

അമേരിക്കന്‍ പ്രവാസം സ്വപ്നം കാണുന്ന സമ്പന്നരെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 10 ലക്ഷം ഡോളറിന്റെ 'ഗോള്‍ഡ് കാര്‍ഡ്' വിസ പദ്ധതിക്ക് തുടക്കത്തിലേ തിരിച്ചടി. വലിയ ആവേശത്തോടെ അവതരിപ്പിക്കപ്പെട്ട ഈ 'പണം നല്‍കി പൗരത്വം' നേടുന്ന മോഡലിനോട് ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ മുഖം തിരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്റെ നീക്കം പാളാന്‍ പല കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
10 ലക്ഷം ഡോളര്‍ (ഏകദേശം 8.5 കോടി രൂപ) സര്‍ക്കാരിലേക്ക് 'സംഭാവന'യായി നല്‍കിയാലും ഗ്രീന്‍ കാര്‍ഡോ പൗരത്വമോ നേരിട്ട് ലഭിക്കില്ല എന്നതാണ് പ്രധാന പോരായ്മ. EB-1, EB-2 വിസകള്‍ക്കുള്ള ക്യൂവില്‍ തന്നെ നില്‍ക്കേണ്ടി വരുന്നത് നിക്ഷേപകരെ നിരാശരാക്കുന്നു.
പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തത നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നു. വെറുമൊരു റെസിഡന്‍സി അനുമതിക്ക് വേണ്ടി ഇത്രയും വലിയ തുക മുടക്കാന്‍ പലരും തയ്യാറല്ല.
നിലവിലുള്ള EB-5 വിസയില്‍ നടത്തുന്ന തുക ബിസിനസ് ലാഭകരമായാല്‍ തിരിച്ചു ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗോള്‍ഡ് കാര്‍ഡിനായി നല്‍കുന്ന തുക സര്‍ക്കാരിലേക്കുള്ള വെറും സംഭാവന (Donation) മാത്രമാണ്. അതുകൊണ്ട് 8 ലക്ഷം ഡോളര്‍ മുതല്‍ നിക്ഷേപം നടത്തിയാല്‍ ഗ്രീന്‍ കാര്‍ഡിലേക്ക് വ്യക്തമായ പാത ഒരുക്കുന്ന EB-5 വിസയോടാണ് നിക്ഷേപകര്‍ക്ക് ഇപ്പോഴും താല്‍പ്പര്യം.
ഇതൊരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി നടപ്പിലാക്കിയ പദ്ധതിയായതിനാല്‍, ഭാവിയില്‍ മറ്റൊരു ഭരണകൂടം വന്നാല്‍ പദ്ധതി റദ്ദാക്കപ്പെടുമോ എന്ന ഭീതി നിക്ഷേപകര്‍ക്കുണ്ട്.
ഒരാള്‍ക്ക് 10 ലക്ഷം ഡോളര്‍ എന്നതിന് പുറമെ കുടുംബാംഗങ്ങള്‍ക്കും ഇത്രയും തുക വീണ്ടും നല്‍കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുന്നു.
മുംബൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സികളില്‍ ഈ പദ്ധതിയെക്കുറിച്ച് അന്വേഷിക്കാന്‍ പോലും ആളുകള്‍ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിലും ലാഭകരവും സുരക്ഷിതവും 8 ലക്ഷം ഡോളറിന്റെ EB-5 വിസ ആണെന്നാണ് ഭൂരിഭാഗം നിക്ഷേപകരുടെയും അഭിപ്രായം.
കുടിയേറ്റം ലഘൂകരിക്കാനെന്ന പേരില്‍ ട്രംപ് കൊണ്ടുവന്ന ഈ പദ്ധതി യഥാര്‍ത്ഥത്തില്‍ സമ്പന്നരില്‍ നിന്ന് പണം സമാഹരിക്കാനുള്ള ഒരു കുറുക്കുവഴിയായാണ് വിലയിരുത്തപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine