തീവണ്ടി യാത്രക്കാരുടെ എണ്ണത്തില്‍ 52 കോടിയുടെ കുതിപ്പ്; വരുമാനത്തിലും നേട്ടത്തിന്റെ ചൂളംവിളി

ഓരോ ദിവസവും പുതുതായി സ്ഥാപിക്കുന്നത് 14 കിലോമീറ്റര്‍ റെയില്‍പ്പാത
Railway
Image : Canva
Published on

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തന കണക്കുകളുമായി ഇന്ത്യന്‍ റെയില്‍വേസ് (Indian Railways). നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 15 വരെയുള്ള കാലയളവിലായി മൊത്തം 1,500 മില്യണ്‍ ടണ്‍ ചരക്കുകളാണ് റെയില്‍വേ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷത്തെ മൊത്തം ചരക്കുനീക്കം 1,512 മില്യണ്‍ ടണ്ണായിരുന്നു. നടപ്പുവര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച കൂടി ശേഷിക്കേ കഴിഞ്ഞവര്‍ഷത്തെ കണക്കുകളെ മറികടക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഇത് റെക്കോഡുമായിരിക്കും.

വരുമാനത്തില്‍ വന്‍ കുതിപ്പ്

നടപ്പുവര്‍ഷം മാര്‍ച്ച് 15 വരെയുള്ള കണക്കുപ്രകാരം ചരക്കുനീക്കം, യാത്ര ടിക്കറ്റ് എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നായി മൊത്തം 2.40 ലക്ഷം കോടി രൂപയുടെ വരുമാനം റെയില്‍വേ നേടിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2022-23) മൊത്തവരുമാനമായ 2.23 ലക്ഷം കോടി രൂപയേക്കാള്‍ 17,000 കോടി രൂപയുടെ വര്‍ധന. അതേസമയം, 2.26 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷം ഇതുവരെ റെയില്‍വേയുടെ മൊത്തം ചെലവ്.

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്

നടപ്പുവര്‍ഷം മാര്‍ച്ച് 15 വരെ ട്രെയിന്‍ യാത്ര നടത്തിയത് 648 കോടിപ്പേരാണ്. കഴിഞ്ഞവര്‍ഷത്തെ 596 കോടിപ്പേരേക്കാള്‍ 52 കോടിപ്പേരുടെ വര്‍ധന. നടപ്പുവര്‍ഷം ഇതിനകം പുതുതായി 5,100 കിലോമീറ്റര്‍ നീളത്തില്‍ പുതിയ പാതകള്‍ സ്ഥാപിച്ചുവെന്നും ഓരോ ദിവസവും പുതുതായി നിര്‍മ്മിക്കുന്നത് ശരാശരി 14 കിലോമീറ്റര്‍ പാതയാണെന്നും റെയില്‍വേ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com