

ഇലോണ്‍ മസ്‌ക് (Elone Musk) ഉടമസ്ഥാവകാശം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ട്വിറ്റര്‍ (Twitter) ഉപഭോക്താക്കളുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. ട്വിറ്ററിലൂടെ മസ്‌ക് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേ സമയം പ്ലാറ്റ്ഫോം ഉപഭോക്താക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകളൊന്നും മസ്‌ക് പങ്കുവെച്ചില്ല.
ട്വിറ്റര്‍ മസ്‌കിന്റെ കൈയ്യിലെത്തിയ ശേഷം പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം (Monetisable daily users) 20 ശതമാനത്തിലധികം വര്‍ധിച്ചെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. പരസ്യദാതാക്കളുമായുള്ള ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ സെയില്‍സ് ടീമിന് ട്വിറ്റര്‍ കൈമാറിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ദി വെര്‍ജിന്റെ റിപ്പോര്‍ട്ട്.
ട്വിറ്റര്‍ ബ്ലൂവിന് 8 യുഎസ് ഡോളര്‍ ഈടാക്കാനുള്ള തീരുമാനം നിലവിലുള്ള വെരിഫൈഡ് അക്കൗണ്ടുകളെ ബാധിച്ചേക്കില്ല. പുതുതായി അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പണം നല്‍കേണ്ടി വരുകയെന്നും ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ട്വിറ്റര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എല്ലാ വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നും പണം ഈടാക്കാനാണ് നേരത്തെ ട്വിറ്റര്‍ തീരുമാനിച്ചിരുന്നത്.
അതേ സമയം ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനി ടെസ്‌ലയിലെ 19.5 മില്യണ്‍ ഓഹരികള്‍കൂടി കഴിഞ്ഞ ദിവസങ്ങളില്‍ ഇലോണ്‍ മസ്‌ക് വിറ്റു. 3.95 ബില്യണ്‍ ഡോളറോളം ആണ് ഈ ഓഹരികളുടെ മൂല്യം. ഓഗസ്റ്റിന് ശേഷം ഇത് ആദ്യമായാണ് മസ്‌ക് ടെസ്‌ലയിലെ ഓഹരികള്‍ വില്‍ക്കുന്നത്. ഇനി ടെസ്‌ല ഓഹരികള്‍ വില്‍ക്കില്ലെന്ന് മസ്‌ക് അറിയിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine