വിപണിയില്‍ പ്രിയം നേടി നന്ദിനി; മില്‍മയെ കാത്ത് വന്‍ വെല്ലുവിളി
ക്ഷീരകര്‍ഷകരില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഉയര്‍ന്ന കടുത്ത എതിര്‍പ്പിനിടയിലും കേരള വിപണിയിലെത്തിയ നന്ദിനിപ്പാലിന് വ്യാപാരികളില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും ലഭിക്കുന്നത് മികച്ച പ്രതികരണം. സംസ്ഥാനത്തിന്റെ സ്വന്തം പാല്‍ ബ്രാന്‍ഡായ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (കെ.സി.എം.എം.എഫ്) മില്‍മയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ് നന്ദിനി. നന്ദിനിയുടെ ഔട്ട്‌ലെറ്റുകള്‍ കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ കേരളത്തിൽ തുറന്നതോടെയാണ് മില്‍മ-നന്ദിനി പോര് മുറുകിയത്.
ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്ലെറ്റുകള്‍ തുറക്കുമെന്ന് നന്ദിനി വ്യക്തമാക്കിയിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്തെ ഓരോ താലൂക്കിലും ഔട്ട്ലെറ്റുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. കേരളത്തിലെ ക്ഷീര കര്‍ഷകരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നന്ദിനി പാല്‍ നേരിട്ട് വില്‍ക്കുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ സര്‍ക്കാരും. ക്ഷീര കര്‍ഷകരും പ്രതിഷേധത്തിലാണ്.
മില്‍മയ്ക്ക് കോട്ടം ക്ഷീര കര്‍ഷകര്‍ക്ക് നാശം
കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ശേഖരിക്കുന്ന പാല്‍ സംഭരിക്കാന്‍ വിശ്വാസയോഗ്യമായുള്ളത് മില്‍മ മാത്രമാണെന്ന് കോട്ടയം സ്വദേശിയായ ക്ഷീര കർഷകൻ ബിജു തോമസ് പറഞ്ഞു. ക്ഷീര കര്‍ഷകരില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ 90 ശതമാനവും മില്‍മയിലേക്കാണ് പോകുന്നത്. ഈ സാഹചര്യത്തില്‍ കര്‍ണാടകയുടെ നന്ദിനി പാല്‍ ഇവിടെ വേരുറപ്പിക്കുന്നതില്‍ ആശങ്കയുണ്ട്. ആശങ്ക മാത്രമല്ല ഇതില്‍ ക്ഷീര കര്‍ഷകര്‍ക്ക് പ്രതിഷേധവുമുണ്ടെന്ന് 110 പശുക്കളെ വളര്‍ത്തുന്ന അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ സംരക്ഷിക്കേണ്ട ബാധ്യത മില്‍മയ്ക്കുണ്ട്
കേരളത്തിലെ ക്ഷീര കര്‍ഷകരുടെ പാലാണ് മില്‍മ സംഭരിക്കുന്നത്. നന്ദിനിയുടെ ഔട്ട്‌ലെറ്റുകള്‍ സംസ്ഥാന വിപണിയില്‍ പിടിമുറുക്കിയാല്‍ അത് മില്‍മയുടെ വിപണിയെ ബാധിക്കും. ഇത് ക്ഷീര കര്‍ഷകകരെയും നേരിട്ട് ബാധിക്കും. ഇത്തരമൊരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ കേരളത്തില കര്‍ഷകരെ സംരക്ഷിക്കേണ്ട ബാധ്യത മില്‍മയ്ക്കുണ്ടെന്ന് മില്‍മ എറണാകുളം റീജിയണ്‍ എം.ഡി വില്‍സണ്‍ ജെ.പി പറഞ്ഞു.
നിലവില്‍ മില്‍മ പാലിന്റെ വില്‍പ്പനയില്‍ കുറവില്ലെങ്കിലും നന്ദിനി സംസ്ഥാനത്ത് വിപണി വിപുലീകരിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് വില്‍സണ്‍ ജെ.പി പറഞ്ഞു. മില്‍മ 43 രൂപ കേരളത്തിലെ കര്‍ഷകന് സംഭരണ വില നല്‍കുമ്പോള്‍ നന്ദിനി കർണാടകയിലെ കര്‍ഷകന് 35 രൂപ മാത്രമാണു നല്‍കുന്നത്. കേരള വിപണിയില്‍ നന്ദിനി ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സംഭവത്തില്‍ ദേശീയ ക്ഷീര വികസന ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യപാരികള്‍ നന്ദിനിയിലേക്ക്
മില്‍മയ്ക്കാണ് ഡിമാൻഡ് കൂടുതലെങ്കിലും ഇപ്പോള്‍ കടയിലെത്തുന്ന ചിലര്‍ നന്ദിനി പാല്‍ ചോദിച്ചു വാങ്ങുന്നതായി പാലരിവട്ടത്തെ ഒരു വ്യാപാരി പറഞ്ഞു. അര ലിറ്റര്‍ പാലിന്റെ പാക്കറ്റിനേക്കാള്‍ ഒരു ലിറ്ററിന്റെ ടെട്രാ പാക്കാണ് നന്ദിനി കൂടുതലും കടകളിലെത്തുന്നത്. അതിനാല്‍ ചിലർ വാങ്ങാന്‍ മടി കാണിക്കാറുണ്ട്. എന്നിരുന്നലും ഈയടുത്തായി നന്ദിനി പാലിന് ആവശ്യക്കാര്‍ ഏറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നന്ദിനിക്ക് വലിയ ലക്‌ഷ്യം
എറണാകുളം ജില്ലയില്‍ കാക്കനാടും എളമക്കരയിലും, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലും നന്ദിനി ഔട്ട്‌ലെറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ സംസ്ഥാനത്താകെ 25 ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് നന്ദിനിയുടെ പദ്ധതി. നന്ദിനിയുടെ ഔട്ട്ലെറ്റുകളില്‍ പ്രതിദിനം ഏകദേശം 1500 പാക്കറ്റിന് മുകളിൽ പാല്‍ വിറ്റഴിക്കുന്നുണ്ടെന്നു കമ്പനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു
മിൽമ കർണാടകയിലേക്ക് !
അമുലിനും നന്ദിനിക്കും പുറമേ ഇളനാട്, മലനാട്, ശക്തി തുടങ്ങി പതിനഞ്ചോളം പാല്‍ ബ്രാന്‍ഡുകള്‍ കേരളത്തില്‍ വിപണിയിലുണ്ട്. നന്ദിനിയുടെ വരവ് കൂടിയായപ്പോൾ മത്സരം കടുത്തിരിക്കുകയാണ്. നന്ദിനിയെ പ്രതിരോധിക്കാൻ കര്‍ണാടകയില്‍ പോയി പാല്‍ സംഭരണം നടത്തുന്നത് പോലും മില്‍മയും ആലോചിക്കുന്നെന്നാണ് സൂചന.
വില്‍പ്പന മെച്ചപ്പെടുത്തി മിൽമ
ഇതിനിടെ 2023ലെ ആദ്യ അഞ്ച് മാസങ്ങളില്‍ മില്‍മ പാല്‍ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. പ്രതിദിന ശരാശരി വില്‍പ്പന 16.27 ലക്ഷം ലിറ്റർ കടന്നു. 2022 ഓഗസ്റ്റ്-ഡിസംബര്‍ മാസങ്ങളില്‍ ഇത് 15.95 ലക്ഷം ലിറ്ററായിരുന്നുവെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.