്ച് 12 ന് റിലീസ് ചെയ്തെങ്കിലും കൊവിഡ് കാരണം തിയേറ്റര്‍ പൂട്ടിയതിനാല്‍ അധികം മുന്നോട്ട് പോയില്ല.
ബോളിവുഡില്‍ ഈ വര്‍ഷം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതെല്ലാം കൊവിഡില്‍ മുങ്ങിത്താണുപോയെന്നതാണ് വാസ്തവം. പലതും പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലും മറ്റു പലതും തിയേറ്റര്‍ റിലീസിന് ദിവസങ്ങള്‍ എണ്ണിയും ഇരുന്ന ചിത്രങ്ങളായിരുന്നു. ലോക്ഡൗണ്‍ നീങ്ങിയ ഒക്ടോബര്‍ മുതല്‍ സൂരജ് പേ മംഗല്‍ ബാരി, ഇന്ദു കീ ജവാനി എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു.
എന്നാല്‍ പലയിടങ്ങളിലും മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ തുറന്നെങ്കിലും ആളുകളെത്തിയിട്ടില്ല.
2020 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ എടുത്താല്‍ 780 കോടി രൂപ മാത്രമാണ് ബോളിവുഡ് കളക്ട് ചെയ്തിരിക്കുന്നത്. ആകെ റിലീസ് ചെയ്ത 20ഓളം ചിത്രങ്ങളില്‍ വലിയൊരുവിഭാഗം ജനങ്ങള്‍ കണ്ടത് ആകെ അഞ്ചോളം ചിത്രങ്ങള്‍ മാത്രം എന്നാണ് കണക്കുകള്‍.
താനിജി, ബാഗി 3 എന്നിവയല്ലാതെ സ്ട്രീറ്റ് ഡാന്‍സര്‍, ശുഭ് മംഗള്‍ സ്യാധാ സാവധാന്‍, മലംഗ് എന്നിവയാണ് ബോക്സോഫീസില്‍ കുറച്ചെങ്കില്‍ പിന്നീട് ചലനം സൃഷ്ടിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് താനാജിയാണ്. താനിജി ടിവിയിലും ഒടിടിയിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു. സാറ്റലൈറ്റ് വഴിയും മറ്റുമാണ് യുവാക്കളുടെ ഹരമായ ടൈഗറിന്റെ ബാഗി 3 നേട്ടമുണ്ടാക്കിയത്.
4400 കോടിയാണ് 2019ല്‍ ബോളിവുഡ് ഹിന്ദി ചിത്രങ്ങളിലൂടെ നേടിയതെന്നാണ് അനൗദ്യോഗിക കണക്ക്. 2018 ല്‍ ഇത് 3600 കോടിയായിരുന്നു. ഇവിടെ നിന്നൊക്കൊയാണ് 2020 ല്‍ അയ്യായിരം കോടി പ്രതീക്ഷയിലായിരുന്ന ബോളിവുഡ് കോവിഡ് വ്യാപനത്തില്‍ ഉലഞ്ഞു പോയത്.

(കണക്കുകള്‍ ബോളിവുഡ് സിനിമാ പ്രസിദ്ധീകരണങ്ങളില്‍ നിന്നും എടുത്തത്.)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it