നിങ്ങളുടെ വണ്ടി പൊളിച്ചടുക്കണോ? ഉടന്‍ അറിയാം
പഴയ വാഹനങ്ങൾ ഉപേക്ഷിക്കുവാനുള്ള മാനദണ്ഡങ്ങൾ മൂന്നാഴ്ചയ്ക്കുള്ളിൽ പുറത്തുവിടാനൊരുങ്ങി ദേശീയ റോഡ് ഹൈവേ മന്ത്രാലയം. ധനമന്ത്രി ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതിയ വാഹന പൊളിക്കൽ (സ്ക്രാപ്പ്) നയമനുസരിച്ച് വാഹനങ്ങളുടെ ഫിറ്റ്നസ് നിർണയിക്കാനും പഴയ വാഹനങ്ങൾ സ്വമേധയാ ഉപേക്ഷിക്കാനുമുള്ള നയത്തിൻറെ മാനദണ്ഡങ്ങൾ കേന്ദ്രം പുറപ്പെടുവിക്കാൻ ഒരുങ്ങുന്നത്.
ദേശീയ റോഡ് ഹൈവേ ഗതാഗത മന്ത്രാലയത്തിന് കീഴിലാണ് പുതിയ മാനദണ്ഡങ്ങൾക്ക് രൂപം നൽകുന്നത്. പുതുക്കിയ വാഹനങ്ങളുടെ പുനർ രജിസ്ട്രേഷൻ ചാർജ്, ഫിറ്റ്നസ് ചാർജ്, ഫിറ്റ്നസ് നിയമങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരും. പഴയ വാഹനങ്ങൾ ഉപേക്ഷിക്കാനുള്ള പുതിയ മാനദണ്ഡങ്ങളായിരിക്കും ഇവ.
മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ റോഡിൽ നിന്ന് ഒഴിവാക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഫിറ്റ്നസ് നിയമങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതായി എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പഴയ വാഹനങ്ങൾ റോഡിൽ ഇറക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി, സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള ചെലവും,വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള ഫീസും വർധിപ്പിക്കുമെന്ന് നേരത്തെ എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
വാഹനങ്ങൾക്ക് ആദ്യത്തെ എട്ടു വർഷത്തിൽ രണ്ടു വർഷത്തിലൊരിക്കൽ ഫിറ്റ്നസ് പുതുക്കൽ പരിശോധനകൾ ആവശ്യമാണ്. വാണിജ്യ വാഹനങ്ങളിൽ ഗണ്യമായ വർധന കാണാൻ കഴിയുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷത്തിനുശേഷം ഫിറ്റ്നസ്സ് ടെസ്റ്റിന് വിധേയമായി വീണ്ടും രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്.
അടുത്ത രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ പുതിയ നയം പുറത്തുവരും. നിലവാരമില്ലാത്ത വാഹനങ്ങൾ സ്വയം ഉപേക്ഷിക്കാൻ ഊന്നൽ നൽകുന്ന നയം യോഗ്യതയില്ലാത്ത വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്ന കാര്യത്തിൽ ഇളവുകൾ നൽകില്ല എന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിർദിഷ്ട നിയമങ്ങളനുസരിച്ച് നിലവാരം കുറഞ്ഞ വാഹനങ്ങൾ കാലാവധി തീരുന്നതിനു മുമ്പേ ഒഴിവാക്കാം.
പുതിയ നയം മലിനീകരണം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ വാഹനങ്ങൾ ഉപേക്ഷിക്കാനും പുതിയതും കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ വാങ്ങുന്നതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യ്ന്നതിന് സർക്കാർ ആനുകൂല്യം നൽകുമോ എന്ന് വ്യക്തമല്ല. "ആനുകൂല്യങ്ങളെ കുറിച്ചുള്ള പ്രത്യേക നയം പിന്നീട് പ്രസിദ്ധീകരിക്കും" ഉദ്യോഗസ്ഥർ പറയുന്നു
ബഡ്ജറ്റിന് മുമ്പ് തന്നെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിത നികുതി രൂപത്തിൽ വിലക്കേർപ്പെടുത്താൻ ഗതാഗത മന്ത്രാലയം തീരുമാനിച്ചിരുന്നു.