മൂന്നാം പാദത്തില്‍ മികച്ച നേട്ടവുമായി ടി വി എസ് മോട്ടോര്‍

2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഇരുചക്ര വാഹന രംഗത്തെ വമ്പന്മാരായ ടിവിഎസ് മോട്ടോഴ്‌സിന് മികച്ച നേട്ടം. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ ശക്തമായ വില്‍പ്പനയിലൂടെ ടിവിഎസ് മോട്ടോഴ്‌സ് കമ്പനിയുടെ അറ്റാദായം ഇരട്ടിയിലധികം വര്‍ധിച്ച് 266 കോടി രൂപയായി. എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 5,404 കോടി രൂപയാണ് മൂന്നാം പാദത്തില്‍ കമ്പനി നേടിയത്. കഴിഞ്ഞ കാലയളവിനേക്കാള്‍ 31 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ചെന്നൈ ആസ്ഥാനമായ കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 122 കോടി രൂപ അറ്റദായവും 4,126 കോടി രൂപ വരുമാനവുമാണ് രേഖപ്പെടുത്തിയത്. 2020 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്തം ഇരുചക്രവാഹന വില്‍പ്പന 23 ശതമാനം വര്‍ധിച്ച് 9.52 ലക്ഷം യൂണിറ്റായി. 2019 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 7.73 ലക്ഷം യൂണിറ്റായിരുന്നു. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 31 ശതമാനം വര്‍ധിച്ച് 4.26 ലക്ഷമായി. മുന്‍കാലയളവില്‍ ഇത് 3.25 ലക്ഷമായിരുന്നു. സ്‌കൂട്ടര്‍ വില്‍പ്പന 2.80 ലക്ഷത്തില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 3.11 ലക്ഷമായി.
മൊത്തം കയറ്റുമതി 2.17 ലക്ഷത്തില്‍ നിന്ന് 2.61 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവ് ഉണ്ടായിരുന്നിട്ടും 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കയറ്റുമതി വിപണിയിലെ ആവശ്യം ശക്തമായി തുടരുകയാണെന്ന് ടിവിഎസ് മോട്ടോര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ത്രീ വിലര്‍ വില്‍പ്പനയില്‍ നേരിയ ഇടിന് രേഖപ്പെടുത്തി. മുന്‍കാലയളില്‍ 0.48 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കില്‍ 0.38 ലക്ഷം യൂണിറ്റ് ത്രീ വീലറുകളാണ് വിറ്റുപോയത്.
ഈ കാലയളവില്‍ കമ്പനി 108.63 കോടി രൂപ വിദേശ സബ്‌സിഡിയറിയായ ടിവിഎസ് മോട്ടോറിന്റെ (സിംഗപ്പൂര്‍) ഓഹരിയില്‍ നിക്ഷേപിച്ചു. ഇന്റലികാര്‍ ടെലിമാറ്റിക്‌സിന്റെ മുഴുവന്‍ ഇക്വിറ്റി ക്യാപിറ്റലായ ബംഗളൂരുവിലേക്ക് 15 കോടി രൂപയും നിക്ഷേപിച്ചു. 2020-21ല്‍ 99.77 കോടി രൂപ സ്വരൂപിച്ച് ഡയറക്ടര്‍ ബോര്‍ഡ് ഒരു ഓഹരിക്ക് 2.10 രൂപ (210%) ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.


Related Articles
Next Story
Videos
Share it