

ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമിയെ ട്രംപ് ഭരണകൂടം കരിമ്പട്ടികയില്‍ പെടുത്തി. ''കമ്മ്യൂണിസ്റ്റ് ചൈനീസ് മിലിട്ടറി കമ്പനി''യെന്ന് സൂചിപ്പിച്ചാണ് ഭരണകൂടം ഷവോമിയെ കരിമ്പട്ടികയില്‍ പെടുത്തിയത്. ഇത് നവംബര്‍ മുതല്‍ ട്രംപ് അഡ്മിനിസ്‌ട്രേഷന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളിലൊന്നായി കണക്കാക്കും. ചൈനയിലെ രണ്ടാമത്തെ മൊബൈല്‍ നിര്‍മാതാക്കളാണ് ഷവോമി. അതേസമയം അമേരിക്കയുടെ ഈ നടപടി ഓഹരി വിപണിയിലും ഷവോമിക്ക് തിരിച്ചടിയായി. ഹോങ്കോംഗ് വിപണിയില്‍ 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഷവോമിയില്‍ നിക്ഷേപിച്ച യുഎസ് നിക്ഷേപകര്‍ വര്‍ഷാവസാനത്തോടെ പിന്‍വാങ്ങണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഎസിലെയും വിദേശത്തെയും പൊതു സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ യുഎസ് നിക്ഷേപകര്‍ക്ക് സെക്യൂരിറ്റികള്‍ വില്‍ക്കുന്നതിലൂടെ ചൈന അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുകയും യു.എസ് നിക്ഷേപകരെ ചൂഷണം ചെയ്യുകയാണെന്നും എക്‌സിക്യുട്ടിവ് ഉത്തരവില്‍ പറയുന്നു.
ഷവോമിയെ കൂടാതെ ഹുവായിയെയും കരിമ്പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ ഒന്‍പത് ചൈനീസ് കമ്പനികളെയാണ് അമേരിക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബൈഡന്‍ അധികാരമേല്‍ക്കാന്‍ ഒരാഴ്ച്ച ശേഷിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. അതിനാല്‍ തന്നെ ഉത്തരവ് അസാധുവാക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഏതാണ്ട് പത്ത് വര്‍ഷം മുന്‍പാണ് ചൈനീസ് കോടീശ്വരന്‍ ലീ ജുന്‍ സഹസ്ഥാപകനായി ഷവോമി സ്ഥാപിതമായത്. എന്നാല്‍ അമേരിക്കയുടെ ഈ നടപടിയെ കുറിച്ച് ഷവോമിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ വന്നിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine