സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് 'ഉദ്യം' രജിസ്‌ട്രേഷന് പാന്‍കാര്‍ഡ്, ജിഎസ്ടിഎന്‍ എന്നിവ നിര്‍ബന്ധമാണോ?

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ (MSME) ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.udyamregtsiration.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ 2020 ജൂണില്‍ ഒരു വിജ്ഞാപനം വഴി ആവശ്യപ്പെട്ടിട്ടുണ്ട്. ആ വിജ്ഞാപനം അനുസരിച്ച് നിക്ഷേപം (Investment), വില്‍പ്പന (Turnover) എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഗവണ്‍മെന്റ് ഡാറ്റാ ബേസില്‍നിന്നും ലഭ്യമാകുന്നതായിരിക്കും. കൂടാതെ 01-04-2021 മുതല്‍ പാന്‍കാര്‍ഡ്, ജിഎസ്ടിഎന്‍ (GSTIN) എന്നിവ നിര്‍ബന്ധമാണെന്നും വിജ്ഞാപനം നടത്തിയിരുന്നു. എന്നാല്‍ 05-03-2021 ലെ ഒരു വിജ്ഞാപനം വഴി കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. താഴെ ചേര്‍ക്കുന്നവയാണ് പ്രധാനപ്പെട്ട മാറ്റങ്ങള്‍:

2017 ലെ സെന്‍ട്രല്‍ ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് ആക്ട് അനുസരിച്ച് ജിഎസ്ടിഎന്‍ (GSTIN) വേണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തിയിരിക്കുന്നു. ഏതെങ്കിലും കേന്ദ്രനിയമം അനുസരിച്ചോ, സംസ്ഥാന നിയമം അനുസരിച്ചോ അല്ലാതെയുള്ള ഉടമസ്ഥാവകാശ സ്ഥാപനങ്ങളുടെ (Proprietorship-enterprise) ഉടമസ്ഥര്‍ക്ക് അവരുടെ പാന്‍കാര്‍ഡ് സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന് വേണ്ടി ഉപയോഗിക്കുവാന്‍ കഴിയുന്നതാണ്.
മറ്റുള്ള സ്ഥാപനങ്ങളുടെ 'ഉദ്യം'(Udyam) രജിസ്‌ട്രേഷന് സ്ഥാപനങ്ങളുടെ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. മറ്റുള്ള കാര്യങ്ങള്‍ 26-06-2020 എന്ന തീയതിയിലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ചായിരിക്കും (Number 5.0.2119 (E) dated the 26th June 2020). താഴെ പറയുന്ന മൂന്ന് തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് 'ഉദ്യം' രജിസ്‌ട്രേഷന്‍ സാധ്യമാകുന്നത്.
സൂക്ഷ്മ വ്യവസായങ്ങള്‍ (Micro enterprise-s)
ചെറുകിട സ്ഥാപനങ്ങള്‍ (Small enterprise-s)
ഇടത്തരം സ്ഥാപനങ്ങള്‍ (Medium enterprise-s)
പുതിയ വിജ്ഞാപനം അനുസരിച്ച് കമ്പനി, എല്‍എല്‍പി, സഹകരണ സംഘം, സൊസൈറ്റി, ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ ഉദ്യം രജിസ്‌ട്രേഷനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
(പട്ടാമ്പി ശ്രീനീലകണ്ഠ ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)


Related Articles

Next Story

Videos

Share it