

ജ്വല്ലറി റീറ്റെയ്‌ലര്‍ കാരറ്റ്ലെയ്നിലെ ശേഷിക്കുന്ന 27.18% വരുന്ന 91,90,327 ഓഹരികള്‍ 4,621 കോടി രൂപയ്ക്ക് വാങ്ങി ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റന്‍. കാരറ്റ്ലെയ്നിനു 17,000 കോടി രൂപ മൂല്യം വിലയിരുത്തിയാണ് ഈ ഇടപാട്.
കാരറ്റ്ലെയ്നിന്റെ മൊത്തം 71.09% ഓഹരികളാണ് ടൈറ്റന്റെ കൈവശമുണ്ടായിരുന്നത്. കാരറ്റ്ലെയ്ന്‍ സ്ഥാപകന്‍ മിഥുന്‍ സഞ്ചേതിന്റെ 27.18% ഓഹരികൾ കൂടി ഏറ്റെടുത്തതോടെ ടൈറ്റനില്‍ കാരറ്റ്ലെയ്ന്‍ കമ്പനിയുടെ ഓഹരി 98.28 ശതമാനമായി വർധിച്ചു.
ഫ്‌ലിപ്പ്കാര്‍ട്ടിനെ സ്ഥാപകരായ സച്ചിനും ബിന്നി ബന്‍സാലും വാള്‍മാര്‍ട്ടിന് വിറ്റതായിരുന്നു സ്ഥാപകർ പൂർണ്ണമായും വിറ്റൊഴിഞ്ഞ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ഏറ്റവും വലിയ വിറ്റഴിക്കല്‍ ഇടപാട്. മിഥുന്‍ സഞ്ചേതിന്റെ കാരറ്റ്ലെയ്ന്‍ ഓഹരികൾ വിറ്റൊഴിയുന്ന ഈ ഇടപാട് രണ്ടാം സ്ഥാനത്താണ്.
തനിഷ്‌കിന്റെ കൈപിടിച്ച്
ആഭരണങ്ങളുടെ നിര്‍മ്മാണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്ന ലിസ്റ്റ് ചെയ്യപ്പെടാത്ത സ്വകാര്യ കമ്പനിയാണ് ടൈറ്റന്റെ അനുബന്ധ സ്ഥാപനമായ കാരറ്റ്ലെയ്ന്‍. 2007ലാണ് കാരറ്റ്ലെയ്ന്‍ ആരംഭിച്ചത്.2010 ൽ ഓൺലൈൻ വ്യാപാരത്തിലേക്കും ചുവടുവച്ച കാരറ്റ്ലെയ്ന്‍ ഇതേ വര്‍ഷം മുതൽ ടൈറ്റന്റെ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌കുമായി കമ്പനി സഹകരിച്ചുപോന്നു. പിന്നീട് 2016 ലാണ് ടൈറ്റന്‍ ആദ്യമായി കാരറ്റ്ലെയ്നിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നത്.
ടൈറ്റന്‍ ഏഴ് വര്‍ഷം മുമ്പ് കാരറ്റ്ലെയ്നിലെ 62% ഓഹരി യു.എസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടില്‍ നിന്നും വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബലില്‍ നിന്നും ഏകദേശം 357 കോടി രൂപയ്ക്ക് (അന്ന് 53 മില്യണ്‍ ഡോളര്‍) വാങ്ങിയിരുന്നു. ഇടപാടില്‍ കമ്പനിക്ക് ഏകദേശം 576 കോടി രൂപയായിരുന്നു മൂല്യം. തനിഷ്‌കിന്റെ പങ്കാളിത്തത്തോടെ ബ്രാന്‍ഡ് അതിവേഗം വളര്‍ന്നു.
മികച്ച വളര്‍ച്ച
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കാരറ്റ്ലെയ്നിന്റെ വിറ്റുവരവ് 2,177 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 1,267 കോടി രൂപയും. ജൂൺ പാദത്തില്‍ 11 പുതിയ സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യയിലുടനീളം 93 നഗരങ്ങളിലായി 233 സ്റ്റോറുകള്‍ കാരറ്റ്ലെയ്‌നിനുണ്ട്. നിലവിലെ 27.18% ഓഹരികളുടെ ഏറ്റെടുക്കല്‍ നടപടികള്‍ ഒക്ടോബര്‍ 31 ന് പൂര്‍ത്തിയാകും.
Read DhanamOnline in English
Subscribe to Dhanam Magazine