അറ്റാദായത്തിലും വരുമാനത്തിലും മികച്ച പ്രകടനവുമായി ടോറന്റ് പവര്‍

ഡിസംബര്‍ പാദത്തില്‍ ടോറന്റ് പവര്‍ ലിമിറ്റഡിന്റെ അറ്റാദായം 88 ശതമാനം വര്‍ധിച്ച് 694.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 369.4 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ മൊത്തവരുമാനം 71 ശതമാനം വര്‍ധിച്ച് 6442.8 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 3767.4 കോടി രൂപയായിരുന്നു.

പ്രവര്‍ത്തന വരുമാനം (EBITDA -earnings before interest, tax, depreciation, and amortisation) മൂന്നാം പാദത്തില്‍ 53 ശതമാനം ഉയര്‍ന്ന് 1527 കോടി രൂപയായി. വിതരണ ബിസിനസുകളില്‍ നിന്നുള്ള ആദായം വര്‍ധിച്ചതാണ് വരുമാനം വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കമ്പനി ഒരു ഓഹരിക്ക് 22 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2730 മെഗാവാട്ട് വാതക അധിഷ്ഠിത ശേഷി, 1068 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി, 362 മെഗാവാട്ട് കല്‍ക്കരി അധിഷ്ഠിത ശേഷി എന്നിവ ഉള്‍പ്പടെ ടോറന്റ് പവര്‍ ലിമിറ്റഡിന്റെ മൊത്തം സ്ഥാപിത ഉല്‍പാദന ശേഷി 4160 മെഗാവാട്ടാണ്.

Related Articles
Next Story
Videos
Share it