Begin typing your search above and press return to search.
യൂസ്ഡ് കാര്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്ലകാലം, ഒരു യൂണികോണ്‍ കൂടി; സ്പിന്നി
രാജ്യത്തെ യൂണികോണുകളുടെ പട്ടികയില്‍ ഇടംനേടി യൂസ്ഡ് കാര്‍ പ്ലാറ്റ്‌ഫോം സ്പിന്നി. സീരീസ് ഇ ഫണ്ടിംഗിലൂടെ 283 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണ് സ്പിന്നി യൂണികോണ്‍ കമ്പനിയായത്. 1.8 ബില്യണ്‍ ഡോളറാണ് സ്പിന്നിയുടെ നിലവിലെ മൂല്യം. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഫണ്ടിംഗില്‍ 350 മില്യണ്‍ ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു. 2021ല്‍ ഇതുവരെ രാജ്യത്ത് 39 കമ്പനികളാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇടം നേടിയത്.
ഐഐടി-ഡല്‍ഹിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ നീരജ് സിംഗ് 2015ല്‍ ആണ് സ്പിന്നി ആരംഭിക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രീമിയം സേവനങ്ങള്‍ നല്‍കുകയായിരുന്നു ലക്ഷ്യം. മുഖ്യ ഉപഭോക്താക്കളായി സ്പിന്നി കണ്ടത് ആദ്യമായി ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ യുവാക്കളെയാണ്.
വാതില്‍പ്പടി സേവനങ്ങള്‍ ഉള്‍പ്പടെ നല്‍കുന്ന കമ്പനിക്ക് ഇന്ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ ഉള്‍പ്പടെ 23 ഓളം കാര്‍ ഹബ്ബുകളുണ്ട്. കേരളത്തിലെ ആദ്യ ഹബ്ബ് കൊച്ചിയില്‍ തുറക്കാനിരിക്കെയാണ് പുതിയ നേട്ടം.
2021ല്‍ ഇതുവരെ 300 മില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് സ്പിന്നി.കോം എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നത്. മുന്‍വര്‍ഷത്തെക്കാള്‍ 5 ഇരട്ടിയുടെ വര്‍ധനവാണ് ഉണ്ടായത്. നവംബറില്‍ മാത്രം 3500 പഴയ കാറുകളാണ് വിറ്റത്. ഈ വര്‍ഷം വില്‍പ്പന 85000-90,000ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022ല്‍ ഒരു ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. സമാഹരിച്ച പണം ഉപയോഗിച്ച് പുതിയ കമ്പനികളൊന്നും ഏറ്റെടുക്കില്ലെന്ന് നീരജ് സിംഗ് അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോമുമായി ചേര്‍ക്കാന്‍ കഴിയുന്ന നല്ല ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി. നിലവിലെ സേവനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും.
നാലാം യൂണികോണ്‍
യൂസ്ഡ് കാര്‍ വിപണിയിലെ നാലാമത്തെ യൂണികോണാണ് സ്പിന്നി. കാര്‍ഡ് 24 (2020), ഡ്രൂം (2021), കാര്‍ദേഖോ(2021) എന്നിവരാണ് ഈ മേഖലയിലെ മറ്റ് യൂണികോണ്‍ കമ്പനികള്‍. ഇന്‍പുട്ട് കോസ്റ്റ് വര്‍ധിച്ചത് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം കാര്‍വില ഉയര്‍ത്തിയത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്.
Next Story
Videos