Begin typing your search above and press return to search.
യുക്രെയ്നിലെ രണ്ട് കമ്പനികള്‍ എങ്ങനെയാണ് ആഗോള ചിപ്പ് വിപണിയെ പ്രതിസന്ധിയിലാക്കുന്നത്
ഈ കമ്പനികളുടെ പ്ലാന്റുകള്‍ തകര്‍ന്നാല്‍, ചിപ്പ് ക്ഷാമത്തിന് അടുത്തകാലത്തൊന്നും പരിഹാരം കണ്ടെത്താനാവില്ല
കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടത് മുതല്‍ ഇലക്ട്രോണിക്-വാഹന നിര്‍മാണ മേഖല സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമത്തിലൂടെ കടന്നു പോവുകയാണ്. 2022 പകുതിയോടെ ചിപ്പ് ക്ഷാമം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ റഷ്യയുടെ യുക്രെന്‍ അധിനിവേശം കാര്യങ്ങള്‍ തകിടം മറിച്ചിരിക്കുകയാണ്. റഷ്യന്‍ ആക്രമണം ശക്തമായതോടെ യുക്രെനിലെ ഇന്‍ഗ്യാസ് (ingas), ക്രൈയോണ്‍ (cryoin) എന്നീ രണ്ട് കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന നിയോണ്‍ ഗ്യാസിന്റെ 45-54 ശതമാനവും സംഭാവന ചെയ്യുന്നത് ഈ രണ്ട് കമ്പനികളാണ്. വാക്വം ട്യൂബ് മുതല്‍ ക്രെയോജനിക്‌സിന്റെ വരെ ഭാഗമായ നിയോണ്‍ ഗ്യാസ്, ചിപ്പ് നിര്‍മാണത്തിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന ആകെ നിയോണിന്റെ 70 ശതമാനവും ചിപ്പ് നിര്‍മാണ മേഖലയിലേക്കാണ് പോവുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 540 മെട്രിക് ടണ്‍ നിയോണ്‍ ആണ് ചിപ്പ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ചിപ്പ് നര്‍മാണത്തിന് ഉപയോഗിക്കുന്ന ലേസറുകളിലാണ് നിയോണ്‍ ഉപയോഗിക്കുന്നത്.
പ്രതിമാസം 15,000 മുതല്‍ 20,000 ക്യൂബിക് മീറ്റര്‍ നിയോണ്‍ ആണ് ഇന്‍ഗ്യാസ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. തായ്‌വാന്‍, കൊറിയ, ചൈന,യുഎസ്, ജെര്‍മനി, തുടങ്ങിയ രാജ്യങ്ങലിലേക്കാണ് ഇവര്‍ നിയോണ്‍ കയറ്റുമതി ചെയ്തിരുന്നത്. 10,000-15,000 ക്യൂബിക് മീറ്റര്‍ ഉല്‍പ്പാദന ശേഷിയുള്ള യൂണിറ്റാണ് ക്രൈയോണിന് ഉള്ളത്. തൊഴിലാളികളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ഇരു കമ്പനികളും പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ കമ്പനികളുടെ പ്ലാന്റുകള്‍ തകര്‍ന്നാല്‍ ചിപ്പ് നിര്‍മാണ മേഖല നേരിടാന്‍ പോവുന്നത് കടുത്ത പ്രതിസന്ധികളാവും. സാധാരണ ഗതിയില്‍ നിയോണ്‍ നിര്‍മാണ പ്ലാന്റ് നിര്‍മിക്കാന്‍, ശേഷി അനുസരിച്ച് ഒമ്പത് മുതല്‍ രണ്ട് വര്‍ഷം വരെ സമയം വേണ്ടിവരും. 2014ല്‍ റഷ്യയുടെ ക്രിമിയന്‍ അധിനിവേശത്തെ തുടര്‍ന്ന് നിയോണിന്റെ വില 600 ശതമാനത്തോളം ഉയര്‍ന്നിരുന്നു.
Next Story
Videos