ഇന്ത്യയില്‍ പുതിയ നീക്കവുമായി ഊബര്‍, മൂവുമായി കൈകോര്‍ക്കുന്നു
മൊബിലിറ്റി സേവന കമ്പനിയായ ഊബര്‍ ഇന്ത്യയില്‍ പുതിയ നീക്കവുമായി രംഗത്ത്. ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ വാഹന വായ്പ ലഭ്യമാക്കുന്നതിന് ഫിന്‍ടെക് കമ്പനിയായ മൂവുമായാണ് ഊബര്‍ കൈകോര്‍ക്കുന്നത്. നിലവില്‍ ആഫ്രിക്കന്‍ വിപണികളിലാണ് മൂവ് ഊബറുമായി കൈകോര്‍ത്തിട്ടുള്ളത്. ഇതുവഴി ആദ്യവര്‍ഷത്തില്‍ 5,000 സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്), ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കാനാണ് മൂവ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30,000 വാഹനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
ഹൈദരാബാദ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് ബിസിനസ് തുടങ്ങുന്നത്. നിലവില്‍ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ് രാജ്യത്തെ റൈഡ്-ഹെയ്ലിംഗ് ബിസിനസ്. ഇതിനിടെയാണ് മൂവിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം.
ഡീലര്‍ഷിപ്പുകളില്‍ നിന്ന് കാറുകള്‍ വാങ്ങുന്നതിന് കടം വാങ്ങുകയോ ബാങ്ക് വായ്പ എടുക്കുകയോ ചെയ്യാതെ റൈഡ് ഹെയ്ലിംഗ് ബിസിനസിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഒരു ഫ്‌ളെക്‌സിബിള്‍ ഓപ്ഷന്‍ നല്‍കുന്ന നൂതനമായ ''റെന്റ് ടു ഒണ്‍'' മോഡല്‍ ഇതിനകം മൂവ് സൃഷ്ടിച്ചിട്ടുണ്ട്.
'ആഫ്രിക്കയ്ക്ക് പുറത്തുള്ള ഞങ്ങളുടെ ആദ്യത്തെ ആഗോള വിപുലീകരണം എന്ന നിലയില്‍, ഇന്ത്യയില്‍ ഈ പങ്കാളിത്തത്തിന് തുടക്കമിടുന്നത് മുഴുവന്‍ മൂവ് ടീമിനും വളരെ സവിശേഷമായ നിമിഷമാണ്,' മൂവിന്റെ സഹസ്ഥാപകനും കോ-സിഇഒയുമായ ലാഡി ഡെലാനോ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.