

യു.പി.ഐ (UPI) വഴി 2,000 രൂപക്ക് മുകളിലുള്ള പേഴ്‌സൺ-ടു-മെർച്ചന്റ് (P2M) ഇടപാടുകൾക്ക് 0.40 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള നിർദ്ദേശം ചെറുകിട തെരുവ് കച്ചവടക്കാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. 14 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 722 തെരുവ് കച്ചവടക്കാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസാണ് (ISB) ഇതുസംബന്ധിച്ച് പഠന റിപ്പോർട്ട് പുറത്തിറക്കിയത്.
ചില്ലറ വിൽപ്പന തലത്തിൽ ഉപഭോക്താക്കൾക്ക് സേവനം സൗജന്യമായി ലഭിച്ചേക്കാമെങ്കിലും, തെരുവ് കച്ചവടക്കാർ വിതരണക്കാരിൽ നിന്ന് (Suppliers) മൊത്തമായി സാധനങ്ങൾ വാങ്ങുമ്പോൾ ഈ നിരക്ക് വലിയ തിരിച്ചടിയാകും. സർവേയിൽ പങ്കെടുത്ത ഏകദേശം 70 ശതമാനം കച്ചവടക്കാരും വിതരണക്കാർക്ക് ഒരു സമയം 2,000 രൂപക്ക് മുകളിലാണ് തുക കൈമാറുന്നത്.
ഒരു കച്ചവടക്കാരൻ വിതരണക്കാരനിൽ നിന്ന് 15,000 രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോൾ ഏകദേശം 60 രൂപ എം.ഡി.ആർ നൽകേണ്ടി വരും. ദിവസേന 1,000 രൂപ ലാഭം ഉണ്ടാക്കുന്ന ഒരു കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം ഈ തുക അവരുടെ അറ്റാദായത്തിന്റെ (Net margin) 6 ശതമാനത്തോളം ലാഭം ചുരുക്കുന്ന അധിക ചെലവായി മാറും. വിതരണക്കാർ ഈ തുക കൂടി ഈടാക്കാൻ തുടങ്ങിയാൽ കച്ചവടക്കാർ വീണ്ടും പണം (Cash) നേരിട്ട് നൽകുന്ന രീതിയിലേക്ക് മടങ്ങാനോ അല്ലെങ്കിൽ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാനോ സാധ്യതയുണ്ട്.
യു.പി.ഐ കൈമാറ്റങ്ങൾ നൽകുന്ന ഡാറ്റ വഴിയുള്ള ക്രെഡിറ്റ് സാദ്ധ്യതകളും മറ്റും കണക്കിലെടുത്ത് കൃത്യമായ അക്കൗണ്ടിംഗിന് ശേഷമായിരിക്കണം എം.ഡി.ആർ തിരുമാനം കൈക്കൊള്ളേണ്ടതെന്ന് ഐ.എസ്.ബി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസന്ന തന്ത്രി പറയുന്നു. ടയർ-1 നഗരങ്ങളിൽ 82 ശതമാനവും, ടയർ-2 നഗരങ്ങളിൽ 66 ശതമാനവും, ടയർ-3 നഗരങ്ങളിൽ 64 ശതമാനവുമാണ് തെരുവ് കച്ചവടക്കാരുടെ യു.പി.ഐ ഉപഭോഗം. എന്നാൽ പുതിയ നിരക്കുകളെക്കുറിച്ചുള്ള ബോധവൽക്കരണം ടയർ-3 നഗരങ്ങളിൽ 47 ശതമാനം മാത്രമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine