കോഴ ബോംബ്; അദാനി ഓഹരികള്‍ക്ക് വമ്പന്‍ ഇടിവ്, 20 ശതമാനം വരെ
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അമേരിക്കയില്‍ ഗുരുതരമായ കോഴക്കുറ്റത്തിനു മുന്നില്‍. സൗരോര്‍ജ കരാറുകള്‍ നേടാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍ ( ഏകദേശം 2,100 കോടി രൂപ) കൈക്കൂലി നല്‍കിയെന്നാണ് യു.എസ് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്.
ഓഹരികൾ കൂപ്പുകുത്തി
വാര്‍ത്തകള്‍ക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് വലിയ ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് ഓഹരികള്‍ 10-20 ശതമാനം വരെ ഇടിഞ്ഞു.
അദാനി എന്റര്‍പ്രൈസ് ഓഹരി 10 ശതമാനം ലോവര്‍ സര്‍ക്യൂട്ടടിച്ച് 2,539.35 രൂപയിലെത്തി. ഹിന്‍ഡെന്‍ബെര്‍ഗ് പ്രശ്‌നത്തിനു ശേഷം ഇരട്ടിയോളം നേട്ടത്തിലേക്ക് തിരിച്ചെത്തിയ ഓഹരിയാണിത്. ഇപ്പോഴത്തെ ഇടിവ് ഓഹരിയെ വീണ്ടും പഴയ നിലയിലാക്കി. അദാനി ഗ്രീന്‍ എനര്‍ജി ഓഹരി 17 ശതമാനം ഇടിഞ്ഞ് 1,172.5 രൂപയിലെത്തി.
എ.സി.സി (10 ശതമാനം), അദാനി പോര്‍ട്‌സ് (10%), അദാനി പവര്‍ (11.21ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (13.26 ശതമാനം), അംബുജ സിമന്റ് (10 ശതമാനം) എന്നിവയും കനത്ത ഇടിവിലാണ്.
കളം മാറ്റാന്‍ ജി.ക്യു.ജിയും
അദാനി ഗ്രൂപ്പ് ഓഹരികളില്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ള യു.എസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ഈ ഓഹരികളിലെ നിക്ഷേപം പുന:പരിശോധിക്കാനൊരുങ്ങുന്നതായും സൂചനകളുണ്ട്. ഇന്നലെ അദാനിക്കെതിരെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഓസ്‌ട്രേലിയയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ജി.ക്യു.ജി പാാര്‍ട്‌ണേഴ്സ് ഓഹരിയില്‍ 10 ശതമാനത്തിലധികം ഇടിവുണ്ടായി. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് വന്നതിനു ശേഷം ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്‍ നേതൃത്വം നല്‍കുന്ന ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് അദാനി ഓഹരികളില്‍ ഗണ്യമായ നിക്ഷേപം നടത്തിയിരുന്നു. 15,446 കോടി രൂപയാണ് 2023 മാര്‍ച്ചില്‍ ആദ്യം നിക്ഷേപിച്ചത്. ഇപ്പോള്‍ അത് 80,000 കോടി രൂപയ്ക്ക് മുകളിലെത്തി.
അംബുജ സിമന്റ്‌സില്‍ 2.05 ശതമാനം, അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 1.89 ശതമാനം, അദാനി പവറില്‍ 1.76 ശതമാനം, അദാനി ഗ്രീൻ എനർജിയില്‍ 1.62 ശതമാനം, അദാനി എന്റര്‍പ്രൈസസില്‍ 1.45 ശതമാനം, അദാനി പോര്‍ട്‌സില്‍ 1.46 ശതമാനം എന്നിങ്ങനെയാണ് ജി.ക്യു.ജിയുടെ നിക്ഷേപം.