കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷ

കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് പകരുന്ന പദ്ധതികളുമായി കേന്ദ്ര ബജറ്റ്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലും അതിലേക്കുള്ള ചുവടുവെപ്പുകള്‍ നടത്തി. ഗോതമ്പ്, നെല്ല് എന്നിവയ്ക്കുള്ള താങ്ങുവിലയായി 2.37 ലക്ഷം കോടി രൂപ കര്‍ഷകരുടെ എക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുമെന്ന പ്രഖ്യാപനം അത്തരത്തിലൊന്നാണ്. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലാകും ഇത് നല്‍കുക. ഒരു കോടിയിലേറെ കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യവുമായി സമരം നടത്തിയ കാര്‍ഷിക സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്നും താങ്ങുവില പ്രഖ്യാപിക്കണം എന്നതായിരുന്നു. പ്രഖ്യാപനത്തിലൂടെ ഉത്തര്‍പ്രദേശിലും പഞ്ചാബിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി കേന്ദ്രം ഭരിക്കുന്ന ബിജെപി ലക്ഷ്യമിടുന്നുണ്ട്.
എണ്ണക്കുരു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള നടപടികളും ബജറ്റ് മുന്നോട്ട് വെക്കുന്നുണ്ട്.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കും
രാജ്യത്ത് ജൈവ കൃഷി വ്യാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ബജറ്റില്‍ പറയുന്നു. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും സുസ്ഥിരമായ കാര്‍ഷിക ഉല്‍പ്പാദന ക്ഷമത കൈവരിക്കാനാകുമെന്നുമാണ് കണക്കുകൂട്ടുന്നത്. ഗംഗയുടെ തീരത്ത് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ തുടക്കത്തില്‍ ഇത് നടപ്പിലാക്കും.
കിസാന്‍ ഡ്രോണുകള്‍
കൃഷിയില്‍ സഹായവുമായി കിസാന്‍ ഡ്രോണുകള്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കുന്നു. കാര്‍ഷിക വിളകളില്‍ കീടനാശിനി തളിക്കാനും ഇത്തരം ഡ്രോണുകളെ കൂടുതലായി പ്രയോജനപ്പെടുത്തും.
നദീ സംയോജനം
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സുതാര്യത വരുത്തുക എന്ന ലക്ഷ്യം കൂടിയാണ് ഭൂമി സംബന്ധമായ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള നിര്‍ദ്ദേശം.
44605 കോടി രൂപയുടം നദീ സംയോജന പദ്ധതിയാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്ന മറ്റൊരു പ്രഖ്യാപനം. ഒന്‍പത് ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് കരുതുന്നത്. 62 ലക്ഷം പേര്‍ക്ക് കുടിവെള്ളവും 103 മെഗാവാട്ടിന്റെ ജലവൈദ്യുതിയും ഇതിലൂടെ ലക്ഷ്യമിടുന്നു.
പദ്ധതി സംബന്ധിച്ച വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു.
കാര്‍ഷിക സംരംഭങ്ങള്‍ക്ക്
കര്‍ഷകര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കും നബാര്‍ഡ് വഴി സാമ്പത്തിക സൗകര്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ബജറ്റ് മുന്നോട്ട് വെക്കുന്നു. പിപിപി മാതൃകയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് ഡിജിറ്റല്‍, ഹൈ ടെക് സേവനങ്ങള്‍ ലഭ്യമാക്കുകയും ലക്ഷ്യമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it