

വരും മാസങ്ങളിൽ ടെലിവിഷനുകൾക്ക് കൂടുതൽ വില നൽകേണ്ടി വരാന്‍ സാധ്യത. ആഗോളതലത്തിലെ മെമ്മറി ചിപ്പുകളുടെ ക്ഷാമവും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞതുമാണ് ജനുവരി മുതൽ ടിവി വില ഉയരാൻ പ്രധാന കാരണം.
ഇലക്ട്രോണിക്സ് നിർമ്മാതാക്കളെ സംബന്ധിച്ച്, മെമ്മറി ചിപ്പുകളുടെ വില കുത്തനെ വർധിച്ചത് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സെർവറുകൾക്ക് വേണ്ട ഹൈ-ബാൻഡ്‌വിഡ്ത്ത് മെമ്മറി (HBM) ചിപ്പുകളുടെ ആവശ്യം വർധിച്ചതോടെ, ചിപ്പ് നിർമ്മാതാക്കൾ ഉയർന്ന ലാഭമുള്ള എ.ഐ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകി. ഇത് ടെലിവിഷൻ പോലുള്ള മറ്റ് ഉപകരണങ്ങൾക്ക് വേണ്ട ചിപ്പുകളുടെ ലഭ്യത കുറയ്ക്കാൻ കാരണമായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മെമ്മറി ചിപ്പുകളുടെ വില 500 ശതമാനം വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ.
എൽഇഡി ടിവിയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഓപ്പൺ സെല്ലുകൾ, സെമികണ്ടക്ടർ ചിപ്പുകൾ, മദർബോർഡുകൾ തുടങ്ങിയ പ്രധാന ഘടകങ്ങളിൽ ഭൂരിഭാഗവും വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രൂപയുടെ മൂല്യം ഡോളറിനെതിരെ 90 കടന്നതോടെ ഇറക്കുമതി ചെലവ് ഗണ്യമായി വർധിച്ചു. ഈ ഇരട്ടപ്രഹരം കാരണം എൽഇഡി, സ്മാർട്ട് ടിവികളുടെ വില ജനുവരി മുതൽ 3 ശതമാനം മുതൽ 10 ശതമാനം വരെ ഉയരാൻ സാധ്യതയുളളതായി ഈ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു.
വിലവർദ്ധനവ് സംബന്ധിച്ച് പല പ്രമുഖ നിർമ്മാതാക്കളും ഡീലർമാർക്ക് ഇതിനോടകം തന്നെ അറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തിടെ 32 ഇഞ്ചിന് മുകളിലുള്ള ടിവി സ്ക്രീനുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനം ആയി കുറച്ചതിലൂടെ ഉപഭോക്താക്കൾക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ ഈ വിലവർദ്ധനവിലൂടെ ഇല്ലാതാകാന്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യങ്ങൾ ഉടൻ മാറുന്നില്ലെങ്കിൽ അടുത്ത പാദങ്ങളിലും വില കൂടാനുളള സാധ്യത കമ്പനികള്‍ തള്ളിക്കളയുന്നില്ല.
TV prices to rise from January due to global chip shortage and Indian rupee depreciation.
Read DhanamOnline in English
Subscribe to Dhanam Magazine