ഐസ്‌ക്രീം വില്പന മുതല്‍ പഴം കച്ചവടം വരെ താറുമാറായി, വിപണി അനുകൂലമായിട്ടും മഴ ചതിച്ചു! കച്ചവടക്കാര്‍ക്ക് മണ്‍സൂണ്‍ ഷോക്ക്‌

എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ പോലും ഇടിവുണ്ടാകുന്നു
fruits
Image courtesy: Canva
Published on

അപ്രതീക്ഷിതമായി പെയ്ത മഴ രാജ്യത്തെ വേനല്‍ക്കാല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ വന്‍തോതില്‍ ബാധിച്ചുവെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കടുത്ത വേനലായിരിക്കുമെന്ന മുന്‍പ്രവചനങ്ങളെ കാറ്റില്‍പറത്തി പെയ്ത മഴയില്‍ എസി, ഫിഡ്ജ്, ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, ബിയര്‍ തുടങ്ങിയവയുടെയൊക്കെ വില്‍പ്പന താറുമാറായി. 'കേരളത്തില്‍ എസി, ഫ്രിഡ്ജ് എന്നിവയുടെ വില്‍പ്പനയെ മഴ ഗുരുതരമായി ബാധിച്ചു. വലിയ തോതില്‍ സ്റ്റോക്ക് ബാക്കിയായ സ്ഥിതിയാണ്'. കേരളത്തിലെ ഒരു പ്രമുഖ ഡീലര്‍ പറയുന്നു.

ചൂടേറിയ വേനല്‍ മാസങ്ങളെ ചെറുക്കാന്‍ രാജ്യത്തുടനീളമുള്ള വ്യാപാരികള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വലിയ സ്റ്റോക്ക് കരുതിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ വലിയ ആവശ്യകത ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ കമ്പനികളും കൂടുതലായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു. എന്നാല്‍ അസമയത്ത് എത്തിയ മഴ പ്രതീക്ഷകളെല്ലാം തകര്‍ത്തു. ഏപ്രിലിലെ കണക്കനുസരിച്ച് ഈ വര്‍ഷത്തെ എയര്‍ കണ്ടീഷനറുകളുടെ വില്‍പ്പന ദേശീയ തലത്തില്‍ 20 ശതമാനത്തിലേറെ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റെഫ്രിജറേറ്ററുകളുടെ ഡിമാന്‍ഡ് 10 ശതമാനമാണ് കുറഞ്ഞത്.

ശീതളപാനീയങ്ങളുടെ വില്‍പ്പന 10 മുതല്‍ 15 ശതമാനം വരെ ഇടിഞ്ഞു. തെക്കന്‍ സംസ്ഥാനങ്ങളിലാണ് വില്‍പ്പന ഏറ്റവും കുറഞ്ഞത്. ഏപ്രിലില്‍ എസികളുടെയും ഫ്രിഡ്ജുകളുടെയും വില്‍പ്പനയില്‍ 40-50 ശതമാനം ഇടിവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പെട്ടെന്ന് ഉണ്ടായ വില്‍പ്പനയിടിവിനെ തുടര്‍ന്ന് പല കമ്പനികളും അവരുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിയാന്‍ നിര്‍ബന്ധിതരായി. വേനല്‍ക്കാല ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളെ സംബന്ധിച്ച് ഏപ്രില്‍-ജൂണ്‍ കാലയളവ് നിര്‍ണായകമാണ്. അവരുടെ വാര്‍ഷിക വില്‍പ്പനയുടെ 40-70 ശതമാനവും ഈ ത്രൈമാസത്തിലാണ് നടക്കുക.

അപ്രവചനീയമായ കാലാവസ്ഥയെ ആശ്രയിക്കാനാവാത്തതിനാല്‍ വ്യാപാരികളും ഉല്‍പ്പാദകരും അവരുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ പ്ലാന്‍ ബി കൂടി ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ തിരിച്ചറിയുന്നുണ്ട്. എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ പോലും ഇടിവുണ്ടാകുന്നുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ നിത്യോപയോഗ സാധനങ്ങള്‍, ഗാര്‍ഹിക-വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന രണ്ടു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലായിരുന്നുവെന്ന് ആഗോള ഗവേഷണ സ്ഥാപനമായ കാന്താര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ എഫ്എംസിജി വില്‍പ്പന വളര്‍ച്ച 3.5 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 5.5 ശതമാനമായിരുന്നു വളര്‍ച്ച. ഗ്രാമീണ മേഖലയിലെ വില്‍പ്പന വളര്‍ച്ച ഒരു വര്‍ഷം മുമ്പ് 6.3 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 2.7 ശതമാനം മാത്രമാണ്.

ഗാര്‍ഹിക ബജറ്റ് ചുരുങ്ങുന്നതും പണപ്പെരുപ്പ സമ്മര്‍ദ്ദവും കുറഞ്ഞ വേതന വളര്‍ച്ചയും കാരണം ഡിമാന്‍ഡ് കുറവ് തുടരുകയാണെങ്കിലും തുടരുകയാണെങ്കിലും വരും മാസങ്ങളില്‍ മികച്ച പ്രകടനം ഉണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു കമ്പനികള്‍. നല്ല മഴ, കുറഞ്ഞ പണപ്പെരുപ്പം, താഴ്ന്ന നികുതി, റൂറല്‍ ഡിമാന്‍ഡില്‍ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങിയവ വില്‍പ്പന കൂടാന്‍ കാരണമാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ യുദ്ധ സാഹചര്യം ബജറ്റും ചെലവും കുറയ്ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചേക്കും. അതായത് വ്യാപാരികള്‍ മികച്ച സമയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നര്‍ത്ഥം.

(Originally published in Dhanam Magazine 31 May 2025 issue.)

Unexpected rains impact summer product sales in India, with steep declines in ACs, fridges, and FMCG demand.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com