
സാമ്പത്തിക മാന്ദ്യത്തിന് പുറമെ കൊറോണ പ്രതിസന്ധി പിടിമുറുക്കിയ ചരക്കു നീക്ക മേഖല പൂര്‍ണമായും അവതാളത്തില്‍. 30,000 ത്തോളം ട്രക്കുകളാണ് പിന്മാറുന്നത്. കടക്കെണിയിലേക്ക് അകപ്പെട്ട ചരക്ക് ലോറി ഉടമകള്‍ക്കും മേഖലയിലെ തൊഴിലാളികള്‍ക്കും മോറട്ടോറിയം കാലാവധി കഴിഞ്ഞതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. പലരും വാഹനങ്ങളുടെ ബുക്കും പേപ്പറും പണയപ്പെടുത്തിയാണ് ലോണുകളും ചെറുവായ്പകളുമെല്ലാം എടുത്തിരുന്നത്. എന്നാല്‍ ചരക്കു നീക്ക മേഖലയില്‍ മെല്ലെപ്പോക്ക് തുടര്‍ന്നതോടെ ഉപജീവനം കണ്ടെത്താന്‍ ഇവര്‍ക്ക് മറ്റ് തൊഴിലുകളെ ആശ്രയിക്കേണ്ടി വരികയാണ്.
രാജ്യത്ത് ഇന്നുള്ള ചരക്ക് ലോറികളില്‍ 40 ശതമാനവും കഴിഞ്ഞ വര്‍ഷം വാങ്ങിയവയാണ്. എന്നാല്‍ ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുകയും പലിശ നല്‍കാന്‍ പോലും മാര്‍ഗമില്ലാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വാഹനം വിട്ടു നല്‍കേണ്ട അവസ്ഥയിലേക്ക് പലരും കടന്നതായി ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് സെന്റര്‍ പ്രതിനിധി പറയുന്നു. വലിയ തോതില്‍ ചരക്കു നീക്കം സാധ്യമാക്കുന്ന വാഹനങ്ങള്‍ക്കാണ് പ്രതിസന്ധി ഏറെ അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് തന്ത്രപ്രധാനമായതാണ് ചരക്ക് നീക്കവും. എന്നാല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ നീങ്ങുകയാണ്. ലോക്ഡൗണ്‍ കാലത്ത് വിവിധ പ്രദേശങ്ങളില്‍ പെട്ടുപോയ ട്രക്കുകളും അവയിലെ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നില്ല എന്നതിനാല്‍ പല സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്ന അവസ്ഥയുമുണ്ടെന്ന് മുംബൈയില്‍ നിന്നുള്ള ട്രക്ക് ഉടമകള്‍ പറയുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ട്രക്ക് ഉടമകള്‍ക്ക് 80 ശതമാനം വരെ വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ നല്‍കാന്‍ തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും പ്രായോഗികതയില്‍ ഇവരൊന്നും ലോണ്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ഉള്ള വായ്പകള്‍ എങ്ങനെയും തിരികെ പിടിക്കാനുള്ള ഓട്ടത്തിലാണ് ഇവരെന്നുമാണ് ട്രക്ക് ഉടമകള്‍ പറയുന്നത്.
പഴങ്ങളും പച്ചക്കറികളുമായി വിവിധ സംസ്ഥാനങ്ങള്‍ ചുറ്റിയിരുന്ന ചരക്ക് വാഹനങ്ങളുടെ യാത്രയുടെ തവണകളും കുറഞ്ഞിട്ടുണ്ട്. ഡീസല്‍ വില, ടോള്‍, ടയറുകള്‍ക്കും മറ്റ് സര്‍വീസുകള്‍ക്കും വേണ്ടി വരുന്ന തുക എന്നിവ പോലും ഈ ചരക്ക് നീക്കത്തില്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. മോറട്ടോറിയം കാലാവധി തീര്‍ന്നതു മുതല്‍ ബാങ്ക് നോട്ടീസുമായാണ് പലരും യാത്ര ചെയ്യുന്നത്. അതും പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരുമോ, പട്ടിണിയിലേക്ക് മടങ്ങുമോ എന്ന ആശങ്കയിലും.
Read DhanamOnline in English
Subscribe to Dhanam Magazine