എക്‌സ്‌പോര്‍ട്ട് രംഗത്ത് തിളങ്ങാന്‍ ഇതാ ഒരു മാര്‍ഗം

ആഗോള വിപണി കൈപിടിയിലാക്കാന്‍ കയറ്റുമതി രംഗത്തുള്ളവര്‍ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ഉല്‍പ്പന്നത്തിന്റെ / സേവനത്തിന്റെ ഗുണമേന്മ. രണ്ട് വില. എതിരാളികളുമായി മത്സരിക്കാന്‍ പറ്റുന്ന വിലയില്‍ മികച്ച ഉല്‍പ്പന്നം രാജ്യാന്തര വിപണിയില്‍ എത്തിക്കാന്‍ സഹായിക്കുന്ന ഒരു കാര്യത്തെ കുറിച്ച് ഈ ലക്കത്തില്‍ പറയാം.

കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അഡ്വാന്‍സ് ഓതറൈസേഷന്‍ ഉണ്ടെങ്കില്‍ സാധിക്കും. ആഗോള മാര്‍ക്കറ്റില്‍ മത്സരാധിഷ്ഠിത വിലയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ അതുകൊണ്ട് തന്നെ കയറ്റുമതിക്കാരെ അഡ്വാന്‍സ് ഓതറൈസേഷന്‍ ഏറെ സഹായിക്കുകയും ചെയ്യും. ഇതുപോലെ തന്നെ ഉപകാരപ്പെടുന്ന മറ്റൊന്നാണ് ഇപിസിജി. അത് കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചിരുന്നു.

അഡ്വാന്‍സ് ഓതറൈസേഷന്‍ എങ്ങനെ ലഭിക്കും?

ഐ ഈ സി നമ്പര്‍ വേണം. അതില്ലാതെ ഈ രംഗത്തേക്ക് വരാനെ കഴിയില്ല. പിന്നെ വേണ്ട മറ്റൊരു രേഖ, രജിസ്‌ട്രേഷന്‍ കം മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (ആര്‍ സി എം സി.) ആണ്. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നത്തെ അടിസ്ഥാനമാക്കി ആര്‍ സി എം സി ദാതാക്കളും മാറും. ഉദാഹരണത്തിന് എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളാണെങ്കില്‍ ഇ ഇ പി സി ഇന്ത്യയാണ് ആര്‍ സി എം സി നല്‍കുക. ചായ ആണെങ്കില്‍ ടി ബോര്‍ഡ്. ഇതിനുപുറമേ, എം എസ് എം ഇ അല്ലെങ്കില്‍ വ്യവസായ രജിസ്‌ട്രേഷന്‍, ചരക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ ഇവയൊക്കെയും വേണം.
ഏത് കയറ്റുമതി ചരക്കിനും വേണ്ട അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍, ഇന്ത്യയില്‍ ലഭ്യമായതും അല്ലാത്തതും ഇതില്‍ ചേര്‍ക്കാം. ഏതളവിലാണ് ഓരോ പദാര്‍ത്ഥവും വേണ്ടതെന്നും അപേക്ഷയില്‍ വ്യക്തമാക്കണം. വിദേശ വ്യാപാരനീതിയുടെ ഭാഗമായ ഒരു ലിസ്റ്റുണ്ട്, പുസ്തകരൂപത്തില്‍. അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ നോക്കാവുന്നതാണ് കയറ്റുമതിചെയ്യാന്‍ താല്പര്യമുള്ള പ്രോഡക്ട് അതില്‍ ഉണ്ടോ എന്ന്. ഉണ്ടെങ്കില്‍ കാര്യം എളുപ്പമായി. അതില്‍ പറഞ്ഞിരിക്കുന്ന തോതനുസരിച്ച് ഇറക്കുമതി ചെയ്യാം. അല്ലെങ്കിലും ചെയ്യാം. അക്കാര്യത്തെ കുറിച്ച് പിന്നീടൊരു ലക്കത്തില്‍ എഴുതാം.
ഡിജിഎഫ്ടി ഒരു പുതിയ പ്ലാറ്റ് ഫോറം തുടങ്ങിയിട്ടുണ്ട്. ഒരു ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകൂടി സംഘടിപ്പിച്ചാല്‍ പണിതുടങ്ങാം. സ്വന്തമായി ഒരു ഡാഷ് ബോര്‍ഡ് അതില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥിരമായി പൂരിപ്പിക്കേണ്ടതായ ചില്ല കാര്യങ്ങള്‍ അതില്‍ കിടന്നോളും, വീണ്ടും വീണ്ടും അത് പൂരിപ്പിക്കണ്ട.
ന്യൂനതകളില്ലെങ്കില്‍ ഓതറൈസേഷന്‍ പെട്ടെന്ന് ലഭിക്കും. ന്യൂനതകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള അറിയിപ്പ് കിട്ടിയേക്കാം. ഓതറൈസേഷന്‍ തയ്യാറായി എന്ന സന്ദേശം ലഭിച്ചാല്‍ വെബ്‌സൈറ്റില്‍ നിന്ന് അത് അപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം. മുന്‍കാലങ്ങളില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ വേണമായിരുന്നു ഇതിന്! ഈ രേഖ കൃത്യമായി വായിച്ചും പരിശോധിച്ചും നോക്കണം. എന്തെങ്കിലും അപാകത തോന്നുന്നുണ്ടെങ്കില്‍ ഉടനെ അധികൃതരെ അറിയിച്ച് അത് മാറ്റണം.

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

അഡ്വാന്‍സ് ഓതറൈസേഷന് കാലാവധിയുണ്ട്. ഇറക്കുമതിക്ക് പന്ത്രണ്ട് മാസവും കയറ്റുമതിക്ക് പതിനെട്ട് മാസവും ആണ് ഉള്ളത്. അത് കൊണ്ട് രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലതാണ്. ഒരു വര്ഷം പ്രതീക്ഷിക്കുന്ന കയറ്റുമതി ഓര്‍ഡര്‍ അനുസരിച്ച് ഇറക്കുമതി നടത്താം. ധനലഭ്യത അനുസരിച്ച് പല ഗഡുക്കളായി ഇറക്കുമതി നടത്താം. പക്ഷെ പുതിയ നിയമമനുസരിച്ച് ചരക്ക് സേവന നികുതി ഒഴിവായി കിട്ടണമെങ്കില്‍, കയറ്റുമതി ചെയ്യുന്നതിന് മുന്‍പേ തന്നെ ഇറക്കുമതി മുഴുവന്‍ നടന്നിരിക്കണം. അല്ലെങ്കില്‍ അടിസ്ഥാന തീരുവ മാത്രമേ ഒഴിവായിക്കിട്ടുകയുള്ളു. ഈ ഒരു കാര്യം ശ്രദ്ധയിലുണ്ടായിരിക്കണം. ഇനി പുറപ്പെടുവിക്കുന്ന വിദേശ വ്യാപാര നയത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
സര്‍ക്കാര്‍ 'കരം' ഒഴിവാക്കി തരുന്ന ഈ പ്രമാണത്തിനു പിന്നാലെ അവരുടെ കണ്ണുകളും ഉണ്ടാകുമെന്നത് മറക്കരുത്. വിശ്വാസ്യതക്കായി രേഖാമൂലം ഉറപ്പ് കൊടുക്കണം. ഈ ഉറപ്പാണ് ഈ പ്രമാണത്തിന്റെ അവശ്യഘടകം. അതാത് സംസ്ഥാനങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിയമം അനുസരിച്ച് വേണം ഇത് തയ്യാറാക്കാന്‍. പക്ഷെ തുകയ്ക്കനുസരിച്ചല്ല, നൂറോ, ഇരുന്നൂറ് ഒക്കെ ആയിരിക്കാം. ഇത് കമ്പനിയുടെ എം ഡി തനിച്ചോ രണ്ട് ഡയറക്ടര്‍മാര്‍ കൂടിയോ, പാര്‍ട്ണര്‍മാരാണെങ്കില്‍ അവര്‍ കൂടിയോ, പ്രൊപ്രൈറ്റര്‍ തനിയെയോ ആണ് ഒപ്പിടേണ്ടത്. ഇതിനു ശേഷമേ ഇറക്കുമതി ചെയ്യാനാവൂ.
പഴയ പതിവനുസരിച്ച് ഓരോ ഇറക്കുമതിയും ഓതറൈസേഷന്റെ പിന്നില്‍ കൊടുത്തിരുന്ന സ്ഥലങ്ങളില്‍ എഴുതേണ്ടിയിരുന്നു. ഇപ്പോള്‍ അതില്‍ അങ്ങനയൊന്നും ഇല്ല. പകരം നേരിട്ട് 'ആക്ടിവിറ്റി ഹിസ്റ്ററിയില്‍' കാണാം. അതിന്റെ പകര്‍പ്പെടുത്തു വെക്കാന്‍ കഴിയുമെങ്കില്‍ നന്ന്.
കയറ്റുമതി നടക്കുമ്പോളും അതിന്റെ പ്രധാന പ്രമാണമായ ഷിപ്പിംഗ് ബില്ലില്‍ ഇതെല്ലാം എഴുതിയിരിക്കണം. ഇപ്പോഴത്തെ നിയമം അനുസരിച്ച്, കയറ്റുമതി ഉല്‍പ്പന്നത്തിന്റെ പേരും അത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത സാധനങ്ങളുടെ പേരും തോതും കാണിച്ചിരിക്കണം.
ഇറക്കുമതിയും കയറ്റുമതിയും കഴിഞ്ഞതിനു ശേഷം ഇവയെല്ലാം കൂടി ഡിജിഎഫ്ടിക്ക് തിരിച്ചു നല്‍കണം. അവര്‍ എല്ലാ പരിശോധനകളും കഴിഞ്ഞ് അതനുസരിച്ച് വിമുക്തി സര്‍ട്ടിഫിക്കറ്റു തരും. അത് കസ്റ്റംസിന് നല്‍കി അവര്‍ക്ക് കൊടുത്തിരുന്ന പ്രമാണം തിരികെ വാങ്ങണം. അപ്പോഴേ പരിപൂര്‍ണ്ണ മുക്തിയാവുന്നുള്ളു.
ഉല്‍പ്പാദന പ്രക്രിയക്കു സാധ്യതയുണ്ടെങ്കിലേ ഈ ഓതറൈസേഷന് അര്‍ഹതയുള്ളൂ. അവ രണ്ട് താരത്തിലാകാം. മുഴുവന്‍ പ്രക്രിയ (ഇതില്‍ അര്‍ദ്ധ പ്രക്രിയയുമാവാം) എന്ന് പറഞ്ഞാല്‍ സംയോജന പ്രക്രിയയും ഉള്‍പ്പെടും. അതായത് ഇറക്കു മതി ചെയ്ത സാധനങ്ങള്‍ അതെ രൂപത്തില്‍ കയറ്റുമതി ചെയ്യാന്‍ പാടില്ല. ഇലക്ട്രോണിക് സാധനങ്ങളാണെങ്കില്‍ നെറ്റ് നെറ്റ് അടിസ്ഥാനത്തിലാവും, അതായത് ഇറക്കുമതി ചെയ്തത് മുഴുവന്‍ സംയോജന (അസംബ്ലിംഗ് ) പ്രക്രിയയില്‍ ഉപയോഗിച്ചിരിക്കണം. ഉല്‍പ്പാദന പ്രക്രിയ ആണെങ്കില്‍ അതില്‍ നഷ്ടം വരുന്നതും കൂട്ടിയാണ് ഇറക്കുമതിക്കുള്ള തോത് നിശ്ചയിക്കുന്നത്. അതിന്റെ കണക്കുകൂടി സൂക്ഷിക്കണം.
തീരുവ ഒഴിവാക്കി ഇറക്കുമതി ചെയ്ത സാധനങ്ങള്‍ അതെ രൂപത്തില്‍ കയറ്റുമതി ചെയ്യാനോ സ്വദേശീയ വിപണിയില്‍ വില്‍ക്കാനും അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്, ആ ഓതറൈസേഷന്‍ റദ്ദ് ചെയ്യപ്പെടും, മാത്രമല്ല സാമ്പത്തിക പിഴയും ഒടുക്കേണ്ടി വരും. പറഞ്ഞ സമയത്തിനകം നല്‍കിയില്ലെങ്കില്‍ മറ്റേതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ നമുക്ക് കിട്ടാനുള്ള തുക നേരിട്ട് പിടിക്കും.
എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് രേഖാമൂലം അറിയിച്ചാല്‍ ആറുമാസം വീതം കയറ്റുമതി, ഇറക്കുമതി സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.


Related Articles
Next Story
Videos
Share it