UPI സൗജന്യമായി തുടരണം: എം.ഡി.ആർ ഏർപ്പെടുത്തിയാൽ ആളുകൾ വീണ്ടും പണത്തിലേക്ക് മടങ്ങുമെന്ന് മുന്നറിയിപ്പ്

നോട്ട് അച്ചടിയിലും കൈകാര്യം ചെയ്യലിലും വരുന്ന വലിയ ലാഭം ഉപയോഗിച്ച് യു.പി.ഐയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഫണ്ട് കണ്ടെത്തണം
Customer making digital payment at local grocery store
canva
Published on

ഡിജിറ്റൽ ഇടപാടുകൾക്കായി യു.പി.ഐ (UPI) സേവനങ്ങൾക്ക് മേൽ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തുന്നത് രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. വ്യാപാരികളെയും ഉപഭോക്താക്കളെയും വീണ്ടും പണം (Cash) ഉപയോഗിക്കുന്നതിലേക്ക് ഇത് നയിക്കുമെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) മുൻ ഡയറക്ടർ ജനറലും ഒ.എൻ.ഡി.സി മുൻ ചെയർമാനുമായ ആർ. എസ് ശർമ്മ മുന്നറിയിപ്പ് നൽകുന്നു. പാർലമെന്റ് പാസാക്കിയ ടാക്സേഷൻ നിയമ ഭേദഗതി ബിൽ, 2026-ന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ച വീണ്ടും സജീവമായത്.

കാർഡ് പേയ്‌മെന്റുകളിൽ ഉള്ളതുപോലുള്ള വലിയ അടിസ്ഥാന സൗകര്യച്ചെലവുകൾ നേരിട്ടുള്ള ബാങ്ക്-ടു-ബാങ്ക് ഇടപാടുകൾ നടത്തുന്ന യു.പി.ഐക്ക് ഇല്ലെന്നും ഇന്ത്യൻ എക്‌സ്‌പ്രസില്‍ ആർ.എസ് ശർമ്മ പറഞ്ഞു. അതിനാൽ തന്നെ കാർഡ് അധിഷ്ഠിത എം.ഡി.ആർ മാതൃക യു.പി.ഐക്ക് അനുയോജ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ യു.പി.ഐ വഴി 314 ലക്ഷം കോടി രൂപ മൂല്യമുള്ള 24,000 കോടിയിലധികം ഇടപാടുകളാണ് നടന്നത്. ഇതിൽ 86 ശതമാനം വ്യാപാര ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്.

ചെറിയ ഇടപാടുകൾക്ക് വെറും 0.3 ശതമാനം എം.ഡി.ആർ നിരക്ക് ഈടാക്കിയാൽ പോലും റീട്ടെയിൽ വിപണിക്ക് പ്രതിവർഷം 27,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഈ അധികച്ചെലവ് വ്യാപാരികൾ ഉപഭോക്താക്കളിലേക്ക് കൈമാറുമ്പോൾ ജനങ്ങൾ വീണ്ടും ക്യാഷ് പേയ്‌മെന്റുകളിലേക്ക് മടങ്ങാൻ നിർബന്ധിതരാകും.

കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനായി റിസർവ് ബാങ്ക് പ്രതിവർഷം 5,000 മുതൽ 6,400 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ട്. നോട്ട് അച്ചടിയിലും കൈകാര്യം ചെയ്യലിലും വരുന്ന ഈ വലിയ ലാഭം ഉപയോഗിച്ച് യു.പി.ഐയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഫണ്ട് കണ്ടെത്തുകയാണ് വേണ്ടത്. ഉപഭോക്താക്കളിൽ നിന്നും വ്യാപാരികളിൽ നിന്നും പണം ഈടാക്കുന്നത് ഡിജിറ്റൽ സാമ്പത്തിക രംഗത്തെ വളർച്ചയെ തടസപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com