റെയ്ഞ്ച് ഇല്ലാത്ത കെട്ടിടങ്ങള്‍ ഇനി മുന്‍കൂട്ടി അറിയാം, ഡിജിറ്റല്‍ കണക്ടിവിറ്റി റേറ്റിങ് നല്‍കാന്‍ കേന്ദ്രം
രാജ്യത്തെ കെട്ടിട സമുച്ഛയങ്ങള്‍ക്ക് കണക്ടിവിറ്റി റേറ്റിങ് നല്‍കുന്നതുമായി ബന്ധപ്പെട്ട നയരേഖ ടെലികേം റെഗുലേറ്ററി അതോറിറ്റി (ട്രായി) പുറത്തിറക്കി. കെട്ടിടങ്ങള്‍ക്കുള്ളിലെ ഇന്റര്‍നെറ്റ്, ഫോണ്‍ കണക്ടിവിറ്റി അനുസരിച്ച് റേറ്റിങ് നല്‍കാനാണ് ട്രായിയുടെ നിര്‍ദ്ദേശം. ഉപഭോക്താക്കളുടെ അഭിപ്രായം, നേരിട്ടുള്ള പരിശോധന തുടങ്ങിയവയെ അടിസ്ഥാനമാക്കി പോയിന്റ് അല്ലെങ്കില്‍ 5 സ്റ്റാര്‍ റേറ്റിങ് ആവും നല്‍കുക. കണക്ടിവിറ്റിയുടെ തോത് അറിയാനായി കെട്ടിടങ്ങളിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്പും അവതരിപ്പിക്കും.
ഡിജിറ്റല്‍ കണക്ടിവിറ്റി പരിശോധിക്കാനും റേറ്റിങ് നല്‍കാനും പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തും. മാളുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി വലിയ കെട്ടിട സമുച്ഛയങ്ങള്‍ക്കെല്ലാം കണക്ടിവിറ്റി റേറ്റിങ് നല്‍കും. പൊതു കെട്ടിടങ്ങളില്‍ റേറ്റിങ് നിര്‍ബന്ധമാക്കും. എന്നാല്‍ സ്വകാര്യ കെട്ടിടങ്ങളില്‍ റേറ്റിങ് നിര്‍ബന്ധമാക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഒരു പ്രദേശത്തെ ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് ട്രായിയുടെ നയരേഖ.
കെട്ടിടങ്ങളുടെ പൂര്‍ത്തീകരണ വേളയിലെ ഒരു നിര്‍ണായക ഘടകമായി ഡിജിറ്റല്‍ കണക്ടിവിറ്റിയെ നിയമപരമായി ഉള്‍പ്പെടുത്തണം എന്നതാണ് ട്രായിയുടെ നിലപാട്. ഡിജിറ്റല്‍ കണക്ടിവിറ്റി ഉള്ള മേഖലകളില്‍ പോലും കെട്ടിട സമുച്ഛയങ്ങളുടെ ഉള്ളില്‍ സ്ഥിതി പരിതാപകരമാണ്. കൊവിഡിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസുകളും ആരംഭിച്ചപ്പോള്‍ ഉയര്‍ന്ന പ്രധാന പരാതി വിടുകള്‍ക്കുള്ളിലെ ഉള്ളിലെ കണക്ടിവിറ്റിയെ കുറിച്ചായിരുന്നു. ട്രായി പുറത്തിറക്കിയ നയരേഖയില്‍ മെയ് എട്ടുവരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.