

പ്രവർത്തനക്ഷമമായ അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിന്ന് മൂലധനം സമാഹരിക്കുന്നതിനും ഭാവി വികസന പ്രവർത്തനങ്ങൾക്കുമായി നാലുമുതൽ അഞ്ചുവരെ സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ (InvITs) 2027 മാർച്ചോടെ പബ്ലിക് ഇഷ്യൂവിന് (IPO) ഒരുങ്ങുന്നു. ഇവയിലൂടെ ആകെ ഏകദേശം 17,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപ ഉൽപ്പന്നങ്ങളോടുള്ള നിക്ഷേപകരുടെ താൽപ്പര്യം ശക്തമാകുന്നതിനൊപ്പം, ദീർഘകാല മൂലധന സമാഹരണത്തിന് ട്രസ്റ്റ് സംവിധാനം കൂടുതൽ പ്രയോജനപ്പെടുത്തുന്നതുമാണ് ഈ നീക്കത്തിന് പിന്നിൽ.
മ്യൂച്വൽ ഫണ്ടുകൾക്ക് സമാനമായ ഒരു നിക്ഷേപ സംവിധാനമാണ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് അഥവാ ഇൻവിറ്റ് (InvIT). റോഡുകൾ, ഹൈവേകൾ, പവർ ട്രാൻസ്മിഷൻ ലൈനുകൾ, വെയർഹൗസുകൾ, ടെലികോം ടവറുകൾ, ഊർജ്ജ പദ്ധതികൾ തുടങ്ങിയ വരുമാനമുണ്ടാക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിരവധി നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ച് നിക്ഷേപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ റീറ്റ്സിന് (REITs) സമാനമായ ഘടനയാണ് ഇൻവിറ്റുകൾക്കുള്ളത്.
സെബി (SEBI) ചട്ടങ്ങൾ പ്രകാരം, പബ്ലിക് ഇൻവിറ്റുകൾ ആസ്തി മൂല്യത്തിന്റെ കുറഞ്ഞത് 80 ശതമാനമെങ്കിലും പൂർത്തിയായതും വരുമാനം നൽകുന്നതുമായ അടിസ്ഥാന സൗകര്യ പദ്ധതികളിലാണ് നിക്ഷേപിക്കേണ്ടത്. നിർമ്മാണ ഘട്ടത്തിലുള്ള പദ്ധതികൾക്ക് പരമാവധി 20 ശതമാനം വരെയാണ് അനുവദിച്ചിരിക്കുന്നത്. വിതരണയോഗ്യമായ അറ്റ പണമൊഴുക്കിന്റെ (NDCF) കുറഞ്ഞത് 90 ശതമാനമെങ്കിലും നിശ്ചിത ഇടവേളകളിൽ യൂണിറ്റ് ഉടമകൾക്ക് വിതരണം ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ, സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇത് ശ്രദ്ധേയമായ ബദലാണ്.
സ്വകാര്യ ഇൻവിറ്റുകളിൽ നിന്ന് പബ്ലിക് ഇൻവിറ്റുകളായി മാറാൻ ഒരുങ്ങുന്ന പ്രമുഖ ട്രസ്റ്റുകളിൽ ബ്രൂക്ക്ഫീൽഡ് പിന്തുണയുള്ള ആൾട്ടിയസ് ടെലികോം ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് (Altius Telecom Infrastructure Trust) ഏകദേശം 6,000 കോടി രൂപയുടെ ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ടെലികോം ഇൻഫ്രാസ്ട്രക്ചർ മേഖലയെയാണ് ഈ ട്രസ്റ്റ് പ്രതിനിധീകരിക്കുന്നത്.
ഇൻവെസ്റ്റ്കോർപ്പ് പിന്തുണയുള്ള എൻഡിആർ ഇൻവിറ്റ് ട്രസ്റ്റ് (NDR InvIT Trust) 750 കോടി രൂപ വരെയുള്ള പബ്ലിക് ഇഷ്യൂവിലൂടെ പൊതുവിപണിയിലേക്ക് കടക്കാൻ പദ്ധതിയിടുന്നു. വെയർഹൗസിംഗ്, ഇൻഡസ്ട്രിയൽ പാർക്ക് മേഖലകളിലാണ് ഇവരുടെ ശ്രദ്ധ. കെകെആർ (KKR), ഒന്റാറിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ (OTPP) എന്നിവർ സ്പോൺസർ ചെയ്യുന്ന വെർട്ടിസ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റും (Vertis Infrastructure Trust) ഐപിഒ സാധ്യതകൾ പരിശോധിച്ചുവരികയാണ്.
2026 മാർച്ചിൽ ദേശീയപാത അതോറിറ്റിയുടെ (NHAI) സ്പോൺസർഷിപ്പിലുള്ള രാജ്മാർഗ് ഇൻഫ്രാ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഐപിഒയിലൂടെ 6,000 കോടി രൂപ സമാഹരിച്ചിരുന്നു. ഭാരത് ഇൻവിറ്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 2023-25 സാമ്പത്തിക വർഷങ്ങളിൽ ഇക്വിറ്റി ഇഷ്യൂകളിലൂടെ മേഖല ഏകദേശം 88,000 കോടി രൂപ സമാഹരിച്ചു.
ഇന്ത്യയിലെ ഇൻവിറ്റ് വിപണിയുടെ മൊത്തം വലിപ്പം ഏകദേശം 7.5 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദാവസാനത്തോടെ ഇൻവിറ്റ് യൂണിറ്റ് ഉടമകളുടെ എണ്ണത്തിൽ വലിയ വളർച്ചയുണ്ടായി, ഏകദേശം 6.5 ലക്ഷത്തിലെത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ട്രസ്റ്റുകൾ നിക്ഷേപകർക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. വിദേശ നിക്ഷേപകർക്ക് തിരഞ്ഞെടുത്ത വിദേശ എക്സ്ചേഞ്ചുകളിലൂടെ ഇന്ത്യൻ റീറ്റ്സ്, ഇൻവിറ്റുകൾ എന്നിവയിൽ നിക്ഷേപിക്കാൻ സെബി അനുവദിച്ച ഡെപ്പോസിറ്ററി റിസീപ്റ്റ് ചട്ടക്കൂടും വിപണിക്ക് കരുത്തേകി.
റോഡ്, ഹൈവേ മേഖലയാണ് ഇൻവിറ്റ് വിപണിയിലെ ഏറ്റവും വലിയ വിഭാഗം—ഏകദേശം 3 ലക്ഷം കോടി രൂപയുടെ അസറ്റ് അണ്ടർ മാനേജ്മെന്റുമായി (AUM) വിപണിയുടെ 44 ശതമാനവും റോഡ് ഇൻവിറ്റുകളാണ്. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ ഇവയുടെ എയുഎമ്മിൽ ഏകദേശം 44 ശതമാനം സംയുക്ത വാർഷിക വളർച്ച (CAGR) രേഖപ്പെടുത്തി. പവർ ട്രാൻസ്മിഷൻ മേഖലയിൽ ഇന്ത്യ ഗ്രിഡ് ട്രസ്റ്റ്, പവർഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിവയും നിലവിലുണ്ട്.
എന്നാൽ നിലവിൽ ലിസ്റ്റ് ചെയ്ത ഇൻവിറ്റുകളുടെ പ്രകടനത്തിൽ സമ്മിശ്ര ചിത്രമാണ് കാണാനാകുന്നത്. ഇഷ്യൂ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വിവിധ ട്രസ്റ്റുകളുടെ യൂണിറ്റ് വിലകളിൽ വ്യത്യസ്ത ചലനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചില ട്രസ്റ്റുകൾ വിതരണ വരുമാനത്തിലൂടെ (Distribution Yield) സ്ഥിരത പുലർത്തുമ്പോൾ, മറ്റ് ചിലതിന്റെ വിപണി വിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്. ഓഹരി വിപണിയിലെ പലിശനിരക്ക് മാറ്റങ്ങൾ, അടിസ്ഥാന പദ്ധതികളുടെ വരുമാന സ്ഥിരത, കടബാധ്യത എന്നിവയൊക്കെ യൂണിറ്റ് വിലയെയും വിതരണത്തെയും സ്വാധീനിക്കുന്നു.
Four to five privately placed infrastructure investment trusts are preparing public offerings by March 2027 to raise around ₹17,000 crore, alongside an overview of how InvITs work and how listed trusts have performed.
Read DhanamOnline in English
Subscribe to Dhanam Magazine