പുതിയ നിയമനങ്ങളുമായി ഊബര്‍, എൻജിനിയർമാർക്ക് അവസരം
ഇന്ത്യയിലെ ടെക് സെന്ററുകളില്‍ 500 ടെക് ജീവനക്കാരെ കൂടി നിയമിക്കാനൊരുങ്ങി റൈഡ്-ഹെയ്ലിംഗ് സ്ഥാപനമായ ഊബര്‍. 2022 ഡിസംബറോടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഊബര്‍ ലക്ഷ്യമിടുന്നത്. ഹൈദരാബാദിലും ബെംഗളൂരുവിലും 1,000 അംഗ ടെക് ടീമുള്ള കമ്പനി, 2021-ല്‍ 250 എഞ്ചിനീയര്‍മാരെ നിയമിച്ചിരുന്നു. ഈ വര്‍ഷം നിയമനം ഇരട്ടിയാക്കും.
യുഎസ്, കാനഡ, ലാറ്റിന്‍ അമേരിക്ക, ആംസ്റ്റര്‍ഡാം, ഇന്ത്യ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഊബറിന്റെ ടെക് ടീമുകളെ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം. ഈ ആഴ്ച ആദ്യം കമ്പനി ബെംഗളൂരു ടെക് സെന്ററില്‍ ഒരു പുതിയ നിലയും ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയിലെ ടെക് സെന്ററുകളിലും പ്രൊഡക്ഷന്‍ ടീമിലുമായി എഞ്ചിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രാദേശികമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ആഗോളതലത്തില്‍ വിപുലീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഊബര്‍ എന്‍ജിനീയറിങ് സീനിയര്‍ ഡയറക്ടര്‍ മണികണ്ഠന്‍ തങ്കരത്‌നം പറഞ്ഞു.
യുഎസ് ആസ്ഥാനമായുള്ള മൊബിലിറ്റി സ്ഥാപനം 2014 ലാണ് ഇന്ത്യയിലെ ആദ്യത്തെ ടെക് സെന്റര്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ആരംഭിച്ചത്. അതിനുശേഷം രണ്ട് ടെക് സെന്ററുകള്‍ കൂടി ഊബര്‍ ഇന്ത്യയില്‍ തുറന്നു. യുഎസ് കഴിഞ്ഞാല്‍ ഊബറിന്റെ രണ്ടാമത്തെ വലിയ ടെക് സെന്റര്‍ കേന്ദ്രമാണ് ഇന്ത്യ.