
പകര ചുങ്കത്തിന് കോടതിയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ അമേരിക്കയുടെ വരുമാനം കൂട്ടാന്‍ മറുമരുന്നുമായി പ്രസിഡന്റ് ട്രംപ്. അമേരിക്കയിലേക്ക് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും നികുതി ഇരട്ടിയാക്കുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ട്രംപ് ഏകപക്ഷീകമായി പ്രഖ്യാപിച്ച പകര ചുങ്ക ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതാണ് സ്റ്റീലും അലുമിനിയവും. ഇവയുടെ നികുതി വര്‍ധിപ്പിക്കുന്നതില്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി ഇടപെട്ടിരുന്നില്ല. നിലവില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതിയാണുള്ളത്. അമേരിക്കയിലെ മോണ്‍വാലിയിലെ പൊതുമേഖലാ സ്റ്റീല്‍ പ്ലാന്റ് സന്ദര്‍ശനത്തിനിടെയായിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം.
അമേരിക്കയില്‍ സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നു നില്‍ക്കുന്ന സമയത്താണ് ട്രംപ് ഇറക്കുമതി നികുതി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം 16 ശതമാനം വില വര്‍ധിച്ചു. നികുതി വര്‍ധിപ്പിക്കുന്നതോടെ വിദേശത്തു നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വില വീണ്ടും കൂടും. അതേസമയം, അമേരിക്കയില്‍ തന്നെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് വില പിടിച്ചു നിര്‍ത്താനും തദ്ദേശ കമ്പനികള്‍ക്ക് വളരാനുമാകും.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി താരതമ്യേന കുറവാണെങ്കിലും ഇന്ത്യന്‍ കമ്പനികളെയും കയറ്റുമതിക്കാരെയും ഇത് സമ്മര്‍ദ്ദത്തിലാക്കും. ഉയര്‍ന്ന വിലക്ക് വില്‍ക്കേണ്ടി വരുന്നതിനാല്‍ അമേരിക്കയിലെ ബിസിനസിന് മാന്ദ്യമുണ്ടാകുമെന്ന സൂചനയുണ്ട്. അമേരിക്കയെ വിട്ട് മറ്റു വിപണികള്‍ കണ്ടെത്തേണ്ടതായും വരാം.
മറ്റു രാജ്യങ്ങളും പുതിയ വിപണികള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി വര്‍ധിക്കും. ഇത് ഇന്ത്യന്‍ കമ്പനികളുടെ വില്‍പ്പനയില്‍ തിരിച്ചടിയുണ്ടാക്കുകയും ലാഭം കുറക്കുകയും ചെയ്യും. ഇന്ത്യയില്‍ സ്റ്റീല്‍ വില കുറയാനും ഇത് ഇടയാക്കാം.
അമേരിക്കയിലെ യുഎസ് സ്റ്റീലില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന പഴയ നിലപാടില്‍ നിന്ന് ട്രംപ് ചുവടുമാറ്റിയിട്ടുണ്ട്. നിപ്പോണ്‍ സ്റ്റീല്‍സ് നിക്ഷേപകരാകാന്‍ തയ്യാറായിട്ടുണ്ടെന്ന് ട്രംപ് വ്യക്തിമാക്കി. അമേരിക്കന്‍ സ്റ്റീല്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുമ്പോഴാണിത്. അതേസമയം, പൂര്‍ണമായ ഉടമസ്ഥാവകാശം നിപ്പോണ്‍ കമ്പനിക്ക് നല്‍കില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
പെന്‍സില്‍വാനിയ. ഇന്‍ഡ്യാന, അലബാമ, അര്‍ക്കന്‍സാസ് തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികളുടെ പ്ലാന്റുകളില്‍ നിക്ഷേപമിറക്കാനാണ് നിപ്പോണ്‍ താല്‍പര്യം കാണിച്ചിരിക്കുന്നത്. സഖ്യ സംരംഭത്തില്‍ എക്‌സിക്യൂട്ടീവ് നേതൃത്വം അമേരിക്കക്കായിരിക്കും. നിര്‍ണായക തീരുമാനങ്ങളില്‍ അമേരിക്കന്‍ സര്‍ക്കാരിന് വീറ്റോ അധികാരങ്ങളുമുള്ള കരാറാണ് തയ്യാറാക്കുന്നതെന്ന് വൈറ്റ് ഹൗസിന്റെ വിശദീകരണത്തില്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine