

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിങ്ങ് സെന്ററുകളുടെയും റീട്ടെയ്ൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിങ്ങ് സെന്റേർസ് ആൻഡ് റീട്ടെയ്ലേർസ് (MESCR), മിന മേഖലയിലെ റീട്ടെയ്ൽ പ്രൊഫഷണൽ ഓഫ് ദി ഇയർ ആയി വി. നന്ദകുമാറിനെ തെരഞ്ഞെടുത്തു. ദുബായിൽ നടന്ന റീട്ടെയ്ൽ കോൺഗ്രസ് മിന 2025ലായിരുന്നു പ്രഖ്യാപനം. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറാണ്.
25 വർഷത്തിലേറെയായി മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് രംഗത്തെ മുഖമാണ് അദ്ദേഹം. റീട്ടെയ്ൽ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും ഭാഗമായ റീട്ടെയ്ൽ കോൺഗ്രസ് 2025 നൽകുന്ന ഈ അംഗീകാരം ഏറെ വിലപ്പെട്ടതാണെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജമേകുന്നതാണെന്നും വി. നന്ദകുമാർ പ്രതികരിച്ചു.
25 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിനൊപ്പമുള്ള നന്ദകുമാർ ചെയർമാൻ എം.എ യൂസഫലിക്കൊപ്പം ലുലു എന്ന ബ്രാൻഡ് ബിൽഡ് ചെയ്തവരിൽ പ്രധാന പങ്കാണ് വഹിച്ചത്. ലുലു ഗ്രൂപ്പിന്റെ 24 രാജ്യങ്ങളിലേറെയുള്ള 300ലധികം പ്രൊഫഷണലുകളെ നയിക്കുന്ന നന്ദകുമാർ ഗൾഫ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള കമ്മ്യൂണിക്കേഷൻ പ്രൊഫഷണലാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച മാർക്കറ്റിങ്ങ് പ്രൊഫഷണലായി ഫോബ്സ് മാസികയും ഖലീജ് ടൈസും വി. നന്ദകുമാറിനെ തിരഞ്ഞെടുത്തിരുന്നു.
എം.ഇ.എസ്.സി.ആർ റീട്ടെയ്ൽ കോൺഗ്രസ് 2025ൽ ലുലു ഗ്രൂപ്പിനെ കൂടാതെ മാജിദ് അൽ ഫുതൈം, എമാര്‍ മാൾസ്, ലാന്‍ഡ്‌മാര്‍ക്ക് ഗ്രൂപ്പ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളെ ആദരിച്ചു. മിന മേഖലയുടെ മാറുന്ന റീട്ടെയ്ൽ രീതികളും ഷോപ്പിങ്ങ് ശൈലികളും വെല്ലുവിളികളും റീട്ടെയ്ൽ കോൺഗ്രസിൽ ചർച്ചയായി.
V. Nandakumar wins Retail Professional of the Year at Retail Congress MENA 2025 for his contributions to the Lulu Group.
Read DhanamOnline in English
Subscribe to Dhanam Magazine