മൈക്രോസോഫ്റ്റും ആപ്പിളും സൗദി ആരാംകോയുമല്ല, ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഇതാണ്‌

ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം മൈക്രോസോഫ്റ്റില്‍ നിന്ന് തട്ടിയെടുത്ത് അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയ. ഇന്നലെ ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നതോടെ എന്‍വീഡിയയുടെ വിപണി മൂല്യം 3.335 ലക്ഷം കോടി ഡോളറായി. ഒറ്റ ദിവസം കൊണ്ട് വിപണി മൂല്യത്തില്‍ 110 ബില്യണ്‍ ഡോളറാണ് എന്‍വിഡിയ കൂട്ടിച്ചേര്‍ത്തത്.

ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ വിപണി മൂല്യത്തില്‍ മറികടന്ന് വെറും ദിവസങ്ങള്‍ക്കുള്ളിലാണ് എന്‍വിഡിയ പുതിയ നാഴികക്കല്ല് താണ്ടിയത്. ജൂണ്‍ അഞ്ചിനായിരുന്നു എന്‍വിഡിയ വിപണി മൂല്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

അതിവേഗ കുതിപ്പ്

അതിശയകരമായ വളര്‍ച്ചയാണ് എന്‍വിഡിയ ഓഹരികള്‍ കാഴ്ചവയ്ക്കുന്നത്. എന്‍വിഡിയയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളറില്‍ നിന്ന് 2 ലക്ഷം കോടി ഡോളറിലേക്ക് വളരാന്‍ ഒമ്പത് മാസമാണ് എടുത്തത്. എന്നാല്‍ അത് മൂന്ന് ലക്ഷം കോടിയിലെത്താന്‍ വെറും മൂന്നു മാസമേ വേണ്ടി വന്നുള്ളു.
ഇന്നലെ മൈക്രോസോഫ്റ്റിന്റെ ഓഹരി വില 0.45 ശതമാനം ഇടിഞ്ഞതോടെ വിപണി മൂല്യം 3.317 ലക്ഷം കോടിയായി. ഓഹരി വില ഒരു ശതമാനത്തോളം ഇടിഞ്ഞ ആപ്പിളിന്റെ വിപണി മൂല്യം 2.286 ലക്ഷം കോടിയുമായി.

ഈ വര്‍ഷം ഇതു വരെ എന്‍വിഡിയ ഓഹരികളുടെ വില 180 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. അതേ സമയം മൈക്രോസോഫ്റ്റ് ഓഹരിയിലുണ്ടായത് 19 ശതമാനം വര്‍ധന മാത്രം. അഞ്ച് വര്‍ഷക്കാലയളവില്‍ എന്‍വീഡിയ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം 3,477 ശതമാനമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സാങ്കേതികവിദ്യയുടെ വന്‍ സാധ്യതകളും അതേ കുറിച്ചുള്ള പ്രതീക്ഷകളുമാണ് എന്‍വിഡിയ ഓഹരികളെ ഉയര്‍ത്തുന്നത്. കൂടുതല്‍ നിക്ഷേപകര്‍ക്ക് ഓഹരി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച എന്‍വിഡിയയുടെ ഒരു ഓഹരിയെ പത്തായി വിഭജിച്ചിരുന്നു.

ഏറ്റവും കൂടുതൽ വ്യാപാരം നടത്തുന്ന ഓഹരി
ഇന്നലെ എന്‍വിഡിയ ഓഹരികളിലുണ്ടായ ഉയര്‍ച്ച അമേരിക്കന്‍ ഓഹരി സൂചികകളായ നാസ്ഡാക്കിനെയും എസ് ആന്‍ഡ് പി50യെയും റെക്കോഡ് ഉയരത്തിലെത്തിച്ചിരുന്നു. വാള്‍സ്ട്രീറ്റില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന ഓഹരിയായും ഇതോടെ എന്‍വിഡിയ മാറി. പ്രതിദിന വിറ്റുവരവ് 50 ബില്യണ്‍ ഡോളറാണ്. ആപ്പിളിന്റെയും മൈക്രോ സോഫ്റ്റിന്റെയും പ്രതിദിന വ്യാപാരം ഏകദേശം 10 ബില്യണ്‍ ഡോളര്‍ മാത്രവും. എസ് ആന്‍ഡ് പി 500ല്‍ വ്യാപാരം നടത്തുന്ന ഓഹരികളില്‍ 16 ശതമാനവും ഈ നിർമിത ബുദ്ധി (ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സ്/എ.ഐ) ചിപ് നിര്‍മാണ കമ്പനിയുടേതാണ്.
Related Articles
Next Story
Videos
Share it