5ജി സ്‌പെക്ട്രം നിരക്കുകള്‍ വെട്ടിക്കുറച്ചു; സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ

5ജി സ്‌പെക്ട്രം ലേലത്തിനായുള്ള എല്ലാ ഫ്രീക്വന്‍സി ബാന്‍ഡുകളുടെയും അടിസ്ഥാന വില കുത്തനെ കുറച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായി). 36 ശതമാനത്തോളമാണ് അടിസ്ഥാന വിലയില്‍ കുറവ് വരുക. സ്‌പെക്ട്രം വില 90 ശതമാനം കുറയ്ക്കണമെന്നായിരുന്നു ടെലികോം കമ്പനികളുടെ ആവശ്യം.

2018ല്‍ 3300-3670 മെഗാഹെര്‍ട്‌സ് ബാന്‍ഡിന് 492 കോടി രൂപയായിരുന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. പുതിയ ശുപാര്‍ശ അനുസരിച്ച് വില 314 കോടിയോളമായി കുറയും. 5ജി ലേലത്തിനുള്ള ശുപാര്‍ശ ട്രായി ടെലികോം വകുപ്പിന് സമര്‍പ്പിച്ചു. സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ അനുവദിക്കാമെന്നതിനോടും ട്രായി അനുകൂല നിലപാടാണ് സ്വീകരിച്ചത്. വരുമാന നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ അനുവദിക്കരുതെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.

20 വര്‍ഷത്തേക്കാണ് സ്‌പെക്ട്രം അനുവദിക്കുക. തവണകളായി സ്പെക്ട്രം തുക നല്‍കാനുള്ള സൗകര്യവും മൊറട്ടോറിയവും അനുവദിക്കണമെന്ന ശുപാര്‍ശയും ട്രായി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 15ന് രാജ്യത്ത് 5ജി അവതരിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മെയ് മാസത്തോടെ ലേല നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ടെലികോം വകുപ്പിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മുതല്‍ 700 മെഗാഹെര്‍ട്‌സ്, 3.5 ജിഗാ ഹെര്‍ട്‌സ്, 26 ജിഗാഹെര്‍ഡ്‌സ് ബാന്‍ഡുകളില്‍ ടെലികോം കമ്പനികള്‍ 5ജി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

കേരളത്തില്‍ 600,700 മെഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ക്ക് 110 കോടി രൂപയും 800 മെഗാഹെര്‍ട്‌സിന് 103 കോടി രൂപയുമാണ് അടിസ്ഥാന വില. 900 മെഗാഹെര്‍ട്‌സ്- 213 കോടി രൂപ, 1800 മെഗാഹെര്‍ട്‌സ്- 58 കോടി രൂപ, 2100 മെഗാഹെര്‍ട്‌സ്- 48 കോടി രൂപ എന്നിങ്ങനെയാണ് കേരളത്തിലെ വിവധ ഫ്രീക്വന്‍സി ബാന്‍ഡുകളുടെ അടിസ്ഥാന വില.;

Related Articles
Next Story
Videos
Share it