തൊഴിലാളി യൂണിയന്‍ സമരമൊഴിയാതെ കല്‍പ്പറ്റ നഗരം, ഇത്തവണ ഇര ടിപി ടൈല്‍സ്

സംസ്ഥാനത്തെ ബിസിനസ് സൗഹൃദമാക്കി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ശ്രമം തുടരുമ്പോള്‍ മറുവശത്ത് തൊഴിലാളി യൂണിയനുകളുടെ സമരങ്ങള്‍ സജീവം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് നോക്കൂകലി സമരത്തിന് പിന്നാലെ വയനാട്ടിലെ കല്‍പ്പറ്റ നഗരത്തിലെ തന്നെ ടൈല്‍സ് ഷോറൂമായ ടിപി ടൈല്‍സാണ് ഇപ്പോള്‍ തൊഴിലാളി യൂണിയനുകളുടെ സമരം കാരണം പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി തൊഴിലാളി യൂണിയനുകള്‍ സമരപ്പന്തല്‍ കെട്ടി ആരംഭിച്ച സമരം ഇന്നലെ അക്രമരീതിയിലേക്ക് മാറിയതോടെ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. ഇതിന് പുറമെ, ഗോഡൗണിലേക്കുള്ള വാഹനങ്ങള്‍ തടയുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നതും കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് നേരിടേണ്ടി വരുന്നതെന്ന് ടിപി ടൈല്‍സ് അധികൃതര്‍ പറയുന്നു.

പതിറ്റാണ്ടുകളായി ടൈല്‍സ് വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടിപി ടൈല്‍സ്. വയനാട്ടിലും കോഴിക്കോടുമായി 33 ബ്രാഞ്ചുകള്‍ ഈ സ്ഥാപനത്തിന് കീഴിലുണ്ട്. ഇവിടങ്ങളിലായി 1500 ലധികം ജീവനക്കാരും ജോലി ചെയ്യുന്നു. നിലവില്‍ നോക്കുകൂലി സമരം നടക്കുന്ന കല്‍പ്പറ്റയിലെ കടയില്‍ മാത്രം ഇരുന്നൂറോളം ജീവനക്കാരുണ്ട്. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്ന തീരുമാനത്തിലാണ് മാനേജ്‌മെന്റ്.

പ്രശ്‌നങ്ങളുടെ തുടക്കം ഇങ്ങനെ

കല്‍പ്പറ്റയില്‍ മൂന്ന് പതിറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് ടിപി ടൈല്‍സ്. ഈ കാലങ്ങളിലൊക്കെയും യൂണിയന്‍ തൊഴിലാളികള്‍ തന്നെയായിരുന്നു സ്ഥാപനത്തിലെ കയറ്റിറക്ക് ജോലികള്‍ ചെയ്തിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് യൂണിയന്‍ തൊഴിലാളികളെ യഥാസമയം ജോലിക്ക് ലഭിക്കാതെ വന്നപ്പോള്‍ ബിസിനസില്‍ നഷ്ടം വരുന്ന സാഹചര്യത്തിലാണ് ലേബര്‍ കാര്‍ഡുള്ള സ്വന്തം തൊഴിലാളികളെ നിയമിക്കുന്നതിന് ടിപി ടൈല്‍സ് മാനേജ്‌മെന്റ് നീക്കവുമായി മുന്നോട്ടുപോയത്. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്ന് ടിപി ടൈല്‍സ് ജനറല്‍ മാനേജര്‍ അബേഷ് ധനത്തോട് പറഞ്ഞു.

തുടക്കത്തില്‍ 20 ലേബര്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് ഡിഎല്‍ഒയെ സമീപിച്ചിരുന്ന ടിപി ടൈല്‍സിന് അനുമതി ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി 15 തൊഴിലാളികളെ നിയമിക്കുന്നതിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അനുമതിയും നല്‍കി. തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ തൊഴിലാളികളെ നിയമിച്ച് കയറ്റിറക്ക് പ്രവര്‍ത്തികളും ചെയ്ത് തുടങ്ങി. ഇതോടെയാണ് തൊഴിലാളി യൂണിയന്‍ സമരവുമായി രംഗത്തെത്തിയതെന്ന് അബേഷ് പറയുന്നു.

''തൊഴിലാളി യൂണിയന്‍ സമരം തുടങ്ങിയതോടെ വാഹനങ്ങള്‍ തടയാനും ഉപഭോക്താക്കളെ പിന്തിരിപ്പിക്കാനും തുടങ്ങി. ഗോഡൗണിലേക്കുള്ള വാഹനങ്ങള്‍ 2-3 ദിവസത്തോളമാണ് തടയുന്നത്. ഇങ്ങനെ വരുമ്പോള്‍ ഡ്രൈവറുടെ ചെലവും വാഹനത്തിന്റെ ചെലവുമടക്കം കനത്ത തുകയാണ് നഷ്ടം നേരിടേണ്ടി വരുന്നത്. ഈ പ്രശ്‌നം നിയമപരമായി തന്നെ നേരിടാനാണ് മാനേജ്‌മെന്റ് തീരുമാനം. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ 40 ലധികം ചര്‍ച്ചകളും നടന്നു. പക്ഷേ, യാതൊരു പരിഹാരങ്ങളുമുണ്ടായിട്ടില്ല. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ 200 ഓളം പേര്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടുമെന്ന തീരുമാനത്തിലാണ് മാനേജ്‌മെന്റ്'' - അബേഷ് പറഞ്ഞു.

തൊഴിലാളികള്‍ പറയുന്നത്

പതിറ്റാണ്ടുകളായി കയറ്റിറക്ക് ജോലികള്‍ നടത്തിയവരുടെ തൊഴില്‍ സംരംക്ഷിക്കുന്നതിനാണ് സമരം നടത്തുന്നതെന്നാണ് തൊഴിലാളി യൂണിയന്‍ പറയുന്നത്. '' മൂന്ന് പതിറ്റാണ്ടോളം അവിടെ ജോലി ചെയ്തത് യൂണിയന്‍ തൊഴിലാളികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ 26എ കാര്‍ഡുള്ള 15 തൊഴിലാളികളെയാണ് സ്ഥാപനം നിയമിച്ചിരിക്കുന്നത്. 15 പേരുടെ ജോലിക്ക് പുറമെയുള്ള കയറ്റിറക്ക് ജോലികള്‍ യൂണിയന്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്'' ഐഎന്‍ടിയുസി വയനാട് ജില്ലാ പ്രസിഡന്റ് പിപി അലി ധനത്തോട് പറഞ്ഞു.


Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it