മൂന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു; നിര്‍ണായക യോഗം 23ന്
മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എം.എം.ടി.സി), സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ (എസ്.ടി.സി), പ്രോജക്ട് ആന്‍ഡ് എക്യുപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (പി.ഇ.സി) എന്നീ മൂന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര നീക്കം.
Also Read : വന്ദേ ഭാരതിന് പിന്നാലെ ഇതാ 'നമോ ഭാരത്' ട്രെയിനും; ആദ്യ സര്‍വീസ് ശനിയാഴ്ച
ഒക്ടോബര്‍ 23ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ഈ കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്തും. മുമ്പ് ഈ മൂന്ന് കമ്പനികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും വാണിജ്യ വകുപ്പിന് ഇത്തരം കനലൈസിംഗ് ഏജന്‍സികളൊന്നും ആവശ്യമില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. വ്യാപാരത്തിന്റെ പശ്ചാത്തലത്തില്‍ ചില ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു സ്ഥാപനമോ ഓര്‍ഗനൈസേഷനോ ആണ് കനലൈസിംഗ് ഏജന്‍സി.
കനാലൈസിംഗ് ഏജന്‍സികള്‍
യന്ത്രസാമഗ്രികളുടെയും റെയില്‍വേ ഉപകരണങ്ങളുടെയും കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള കനാലൈസിംഗ് ഏജന്‍സിയായിരുന്നു പ്രോജക്ട് ആന്‍ഡ് എക്യുപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഭക്ഷ്യ എണ്ണകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, ഗോതമ്പ് തുടങ്ങിയ വന്‍തോതിലുള്ള ഉപഭോഗവസ്തുക്കളുടെ ഇറക്കുമതിക്കുള്ള ഒരു കനാലൈസിംഗ് ഏജന്‍സിയായിരുന്നു സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍.
ഇരുമ്പയിര്, മാംഗനീസ് അയിര്, മറ്റ് വിലയേറിയ ലോഹങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള ഒരു കനാലിസിംഗ് ഏജന്‍സിയായിരുന്നു മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. എന്‍.എസ്.ഇയില്‍ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ 9.99% ഇടിഞ്ഞ് 78.40 രൂപയില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്റെ ഓഹരികള്‍ 10% ഇടിഞ്ഞ് 150.30 രൂപയിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.