കൊഞ്ചിനും കൂന്തലിനും ട്രംപിന്റെ ബിഗ്‌ചെക്! കേരളത്തിലെ 20 ലക്ഷത്തോളം തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക്, സമുദ്രോല്‍പന്ന കയറ്റുമതിയില്‍ ഇളവിനായി കേന്ദ്ര ഇടപെടലിന് സമ്മര്‍ദം

ഹ്രസ്വകാലത്തേക്ക് ട്രംപിന്റെ പ്രഖ്യാപനം സ്വാധീനിക്കുമെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഗുണകരമായി മാറുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്‌
കൊഞ്ചിനും കൂന്തലിനും ട്രംപിന്റെ ബിഗ്‌ചെക്! കേരളത്തിലെ 20 ലക്ഷത്തോളം തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക്, സമുദ്രോല്‍പന്ന കയറ്റുമതിയില്‍ ഇളവിനായി കേന്ദ്ര ഇടപെടലിന് സമ്മര്‍ദം
Published on

രാജ്യത്തെ 60,000 കോടിയിലധികം മൂല്യം വരുന്ന സമുദ്രോത്പന്ന കയറ്റുമതി രംഗത്ത് ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 25 ശതമാനം കയറ്റുമതി തീരുവ പ്രഖ്യാപനം. യു.എസ് ഇറക്കുമതിക്കാര്‍ ഈ നിരക്ക് വര്‍ധനയുടെ ഭാരം ഇന്ത്യന്‍ കമ്പനികളിലേക്ക് തന്നെ ചുമത്തുകയും ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നാണ് ഇന്‍ഡസ്ട്രി നിരീക്ഷകര്‍ പറയുന്നത്. ഇത് രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയേയും സ്വാധീനിക്കും.

നിലവില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 10% തീരുവയും 4.45% അമിത ഇറക്കുമതി പ്രതിരോധ തീരുവ (anti dumping duty)യും 5.8% സബ്‌സിഡിക്കെതിരായ തീരുവ (countervailing duty)യും നല്‍കണം. ഓഗസ്റ്റ് ഒന്നു മുതല്‍ 25 ശതമാനം നികുതി നടപ്പാക്കുമ്പോള്‍ നിലവിലെ താരിഫ് നിരക്കുകളില്‍ നിന്ന് 15 ശതമാനം അധിക നികുതികള്‍ കയറ്റുമതിക്കാര്‍ നല്‍കേണ്ടി വരും. ഇത്രയും ഉയര്‍ന്ന വര്‍ധന കയറ്റുമതിക്കാര്‍ക്ക് താങ്ങാനാകില്ലെന്നും 20 ദശലക്ഷത്തോളം ആളുകളെ ഇത് ബാധിക്കുമെന്നും സീഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ പറയുന്നു.

വിയറ്റ്‌നാം, ഇക്വഡോര്‍ തുടങ്ങിയ ഇന്ത്യയുടെ ഈ രംഗത്തെ എതിരാളികളുടെ നിരക്ക് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ ഇത് പറയുന്നത്. ഇക്വഡോറിന് 10 ശതമാനവും ഇന്‍ഡോനേഷ്യയ്ക്ക് 19 ശതമാനവും വിയറ്റ്‌നാമിന് 20 ശതമാനവുമാണ് നികുതി.

നിലവില്‍ 25 ശതമാനമാണ് ഇന്ത്യക്ക്‌ താരിഫ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റഷ്യയുമായുള്ള കൂട്ടികെട്ടിന് നല്‍കേണ്ട പലിശയെ കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. ഇതുകൂടിയാകുമ്പോള്‍ ചെമ്മീനിന് 45 ശതമാനം വരെ നികുതി ആകും. മറ്റ് സമുദ്രോത്പന്നങ്ങള്‍ക്ക് 36 ശതമാനവും. തൊഴിലാളി അധിഷ്ഠിത വ്യവസായമായതുകൊണ്ടു തന്നെ ഇത് വലിയ തോതില്‍ ബാധിക്കുമെന്ന് കേരള സീഫുഡ് അസോസിയേഷന്‍ റീജിയണല്‍ പ്രസിഡന്റ് പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.

കേരളത്തില്‍ 20 ലക്ഷം പേരെ ബാധിക്കും

കൂടുതല്‍ സ്ത്രീതൊഴിലാളികള്‍ തൊഴിലെടുക്കുന്ന മേഖലയാണിത്. 10 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാത അനുബന്ധമേഖലകളിലും പ്രോസസിംഗ്, പ്രീ പ്രോസസിംഗ് ജീവനക്കാരും ഉള്‍പ്പെടെ 20 ലക്ഷത്തോളം പേര്‍ കേരളത്തിലുണ്ട്. ഇവരെയെല്ലാം നേരിട്ട് ബാധിക്കുന്നതാണ് നീക്കം. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അസോസിയേഷന്‍ നിവേദനവും മറ്റും സമര്‍പ്പിച്ചിട്ടുമുണ്ട്. അടുത്ത ആഴ്ച ധനകാര്യ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്താനൂം ഒരുങ്ങുകയാണ്.

നിലവില്‍ യു.എസിലേക്ക് കയറ്റുമതി നടത്തുന്ന ചെമ്മീനിന്റെ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. മറ്റ് മത്സ്യ ഉത്പന്നങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇത് 50 ശതമാനമാകും. ഇത്തരമൊരു വലിയ വിപണിക്ക് പകരം കണ്ടെത്തുക അത്ര എളുപ്പമല്ലെന്നാണ് മംഗള മറൈന്‍ എക്‌സീം ഇന്ത്യയുടെ ഉടമ കൂടിയായ പ്രേമചന്ദ്ര ഭട്ട് പറയുന്നത്.

ഇന്ത്യയില്‍ നിന്നുള്ള കടല്‍ ചെമ്മീന്‍ 2018 മുതല്‍ യു.എസ് നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിന് ഇപ്പോള്‍ വലിയ വിലയും കിട്ടുന്നില്ല. ജപ്പാനിലേക്കും യൂറോപ്പിലുമൊക്കെ കുറഞ്ഞ വിലയ്ക്ക് കയറ്റുമതി നടത്തേണ്ടി വരുന്നുണ്ട്. കയറ്റുമതി ആവശ്യം ഉണ്ടായാലാണ് കൂടുതല്‍ വില ലഭിക്കുക. മികച്ച വില, ഡിമാന്‍ഡ്, ലോജ്‌സ്റ്റിക്‌സ് സൗകര്യങ്ങള്‍ എന്നിവയെല്ലാമാണ് യു.എസ് വിപണിയെ ആകര്‍ഷകമാക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള കൂന്തല്‍, നീരാളി, മീന്‍ എന്നിവയ്ക്കും ഇപ്പോള്‍ യു.എസില്‍ നല്ല ഡിമാന്‍ഡുണ്ട്. ഈ സാഹചര്യത്തില്‍ താരിഫ് വര്‍ധന വ്യവസായത്തെ മൊത്തം ബാധിക്കും. കേരളത്തില്‍ നിന്നുള്ള കൊഞ്ച് കൂടുതല്‍ ഉത്പാദനം നടക്കുന്നത് ആന്ധ്രകേന്ദ്രീകരിച്ചാണ്. പല കേരള കമ്പനികളും അവിടെ കമ്പനികള്‍ ഏറ്റെടുത്തോ അല്ലെങ്കില്‍ മെര്‍ച്ചന്റ് എക്‌സ്‌പോര്‍ട്ടറായോ നിന്നുകൊണ്ടാണ് കയറ്റുമതി നടത്തുന്നത്. ആന്ധ്രയില്‍ നിന്നുള്ള കയറ്റുമതിയുടെ 70-80 ശതമാനവും യു.എസിലേക്കാണ്.

വില പേശാന്‍ മറ്റ് വിപണികളും

യു.എസിലേക്ക് കയറ്റുമതി നടത്താത്തവരെ പോലും ട്രംപിന്റെ നീക്കം ബാധിക്കുമെന്നാണ് പ്രേമചന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടുന്നത്. കാരണം യു.എസ് ഉയര്‍ന്ന നികുതി ഈടാക്കുമ്പോള്‍ ചൈനയും മറ്റ് രാജ്യങ്ങളും വില കുറച്ച് സ്‌റ്റോക്ക് ആവശ്യപ്പെടാന്‍ തുടങ്ങും. നിലവില്‍ കയറ്റി അയച്ച കണ്ടെയ്‌നറുകളില്‍ പോലും വില കുറയ്‌ക്കേണ്ട അവസ്ഥ വന്നേക്കാം. അത്തരം റിസക് ഫാക്ടറും നിലനില്‍ക്കുന്നുണ്ട്.

തത്കാലം വ്യാപാരം പിടിച്ചു നിര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളുമായി സംസാരിച്ച് പിന്തുണ കൊടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. റിസര്‍വ് ബാങ്ക് ഈ മേഖലയെ നെഗറ്റീവിലാണെന്ന് പരമാര്‍ശിച്ചത് ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

2015ല്‍ വെറും15,000 കോടിയായിരുന്നു ഈ മേഖലയുടെ വരുമാനം. 10 വര്‍ഷം കൊണ്ട് 800 ശതമാനം വളര്‍ച്ച കാഴ്ചവച്ച് 68,000 കോടി രൂപ വരെ എത്തി. എന്നാല്‍ അതിനനുസരിച്ചുള്ള സാമ്പത്തിക പിന്തുണ ബാങ്കുകള്‍ നല്‍കുന്നില്ല എന്നും സംഘടന ആരോപിക്കുന്നു. പുതുതായി വരുന്ന കമ്പനികള്‍ക്ക് സബ്‌സിഡിയും മറ്റും നല്‍കുന്നുണ്ടെങ്കിലും നിലവിലുള്ളവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കാത്തതും ഈ മേഖലയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഇന്ത്യയുടെ വനാമി ചെമ്മീന്‍ ഉള്‍പ്പെടെയുള്ളവയോട് നിലവില്‍ കിടപിടിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇനി അവ എത്തിച്ചാല്‍ തന്നെയും കൂടുതല്‍ ചെലവേറും. ഇതാണ് നമുക്ക് ആകെ ഗുണകരമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ബാധിക്കുക അമേരിക്കക്കാരെ

ഹ്രസ്വകാലത്തേക്ക് ട്രംപിന്റെ പ്രഖ്യാപനം സ്വാധീനിക്കുമെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഗുണകരമായി മാറുമെന്ന അഭിപ്രായമാണ് കേരളത്തില്‍ നിന്നുള്ള പ്രമുഖ സമുദ്രോത്പന്ന കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സിന്റെ സി.ഇ.ഒ ലാല്‍ബെര്‍ട്ട് ചെറിയാന്‍ പങ്കുവയ്ക്കന്നത്.

യു.എസ് ഒരു കാലത്ത് ചെമ്മീന്‍ കയറ്റുമതിയില്‍ വളരെ മുന്നിലായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മറ്റു നിരവധി വിപണികള്‍ ഇന്ത്യയ്ക്ക് മുന്നില്‍ തുറന്നുകിട്ടി. യുറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും ആനുപാതികമായി വര്‍ധിച്ചു. ഇത് യു.എസിലേക്കുള്ള കയറ്റുമതിയില്‍ കുറവു വരുത്തുകയും ചെയ്തു. ഇതിനൊപ്പം രാജ്യത്തെ ആഭ്യന്തര വിപണിയും ശക്തമാണ്. മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി പ്രീമിയം ഉത്പന്നങ്ങളാക്കിയാണ് ചെമ്മീനും മറ്റും കയറ്റുമതി ചെയ്യുന്നത്. അതുകൊണ്ട് ഇവിടുത്തെ കയറ്റുമതിക്കാര്‍ക്ക് മുന്നില്‍ കൂടുതല്‍ അവസരങ്ങളുണ്ട്. ചൈന, യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കാണ് ഡിമാന്‍ഡ്.

അതുകൊണ്ട് അമേരിക്കന്‍ ഉപയോക്താക്കളെയാകും 25 ശതമാനം താരിഫ് യഥാര്‍ത്ഥത്തില്‍ ബാധിക്കുക. ഇറക്കുമതി ചെലവ് ഉയര്‍ത്തുകയും ചില്ലറ വിലകള്‍ ഉയരാനിടയാക്കുകയും ചെയ്യും. യു.എസിന്റെ മുഖ്യ ഇറക്കുമതികളിലൊന്നാണ് ചെമ്മീന്‍. അതിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പറ്റാത്തതു കൊണ്ട് തന്നെ ഉയര്‍ന്ന വിലയിലും വാങ്ങാന്‍ ഇറക്കുമതിക്കാന്‍ നിര്‍ബന്ധിതരാകും. ഈ ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയും ചെയ്യുമെന്ന് ലാല്‍ബെര്‍ട്ട് ചെറിയാന്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com