കേരളത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനം പൂട്ടുന്നു

കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിന്റെ (ഹില്‍ ഇന്ത്യ) എറണാകുളം ഉദ്യോഗമണ്ഡലിലെ പ്ലാന്റ് അടച്ചുപൂട്ടാൻ കേന്ദ്രം ഒരുങ്ങുന്നു. നിതി ആയോഗിന്റെ ശുപാർശ പ്രകാരമാണിത്. ഹില്‍ ഇന്ത്യയുടെ പഞ്ചാബിലെ ഭട്ടിന്‍ഡ പ്ലാന്റും അടച്ചുപൂട്ടാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കീടനാശിനി നിര്‍മ്മാണസ്ഥാപനമാണ് ഹില്‍ ഇന്ത്യ. 1956ലാണ് തുടക്കം. വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി അടുത്തിടെ വളം നിര്‍മ്മാണത്തിലേക്കും കടന്നിരുന്നു. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റ് പിന്നീട് പ്രതിസന്ധിയിലാവുകയായിരുന്നു. അടച്ചുപൂട്ടല്‍ തീരുമാനത്തിന് മുന്നോടിയായി നിരവധി ജീവനക്കാരെ മുംബൈയിലെ മുഖ്യ യൂണിറ്റിലേക്ക് സ്ഥലംമാറ്റി.

ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം നിരവധി ജീവനക്കാര്‍ക്ക് ശമ്പളം അഞ്ചുമാസത്തിലേറെയായി കുടിശികയാണ്. പ്ലാന്റ് അടച്ചുപൂട്ടുന്നതിന് പകരം കൊച്ചിയില്‍ തന്നെയുള്ള കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ടുമായി ലയിപ്പിക്കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉയര്‍ത്തിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.

പ്ലാന്റ് പൂട്ടുന്നതിന് പകരം പുനരുജ്ജീവനത്തിന് മറ്റ് വഴികള്‍ തേടണമെന്ന് ആവശ്യപ്പെട്ട് എച്ച്.ഐ.എല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്ര വളം മന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്കും സഹമന്ത്രി ഭഗ്‌വന്ത് ഖുബയ്ക്കും നിവേദനം നല്‍കിയെങ്കിലും പരിഗണിച്ചില്ല.
പ്ലാന്റ് അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് സംസ്ഥാന വ്യവസായമന്ത്രി പി. രാജീവും നേരത്തേ പ്രതികരിച്ചിരുന്നു.
വീണ്ടും നിവേദനത്തിന് ജീവനക്കാര്‍
ഹില്‍ ഇന്ത്യ കൊച്ചി യൂണിറ്റ് നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു വീണ്ടും നിവേദനം സമര്‍പ്പിക്കുമെന്ന് എച്ച്.ഐ.എല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ജി. രാജഗോപാല്‍ പറഞ്ഞു.
നേരത്തേ സമര്‍പ്പിച്ച നിവേദനം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നിവേദനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളൂര്‍ മോഡല്‍ ഏറ്റെടുക്കല്‍
കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എന്‍.എല്‍) വിറ്റൊഴിയാന്‍ കേന്ദ്രം ശ്രമിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെ.പി.പി.എല്‍) എന്ന പുത്തന്‍ കമ്പനിയായി പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരുന്നു.
സമാനരീതിയില്‍ കേന്ദ്ര ഹെല്‍ത്ത് കെയര്‍ ഉത്പന്ന നിര്‍മ്മാണസ്ഥാപനമായ എച്ച്.എല്‍.എല്ലിനെ ഏറ്റെടുക്കാനും സംസ്ഥാനം ശ്രമിച്ചെങ്കിലും ലേലത്തില്‍ പങ്കെടുക്കാനുള്ള അനുമതി പോലും കേന്ദ്രം നല്‍കിയിരുന്നില്ല. ഇതേ നിലപാടാണ് ഹില്‍ ഇന്ത്യ വിഷയത്തിലും സംസ്ഥാനത്തോട് കേന്ദ്രത്തിനുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രനീക്കം അത്മനിര്‍ഭര്‍ ലക്ഷ്യത്തിന് വിരുദ്ധം: കെ. ചന്ദ്രന്‍ പിള്ള
ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ 'ആത്മനിര്‍ഭര്‍' കാമ്പയിന് തന്നെ വിരുദ്ധമാണ് ഹില്‍ ഇന്ത്യ കൊച്ചി യൂണിറ്റ് അടച്ചുപൂട്ടാനുള്ള നീക്കമെന്ന് മുതിര്‍ന്ന തൊഴിലാളി യൂണിയന്‍ നേതാവും ജി.സി.ഡി.എ ചെയര്‍മാനുമായ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
ഹില്‍ ഇന്ത്യയെ ഫാക്ടിനെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനോട് ഫാക്ടിനും കേന്ദ്രസര്‍ക്കാരിനും താത്പര്യമില്ല. നിലവില്‍ ഇന്ത്യ അഗ്രോ-കെമിക്കല്‍ ഉത്പന്നങ്ങള്‍ക്കായി വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുകയാണ്. സ്വന്തമായി പ്ലാന്റും മെഷീനുകളും വൈദഗ്ദ്ധ്യമുള്ള ജീവനക്കാരും ഹില്‍ ഇന്ത്യയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍, അധികമായി വലിയ നിക്ഷേപമില്ലാതെ തന്നെ കൂടുതല്‍ വൈവിദ്ധ്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായി ഹില്‍ ഇന്ത്യയെ ഉയര്‍ത്താവുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it