ബൈജൂസിന് വീണ്ടും ഷോക്ക്! വിദേശത്തേക്ക് 'കടത്തിയ പണം' തൊട്ടുപോകരുതെന്ന് കോടതി, ഫണ്ട് മാനേജര്‍ ജയിലിലേക്ക്

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് പതറുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കന്‍ കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. ബൈജൂസ് അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന 53.3 കോടി ഡോളര്‍ (4,440 കോടി രൂപ) ഒരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിച്ച് നിറുത്താന്‍ യു.എസ് ബാങ്ക്‌റപ്റ്റ്‌സ് കോടതി ജഡ്ജി ജോണ്‍ ഡോര്‍സി ഉത്തരവിട്ടു.
അമേരിക്കന്‍ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റലാണ് ബൈജൂസിന്റെ ഈ പണം കൈകാര്യം ചെയ്തിരുന്നത്. ഈ പണം നിലവില്‍ എവിടെയെന്ന് വ്യക്തമാക്കാന്‍ കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കാംഷാഫ്റ്റ് മേധാവി വില്യം സി. മോര്‍ട്ടന്‍ പാലിച്ചിട്ടില്ല. നിര്‍ദേശം പാലിക്കാത്ത മോര്‍ട്ടനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ഒളിവിലാണ് മോര്‍ട്ടന്‍. പിടിക്കപ്പെട്ടാല്‍ കാത്തിരിക്കുന്നത് ജയിലാണ്.
ബൈജുവിന്റെ സഹോദരനും കുടുക്കില്‍
ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ സഹോദരനും ബൈജൂസിന്റെ ഡയറക്ടറുമായ റിജു രവീന്ദ്രനെ നേരിട്ട് ഉന്നമിടുന്നതാണ് 53.3 കോടി ഡോളര്‍ മരവിപ്പിച്ച് നിറുത്താനുള്ള കോടതി തീരുമാനം. റിജു രവീന്ദ്രനാണ് ഹെഡ്ജ് ഫണ്ട് വഴി തുക വിദേശത്തേക്ക് മാറ്റിയതെന്നാണ് സൂചനകള്‍.
അമേരിക്കന്‍ വായ്പാദാതാക്കള്‍ക്ക് 120 കോടി ഡോളറിന്റെ കടം (ഏകദേശം 10,000 കോടി രൂപ) ബൈജൂസ് വീട്ടാനുണ്ട്. തിരിച്ചടവില്‍ വീഴ്ച വന്നതോടെ ബൈജൂസിന്റെ അമേരിക്കന്‍ ഉപസ്ഥാപനമായ ആല്‍ഫയുടെ നിയന്ത്രണം വായ്പാദാതാക്കള്‍ ഏറ്റെടുത്തിരുന്നു. ആല്‍ഫയാകട്ടെ 'പാപ്പരത്ത അപേക്ഷ'യുമായി കോടതിയെയും സമീപിച്ചു.
ഇതിനിടെ 53.3 കോടി ഡോളര്‍ ബൈജൂസ് രഹസ്യമായി ഹെഡ്ജ് ഫണ്ടിലേക്ക് മാറ്റിയെന്നും വായ്പയുടെ വീണ്ടെടുക്കലിന്റെ ഭാഗമായി ഈ തുക പിടിച്ചെടുത്ത് നല്‍കണമെന്നും വായ്പാദാതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടു.
പണം ഉപകമ്പനിയിലേക്കാണ് മാറ്റിയതെന്നും ഒളിപ്പിച്ചതല്ലെന്നും വായ്പാദാതാക്കള്‍ അനാവശ്യ കടുംപിടിത്തമാണ് കാട്ടുന്നതെന്നും ബൈജൂസ് വാദിച്ചിട്ടുണ്ട്. അതേസമയം, 53.3 കോടി ഡോളര്‍ കണ്ടെത്തി ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിന് പകരം മരവിപ്പിക്കാന്‍ ഉത്തരവിട്ട കോടതിയുടെ നടപടി വായ്പാദാതാക്കള്‍ക്ക് ഭാഗിക ആശ്വാസം മാത്രമാണ് നല്‍കുന്നത്.
ഫണ്ട് മാനേജര്‍ ജയിലിലേക്ക്
ബൈജൂസിനെ 53.3 കോടി ഡോളര്‍ 'ഒളിപ്പിക്കാന്‍' സഹായിച്ച ഫണ്ട് മാനേജര്‍ വില്യം സി. മോര്‍ട്ടന്‍ അമേരിക്കയില്‍ നിന്ന് മുങ്ങിയിരുന്നു. നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ അസുഖമാണെന്നും വിദേശത്ത് ആശുപത്രിയില്‍ ചികിത്സയിലാണെന്നും മോര്‍ട്ടന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, ആശുപത്രിയിലാണെന്നതിനുള്ള തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല.
വീട്ടുമേല്‍വിലാസമോ ഫോണ്‍ നമ്പറോ സമര്‍പ്പിക്കാനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മോര്‍ട്ടനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ഉത്തരവ് പാലിക്കാന്‍ വൈകുന്ന ഓരോ ദിവസവും മോര്‍ട്ടനും കാംഷാഫ്റ്റിനും 10,000 ഡോളര്‍ (8.30 ലക്ഷം രൂപ) വീതം പിഴ ഈടാക്കുമെന്നും ജഡ്ജി പറഞ്ഞു. ഈ പിഴ ഒടുക്കാനുള്ള ശേഷി മോര്‍ട്ടനുണ്ടെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it