വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് ലാഭത്തില്‍ വന്‍ കുതിപ്പ്, ഓഹരിയിലും മുന്നേറ്റം
കൊച്ചി ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദമായ ഏപ്രില്‍-ജൂണില്‍ 98.97 കോടി രൂപയുടെ സംയോജിത ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 64 കോടി രൂപയേക്കാള്‍ 55 ശതമാനം അധികമാണിത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 76.17 കോടി രൂപയേക്കാളും ലാഭം മികച്ച തോതില്‍ ഉയര്‍ത്താന്‍ വി-ഗാര്‍ഡിന് സാധിച്ചു.
മാതൃകമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഉപകമ്പനികളാണ് വി-ഗാര്‍ഡ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഗട്‌സ് ഇലക്ട്രോ മെക്ക്, സണ്‍ഫ്‌ളെയിം, അസോസിയേറ്റ് കമ്പനിയായ ഗെഗാഡിന്‍ എനര്‍ജി ലാബ്‌സ് എന്നിവയുടെ സംയോജിത പ്രവര്‍ത്തന ഫലമാണിത്.
പ്രവര്‍ത്തന കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ചെറിയാന്‍ എന്‍.പുന്നൂസ്, സി.ജെ ജോര്‍ജ്, ഉല്ലാസ് കെ. കമ്മത്ത് എന്നിവര്‍ സ്ഥാനമൊഴിഞ്ഞു. പുതിയ ചെയര്‍പേഴ്‌സണായി രാധ ഉണ്ണിയെ നിയമിച്ചു.