ഫോബ്‌സ് ഏഷ്യ ബെസ്റ്റ് ലിസ്റ്റിന്റെ മുന്‍നിരയില്‍ വി-ഗാര്‍ഡും !

കോവിഡ് പ്രതിസന്ധി കാലത്തും നേട്ടത്തിന്റെ തിളക്കവുമായി വീണ്ടും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 'ഫോബ്‌സ് ഏഷ്യ ബെസ്റ്റ് കമ്പനീസ് അണ്ടര്‍ എ ബില്യണ്‍ 2021' ലിസ്റ്റിലാണ് വി-ഗാര്‍ഡ് ഇടം നേടിയത്. ഏഷ്യയിലെ തന്നെ ലിസ്റ്റ് ചെയ്ത 20000 കമ്പനികളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 200 കമ്പനികളുടെ മുന്‍നിരയിലാണ് വി-ഗാര്‍ഡ്്.

വിറ്റുവരവില്‍ 10 ദശലക്ഷം ഡോളറിന് മുകളില്‍ ഒരു ലക്ഷം കോടി ഡോളര്‍ വരെ നേടിയ ഏഷ്യയിലെ 20,000 പബ്ലിക് ലിസ്റ്റഡ് ചേറുകിട-ഇടത്തരം കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും മികച്ചതായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് 26 കമ്പനികളാണ്, ഇതില്‍ മുന്‍ നിരയില്‍ തന്നെയാണ് വി-ഗാര്‍ഡ് എത്തിയത്. 1,487 മില്യണ്‍ ഡോളറാണ് വി-ഗാര്‍ഡിന്റെ വിറ്റുവരവ്.

സെയ്ല്‍സ് ഫിഗേഴ്‌സ് മാത്രമല്ല, അടിമുടിയുള്ള വളര്‍ച്ച പരിഗണിച്ചാണ് ഈ കമ്പനികളെ ഫോബ്‌സ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിസന്ധിയുടെ കാലഘട്ടത്തിലും വി-ഗാര്‍ഡ് കാഴ്ച വയ്ക്കുന്ന മികച്ച പ്രകടനവും സുസ്ഥിരവളര്‍ച്ചയുമാണ് കമ്പനിയെ ഏഷ്യയിലെ 17 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച കമ്പനികളില്‍ മുന്‍നിരക്കാരാക്കിയത്.

വിറ്റുവരവ്, കടം, ഓഹരികളുടെ വളര്‍ച്ച, അഞ്ച് വര്‍ഷം കൊണ്ട് ഓഹരിയില്‍ നിന്നും നല്‍കുന്ന നേട്ടം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര പ്രകടനം തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ഏഷ്യയിലെ തന്നെ മുന്‍പന്തിയിലുള്ള കമ്പനികളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

'ഈ കമ്പനികളുടെ വില്‍പ്പനാ സൂചിക, ആഗോള പ്രതിസന്ധിയെ അതിജീവിക്കാന്‍ എത്രമാത്രമാണ് ഇവര്‍ പരിശ്രമിച്ചത് എന്നതിനുള്ള തെളിവ് കൂടിയാണ്''. ഫോബ്‌സ് ഏഷ്യ പറയുന്നു.

വി-ഗാര്‍ഡിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങള്‍ക്കിടയിലേക്ക് വന്ന മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ഈ ഫോബ്‌സ് ഏഷ്യ ലിസ്റ്റിംഗും. ജൂലൈയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വി-ഗാര്‍ഡ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1000 മുതല്‍ 10,000 വരെ ജീവനക്കാരുള്ള രാജ്യത്തെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായിട്ടാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it