മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുമായി ട്രാവന്‍കൂര്‍ ടൈറ്റാനിയം

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് അഞ്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി. റോഡ് മാര്‍ക്കിങ്ങ് പെയിന്റ്, അയണ്‍ ഓക്‌സൈഡ്, ജിപ്‌സം, ബ്രിക്‌സ്, ഇന്റര്‍ലോക്ക് ടൈല്‍ എന്നീ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാണ് ഇന്ന് വിപണിയില്‍ ഇറക്കിയത്.

ഇവയുടെ വിപണനോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ. പി ജയരാജന്‍ നിര്‍വ്വഹിച്ചു.

2011-16 വരെ നഷ്ടത്തിലായിരുന്നു ടൈറ്റാനിയം. 2016-17 സാമ്പത്തികവര്‍ഷം 8.52 കോടി രൂപ ലാഭത്തില്‍ എത്തി. 2017-18 സാമ്പത്തികവര്‍ഷം ലാഭം 18.31 കോടിയായി. 2018-19 സാമ്പത്തികവര്‍ഷത്തിലെ ആദ്യ ഏഴു മാസം കൊണ്ട് 17 കോടി രൂപ ലാഭം നേടി. ഇപിഎഫ്, എക്‌സൈസ് ഡ്യൂട്ടി എന്നി ഉള്‍പ്പെടെ 10 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ക്കുകയും ചെയ്തു.

ഉല്‍പ്പാദനത്തിലെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് പുതിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഉറക്കിയത്. ടൈറ്റാനിയത്തിലെ ഗവേഷണവിഭാഗമാണ് ഇവ വികസിപ്പിച്ചെടുത്തത്. കമ്പനി കാമ്പസില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ഈ ഉലപ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

ട്രാഫിക്ക് നിയന്ത്രണത്തിനും സുരക്ഷ ഉറപ്പാക്കാനും റോഡില്‍ വരയിടുന്നതിനുള്ള മാര്‍ക്കിങ്ങ് പെയിന്റിന്റെ കേരളത്തിലെ ആദ്യ നിര്‍മാതാക്കളാണ് ടൈറ്റാനിയം. കമ്പനി കാമ്പസിലും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ റോഡുകളിലും പരീക്ഷിച്ചു മികച്ചഫലം കണ്ടതോടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിപണിയില്‍ ഇറക്കുകയായിരുന്നു. പ്രതിവര്‍ഷം അയ്യായിരം ടണ്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. പിന്നീട് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും.

പെയിന്റ്, പ്ലാസ്റ്റിക്ക്, പേപ്പര്‍, മഷി, ടൈല്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ നിറങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്നതാണ് അയണ്‍ ഓക്‌സൈഡ്. അജന്റോക്‌സ് റെഡ്, അജന്റോക്‌സ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ബ്രാന്‍ഡുകളില്‍ വിപണിയിലിറക്കി. ഉല്‍പ്പാദന പ്രക്രിയയില്‍ പുറന്തള്ളുന്ന മാലിന്യത്തില്‍ നിന്നാണ് ഇവ ഉല്‍പ്പാദിപ്പിക്കുന്നത്.

സിമന്റ് നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ ജിപ്‌സം, അജന്റോക്‌സ് ജിപ്‌സം എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചു. ബ്രിക്ക്‌സ്, ഇന്റര്‍ലോക്ക് എന്നിവയും വിവിധ ബ്രാന്‍ഡുകളിലായി വിപണിയില്‍ എത്തിച്ചു. കമ്പനിയെ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദവും മലിനീകരണ മുക്തവുമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയിലെ ഖരമാലിന്യങ്ങള്‍ ഉപയോഗിച്ച് ബ്രിക്‌സുകള്‍, ഇന്റര്‍ലോക്ക് എന്നിവ നിര്‍മിക്കാന്‍ തുടങ്ങിയത്.


ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Related Articles
Next Story
Videos
Share it