ഇനി ഉപഭോക്താക്കള്‍ പരാതി നല്‍കേണ്ട; വ്യാജ കോളുകള്‍ എഐ വഴി കണ്ടെത്തി പൂട്ടാന്‍ ട്രായ് നിര്‍ദേശം, സ്വയം ബ്ലോക്ക് ചെയ്യാം

സ്പാം കോളര്‍മാരെ കോളര്‍ ഐഡി സംവിധാനം വഴി തിരിച്ചറിയാം; ലംഘനം നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് നമ്പര്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്യും
spam fraud
Image Courtesy: Canva
Published on: 

വ്യാജ സന്ദേശങ്ങളും ശല്യമാകുന്ന കോളുകളും (Spam Calls) തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). ഉപഭോക്താക്കള്‍ പരാതി നല്‍കുന്നതുവരെ കാത്തുനില്‍ക്കാതെ, നിര്‍മിത ബുദ്ധി (AI) അധിഷ്ഠിത സിസ്റ്റങ്ങള്‍ വഴി തിരിച്ചറിയുന്ന സ്പാം കോളര്‍മാര്‍ക്കെതിരെ നേരിട്ട് നടപടിയെടുക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കി.

'ടെലികോം കൊമേഴ്സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് തിരുത്തല്‍ ചട്ടങ്ങള്‍, 2026' (TCCCPR) ഭേദഗതി ചെയ്താണ് റെഗുലേറ്റര്‍ പുതിയ ഉത്തരവിറക്കിയത്. സ്പാമര്‍മാരെ കണ്ടെത്തിയാല്‍ അവരുടെ കെവൈസി (KYC) പുനഃപരിശോധിക്കാനും കണക്ഷനുകള്‍ വിച്ഛേദിക്കാനും ആവശ്യമെങ്കില്‍ നിയമപാലകര്‍ക്ക് പരാതി നല്‍കാനും സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

ഒരു വര്‍ഷത്തേക്ക് വിലക്ക്

എഐ സംവിധാനം വഴി കണ്ടെത്തുന്ന ആദ്യ ലംഘനത്തിന് തന്നെ ഉടമയുടെ പേരിലുള്ള മുഴുവന്‍ കണക്ഷനുകളില്‍ നിന്നുമുള്ള ഔട്ട്ഗോയിംഗ് സേവനങ്ങള്‍ 15 ദിവസത്തേക്ക് റദ്ദാക്കും. തുടര്‍ച്ചയായി ലംഘനം നടത്തുന്നവരെ ഒരു വര്‍ഷത്തേക്ക് പൂര്‍ണമായി ബ്ലാക്ക്ലിസ്റ്റ് ചെയ്യും. ഈ കാലയളവില്‍ ഒരു കമ്പനിയില്‍ നിന്നും പുതിയ കണക്ഷന്‍ ലഭിക്കില്ല. എന്നാല്‍ അടിയന്തര സേവനങ്ങള്‍ വിളിച്ച് ലഭിക്കുന്നതിനായി ഒരു നമ്പര്‍ മാത്രം നിബന്ധനകളോടെ അനുവദിക്കും.

കഴിഞ്ഞ 10 ദിവസത്തിനിടെ ഒരു കോളറുടെ 5 സന്ദേശങ്ങളോ കോളുകളോ എഐ ഫില്‍ട്ടറില്‍ കുടുങ്ങിയാല്‍ മുഴുവന്‍ സര്‍വീസ് പ്രൊവൈഡര്‍മാരും സംയുക്തമായി നടപടിയെടുക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. 30 മുതല്‍ 90 ദിവസത്തിനുള്ളില്‍ പുതിയ ചട്ടങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കും.

ട്രൂകോളര്‍ പോലെയുള്ള ആപ്പുകള്‍ക്ക് നിയന്ത്രണം

വാണിജ്യ ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ഉപയോഗിക്കുന്ന 160 സീരീസില്‍ തുടങ്ങുന്ന നമ്പറുകള്‍ ട്രൂകോളര്‍ (Truecaller) പോലുള്ള തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ബ്ലോക്ക് ചെയ്യാനോ ഫില്‍ട്ടര്‍ ചെയ്യാനോ ടാഗ് ചെയ്യാനോ അനുമതിയുണ്ടായിരിക്കില്ല. അതേസമയം ഉപഭോക്താക്കള്‍ക്ക് സ്വന്തം ഫോണിലെ സെറ്റിംഗ്‌സ് വഴി ഇത്തരം കോളുകള്‍ തടയാനുള്ള സ്വാതന്ത്യ്രം ഉണ്ടായിരിക്കും.

ബിസിനസ്, പ്രൊമോഷനല്‍ കോളുകള്‍ പൂര്‍ണമായി തടയാന്‍ ആഗ്രഹിക്കുന്നവര്‍ 'BLOCK PROMO' എന്ന് 1909 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതിയാകും. ഇത് പ്രൊമോഷനല്‍ കോളുകള്‍ മാത്രമായിരിക്കും തടയുക; ബാങ്ക് ഒടിപി, മറ്റ് സര്‍വീസ് മെസേജുകള്‍ എന്നിവ തടസ്സമില്ലാതെ ലഭിക്കും.

ബാങ്കിംഗ്, ചിട്ടി സ്ഥാപനങ്ങള്‍, വായ്പാ വാഗ്ദാനങ്ങള്‍ എന്നിവയുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് നിരന്തരം ലഭിക്കുന്ന അനാവശ്യ കോളുകള്‍ക്ക് തടയിടാന്‍ പുതിയ നീക്കം ഉപകരിക്കും. സൈബര്‍ തട്ടിപ്പുകാര്‍ വ്യാജ നമ്പറുകള്‍ വഴി ആളുകളെ ചതിക്കുന്നത് തടയാനും ട്രായിയുടെ പുതിയ എഐ ഫില്‍ട്ടറിംഗ് സംവിധാനം വലിയ ആശ്വാസമാകും.

Telecom regulator TRAI orders operators to proactively disconnect and blacklist spam callers identified by AI systems, eliminating the need for user complaints.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com