Begin typing your search above and press return to search.
തിരുവനന്തപുരം വിമാനത്താവളത്തിന് ഇനി മോശം കാലാവസ്ഥ പ്രശ്‌നമാകില്ല!
വിമാനത്താവളത്തില്‍ അപകടമൊഴിവാക്കാന്‍ അത്യാധുനികമായ പ്രകാശ സംവിധാനം സ്ഥാപിച്ച് തിരുവനന്തപുരം രാജ്യന്തര വിമാനത്താവളം. പുതിയ സംവിധാനം വരുന്നതോടെ മോശം കാലാവസ്ഥയിലും ഇനി വിമാനമിറക്കാം. സംവിധാനം വിലയിരുത്തുന്നതിന് ശനിയാഴ്ച വിമാനത്താവളത്തിലെത്തുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി ജി സി എ)സുരക്ഷാ വിഭാഗത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ പദ്ധതിക്ക് തുടക്കമാകും.
കനത്തമഴയും മൂടല്‍മഞ്ഞുമുള്ളപ്പോള്‍ വിമാനങ്ങള്‍ക്ക് റണ്‍വേ കാണാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. മണിക്കുറുകളോളം ഇറങ്ങാനാകാത്തതിനാല്‍ വിമാനങ്ങള്‍ക്ക് അധിക ഇന്ധനച്ചെലവുണ്ടാവുമുണ്ടാകുമായിരുന്നു. 'ബാരറ്റ് ടൈപ്പ്' എന്ന പുതിയ സംവിധാനം വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
പുതിയ സംവിധാനം തിരുവനന്തപുരം വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. മുട്ടത്തറ പെരുനെല്ലിയിലെ പുതിയ പാലത്തിനു സമീപവും പര്‍വ്വതിപുത്തനാറിനു കുറുകെയും സ്റ്റീല്‍ തൂണുകള്‍ ഉപയോഗിച്ചുള്ള പാലങ്ങളിലുമായി 900 മീറ്റര്‍ ദൂരത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചുകൊണ്ടാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.
റണ്‍വേയിലേക്ക് വിമാനം താഴ്ന്നെത്തുന്ന അതേ ശ്രേണിയിലാണ് ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ തന്നെ നിരനിരയായി ഓരോ ഫ്‌ളാഷ് ലൈറ്റും ഉണ്ടാകും. വിമാനമെത്തുമ്പോള്‍ ഈ ലൈറ്റുകളില്‍ നിന്നുള്ള പ്രകാശം ഒറ്റ ലൈനായ് പ്രതിഫലിക്കും. റണ്‍വേയിലേക്ക് പൈലറ്റിന് തടസമില്ലാതെ ഏതു പ്രതികൂല കാലാവസ്ഥയിലും വിമാനമിറക്കാനാകും.
Next Story
Videos